Current Date

Search
Close this search box.
Search
Close this search box.

കായിക രംഗത്തെ ഇസ്‌ലാമോഫോബിയ

ആഗോളതലത്തില്‍ ഇസ്ലാമോഫോബിയ (ഇസ്‌ലാം ഭീതി) ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെയായി. സമൂഹത്തിലെ സമസ്ത മേഖലയിലും പിഴുതെറിയാന്‍ പറ്റാത്ത വിധം ഇസ്‌ലാം ഭീതി ആഴത്തില്‍ വേരാഴ്ത്തിയിട്ടുണ്ട്. ഇതിനായി വിവിധ തീവ്രവംശീയ വാദികളും വലതുപക്ഷ രാഷ്ട്രീയ ശക്തികളും നാസ്തികത വാദികളും ഒറ്റക്കെട്ടായി പണിയെടുക്കുന്നുമുണ്ട്. ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ കായിക വിനോദങ്ങളായ ഫുട്‌ബോളിലും ക്രിക്കറ്റിലുമെല്ലാം ഇസ്ലാമോഫോബിയ നിറഞ്ഞാടുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവന്നുകൊണ്ടിരുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ നിന്നാണ്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന വസീം ജാഫറിനു നേരെയാണ് വര്‍ഗ്ഗീയത പടര്‍ത്തുന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായത്. ടീമില്‍ അനര്‍ഹരെ തിരുകികയറ്റാന്‍ അസോസിയേഷനില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും ഇക്കാര്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറി വ്യാപകമായ ഇടപെടല്‍ നടത്തുന്നുവെന്നും ആരോപിച്ച് വസീം രാജിക്കൊരുങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വസീം ടീമംഗങ്ങളുടെ ഡ്രസ്സിങ് റൂമിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും മുസ്‌ലിം താരങ്ങളെ ടീമില്‍ അനര്‍ഹമായി തിരുകികയറ്റുകയും മുസ്ലിംകള്‍ക്ക് ടീമില്‍ മുന്‍ഗണന നല്‍കുന്നു എന്നൊക്കെയും ആരോപിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മാഹിം വര്‍മയും മറുഭാഗത്ത് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വര്‍ഗ്ഗീയമാനം കൈവന്നത്. പരിശീലക സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. വിവാദം കനത്തതോടെ മറുപടിയുമായി വസീമും രംഗത്തെത്തിയിരുന്നു.

രാജിക്കെതിരെ ഉയര്‍ന്ന വര്‍ഗ്ഗീയതയില്‍ കടുത്ത വിഷമമുണ്ട്. തന്നെ വര്‍ഗ്ഗീയവാദിയാക്കി ചിത്രീകരിച്ച് വിഷയത്തെ വര്‍ഗ്ഗീയമാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല, അങ്ങിനെ ഒരു പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ രാജിവെക്കുന്നതിന് മുന്‍പ് തന്നെ എന്നെ അസോസിയേഷന്‍ പിരിച്ചുവിടുമായിരുന്നുവെന്നും വസീം പറഞ്ഞു. ഇതോടെ അവസാനിച്ചില്ല വിവാദം. വീണ്ടും ആരോപണങ്ങളുമായി സെക്രട്ടറി രംഗത്തെത്തി. താരങ്ങള്‍ ഹനുമാന്‍ ശ്ലോകം ചൊല്ലുന്നതിനെ വസീം എതിര്‍ത്തുവെന്നും പരിശീലനത്തിനിടെ മൗലവിയെ വിളിച്ചുവരുത്തി ഇത് തടഞ്ഞെന്നും വര്‍മ ആരോപിച്ചു. എന്നാല്‍ താരങ്ങള്‍ സ്ഥിരമായി ഒരു ശ്ലോകവും ചൊല്ലാറില്ലന്നും ഈ ആരോപണം ശരിയല്ലെന്നും വസീം ജാഫര്‍ പറഞ്ഞു. ടീമിലെ സിഖുകാരായ അംഗങ്ങള്‍ ചില ശ്ലോകങ്ങള്‍ ചൊല്ലാറുണ്ടെന്നും അതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ടീമിനെ പ്രോത്സാഹിപ്പിക്കാനായി എല്ലാവര്‍ക്കും ഒരേ മുദ്രാവാക്യമെന്ന നിലയില്‍ ഗോ ഉത്തരാഖണ്ഡ് എന്ന് വിളിക്കാമെന്നാണ് താന്‍ നിര്‍ദേശിച്ചിരുന്നതെന്നും വസീം ജാഫര്‍ പറഞ്ഞു.

ടീം സെലക്ഷനില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെടുന്നത് ഇത് ആദ്യ സംഭവമല്ല. അതില്‍ അതൃപ്തിയുള്ള പരിശീലകള്‍ അസോസിയേഷനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവരാറുള്ളതും നിത്യസംഭവമാണ്. തങ്ങള്‍ക്ക് ഇംഗിതമായവരെ പ്രത്യേകമായി ടീമിലേക്ക് കതിരുകിക്കയറ്റുന്നതും പണവും പാരിതോഷികവും വാങ്ങി അനര്‍ഹര്‍ക്ക് ടീമില്‍ ഇടം നല്‍കുന്നതും മിക്ക കായിക രംഗങ്ങളിലും നാം കാണുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയാത്ത സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള പരീശീലകര്‍ ഇക്കാര്യം തുറന്നെതിര്‍ക്കുകയും രാജിവെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇത്തരം ആരോപണണങ്ങളെ വര്‍ഗ്ഗീയമായും വംശീയമായും ചിത്രീകരിക്കപ്പെടുന്നത് അപലപിക്കേണ്ടത് തന്നെയാണ്. ഇന്ത്യയില്‍ എന്തിനെയും വര്‍ഗ്ഗീയവത്കരിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ഒരു ഭാഗത്ത് കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അവര്‍ക്ക് ജോലി എളുപ്പമാക്കും. ഈ വിഷയത്തിനും സമാനമായ വാദ-പ്രതിവാദങ്ങള്‍ ഉയര്‍ന്നതും അതിന്റെ ഭാഗമാണ്.

ഇന്ത്യയിലെ അറിയപ്പെട്ട് ക്രിക്കറ്റ് താരം കൂടിയാണ് വസീം. 2008 വരെ ഇന്ത്യന്‍ ടീമിന്റെ കൂടെയുണ്ടായിരുന്ന ഇദ്ദേഹം ബംഗ്ലാദേശ് ടീമിന്റെയും ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും പരീശീലക ടീമിലുണ്ടായിരുന്നു. ക്രിക്കറ്റില്‍ സ്വന്തമായി റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

അതേസമയം, ഈ സംഭവത്തില്‍ വസീം ജാഫറിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയത് ആശാവഹമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍, കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ജാ എന്നീ പ്രമുഖരാണ് വസീമിന് പിന്തുണയുമായി രംഗത്തെത്തിയത്. ‘നിരാശനാകിതിരിക്കൂ, എല്ലാവിധ പിന്തുണയുമുണ്ടാകും, വര്‍ഗ്ഗീയത ആരോപണം ദൗര്‍ഭാഗ്യകരമാണ്’ -എന്നിങ്ങനെയായിരുന്നു ഈ താരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇസ്‌ലാമോഫോബിയ കളം നിറഞ്ഞ് വാഴുന്ന ഈ കാലത്ത് ഇത്തരം ആരോപണങ്ങളെ നേരിടാനും ഇരകള്‍ക്കൊപ്പം നിന്ന് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പോരാടാനും ആത്മധൈര്യം കാണിക്കുന്നവരെയാണ് മറ്റേതൊരു രംഗത്തെയും പോലെ കായിക മേഖലക്കും ആവശ്യം. ഈ രംഗത്തേക്ക് കടന്നുവരുന്ന യുവതലമുറക്ക് കളിമികവ് മാത്രം പോര എന്നര്‍ത്ഥം. അത്തരം ആളുകള്‍ ഇന്ത്യന്‍ കായിക മേഖലയിലും വളര്‍ന്നുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles