Editors Desk

കോവിഡ് കാലത്തും തഴച്ചുവളരുന്ന ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയ അഥവാ ഇസ്‌ലാം ഭീതി എന്നത് ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും അത്തരം വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ അതിപ്പോഴും തഴച്ചുവളരുകയാണ്. ദിനംപ്രതിയെന്നോണം ഇത്തരം നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന വിവിധ സംഭവങ്ങളാണ് കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാമത്തേത് അമേരിക്കയിലും രണ്ടാമത്തേത് റഷ്യയിലുമാണ് നടന്നത്.

മിനസോട്ടയിലെ സ്റ്റാര്‍ബക്ക്‌സിന്റെ കോഫി ഷോപ്പില്‍ നിന്നും കോഫി ഓര്‍ഡര്‍ ചെയ്ത 19കാരിയായ അയിഷക്ക് ചായക്കപ്പില്‍ ഐസിസ് എന്ന് എഴുതി നല്‍കിയ സംഭവമാണത്. അയിഷയും സുഹൃത്തും മിനസോട്ടയിലെ സെന്റ് പോള്‍ സ്റ്റാര്‍ബക്ക്‌സിലെ സ്റ്റോറിലെത്തുകയും കോഫി ഓര്‍ഡര്‍ ചെയ്യുകയുമായിരുന്നു. ഓര്‍ഡര്‍ നല്‍കുമ്പോള്‍ പേര് നല്‍കുന്ന സമയത്ത് ജീവനക്കാരന്‍ കപ്പില്‍ എന്തോ എഴുതുന്നുണ്ടായിരുന്നു. പിന്നീട് കോഫി നല്‍കിയ സമയത്താണ് കപ്പില്‍ ഐസിസ് എന്ന് എഴുതിയത് കണ്ടത്. ഇതിന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു. ഹിജാബ് ധാരിയായിരുന്നു അയിഷ. പിന്നീട് യു.എസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സി.എ.ഐ.ആര്‍ അടക്കം സംഭവത്തെ അപലപിച്ച് രംഗത്തുവരികയും സ്റ്റാര്‍ബക്‌സിനെതിരെ പരാതി നല്‍കുകയും ചെയ്തു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തൊഴിലാളികള്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ അയിഷയോട് ക്ഷമാപണം ചോദിച്ച് കമ്പനി രംഗത്തെത്തി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ ധാരാളം നടക്കാറുണ്ടെന്ന് അവിടങ്ങളിലെ ഇസ്ലാമോഫോബിയ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും. ഇവയൊന്നും അബദ്ധത്തില്‍ സംഭവിക്കുന്നതല്ലെന്നും ഇസ്‌ലാം മതവിശ്വാസികളോട് ഇതര മതസ്ഥര്‍ വെച്ചുപുലര്‍ത്തുന്ന വിദ്വേഷ മനോഭാവത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കാന്‍ ചെറിയ ബുദ്ധി മതി.

Also read: എന്റെ ശരീരം എന്റേതാണോ?

രണ്ടാമത്തെ സംഭവം റഷ്യയിലാണ്. പര്‍ദ്ദ ധരിച്ച മുസ്‌ലിം സത്രീ തന്റെ മക്കളുമൊത്ത് പാര്‍ക്കിലൂടെ നടന്നു നീങ്ങുമ്പോള്‍ ഒരു യുവാവ് വന്ന് അവരെ ചവിട്ടിത്തെറിപ്പിക്കുന്നതാണ് സംഭവം. കുട്ടികള്‍ കരയുമ്പോഴും യുവാവ് വീണ്ടും സ്ത്രീയെ ആക്രമിക്കുന്നുണ്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ മുസ്ലിം നാമധാരികളോടും വേഷധാരികളോടും വെച്ചുപുലര്‍ത്തുന്ന വര്‍ഗ്ഗീയതയും വംശീയതയുമാണ് രണ്ട് സംഭവങ്ങളിലും എടുത്ത് കാണിക്കുന്നത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവും അതിനോടനുബന്ധിച്ച് അമേരിക്കയില്‍ നടന്ന അലയൊലികളിലുമെല്ലാം ഈ ചിന്താഗതി മുഴച്ചു തന്നെ നിലനില്‍ക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും റസ്‌റ്റോറന്റുകളിലും ബീച്ചിലും പാര്‍ക്കിലും മാളിലുമെല്ലാം ഇത്തരത്തില്‍ ഇസ്ലാമോഫോബിയ വിവിധങ്ങളായ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തും ഇത്തരക്കാരുടെ ചിന്താഗതി ഒരു പടി പോലും പിറകോട്ട് പോയില്ല എന്നു തന്നെയാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

Facebook Comments
Related Articles
Close
Close