Current Date

Search
Close this search box.
Search
Close this search box.

ക്ലബ് ഹൗസ് റൂമുകളിലെ ഇസ്‌ലാമോഫോബിയ

ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളുടെ ചുവടുപിടിച്ച് ഇപ്പോള്‍ സജീവമായ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണല്ലോ ക്ലബ് ഹൗസ്. ശബ്ദത്തിലൂടെ മാത്രം ആശയവിനിമയം ചെയ്യാന്‍ കഴിയുന്ന ഈ ആപ്പില്‍ അയ്യായിരത്തോളം പേര്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കാനും പതിനായിരക്കണക്കിന് പേര്‍ക്ക് തത്സമയം ചര്‍ച്ച കേള്‍ക്കാനും കഴിയും എന്നതാണ് പ്രത്യേകത. ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്്‌റ്റോറിലും ലഭ്യമായി തുടങ്ങിയതിന് പിന്നാലെ പൊടിപാറുന്ന ചര്‍ച്ചകള്‍ക്കും തുടക്കമായി. പതിവുപോലെ മലയാളികള്‍ ക്ലബ് ഹൗസില്‍ സജീവ സാന്നിധ്യമായി. ലോക്ക്ഡൗണ്‍ കൂടി ആയതോടെ മറ്റു സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ആളുകള്‍ ഇതിലേക്ക് ചേക്കേറി.

സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ആളുകള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ അവരുടെ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധ ചര്‍ച്ചകളും ക്ലാസുകളും വിശകലനങ്ങളും ആരംഭിച്ചു. പിന്നാലെ രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌കാരിക, കലാ-സാഹിത്യ, പാരിസ്ഥിതിക, സിനിമ, സംഗീത,മാധ്യമ മേഖലകള്‍ മുതല്‍ കവല ചര്‍ച്ചകള്‍ വരെ ക്ലബ് ഹൗസ് റൂമുകളില്‍ വാചാടോപം തീര്‍ത്തു.

വിവിധ തരം ആളുകളാണ് കേള്‍വിക്കാരായുണ്ടാവുക എന്നത്‌കൊണ്ട് തന്നെ വ്യത്യസ്ത അഭിപ്രായങളും നിരീക്ഷണങ്ങളും റൂമുകളില്‍ പങ്കുവെക്കപ്പെട്ടു. ചിലയാളുകള്‍ അറിവു സമ്പാദനത്തിനായും മറ്റു ചിലര്‍ ലോക്ക്ഡൗണിലെ വിരസത മാറ്റുന്നതിനും ചിലര്‍ തങ്ങളുടെ സാന്നിധ്യം ഇവിടെയും ഉണ്ടെന്ന് അറിയിക്കുന്നതിനുമെല്ലാം ക്ലബ് ഹൗസിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി.

എന്നാല്‍, ചര്‍ച്ച സജീവമായ രണ്ടാം നാള്‍ മുതല്‍ തന്നെ ക്ലബ് ഹൗസില്‍ ഏറ്റവും കൂടുതല്‍ സജീവമായത് ഇസ്ലാമിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ടിച്ചുള്ള ചര്‍ച്ചകളായിരുന്നു. ഇസ്ലാമും സ്ത്രീകളും, ഇസ്ലാമും സ്വതന്ത്ര ചിന്തയും, മുസ്ലിംകളുടെ വിവാഹ പ്രായം, പ്രവാചകന്റെ വിവാഹം, യുക്തിവാദവും ഇസ്ലാമും, ഇസ്ലാം വിട്ടവരുടെ അനുഭവങ്ങള്‍ അങ്ങിനെ നീളുന്നു ചര്‍ച്ചകളുടെ തലക്കെട്ടുകള്‍.

ആധുനിക സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്ലാം എന്ന ദര്‍ശനമാണെന്നും ഖുര്‍ആനും ഹദീസും കാലാനുസൃതമായി തിരുത്തപ്പെടേണ്ടതുണ്ടെന്നും മുസ്ലിംകള്‍ കൊണ്ടുനടക്കുന്ന ജീവിത രീതികള്‍ പൊതുസമൂഹത്തിന് അപകടമാണെന്നും തുടങ്ങിയ നിരീക്ഷണങ്ങളും വിധിപ്രസ്താവങ്ങളുമായിരുന്നു ഇത്തരം ചര്‍ച്ചകളുടെ ആകെത്തുക.

ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ക്ലബ് ഹൗസ് റൂമുകളില്‍ അരങ്ങേറിയത്. ചര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നത് മതത്തിന്റെ വേലിക്കെട്ടുകള്‍ വകഞ്ഞുമാറ്റി പുറത്തിറങ്ങി സ്വതന്ത്രമായി ജീവിക്കുന്നവര്‍ എന്നവകാശപ്പെടുന്ന ഒരു വിഭാഗവുമാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള ഹദീസുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീളുന്നു.

ഇസ്‌ലാമിലെ സ്ത്രീയെ മോചിപ്പിക്കണമെന്നും ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും ഇസ്ലാം പുരുഷാധിപത്യ മതമാണെന്നുമെല്ലാമാണ് ഇവര്‍ പ്രസ്താവിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത്. എന്നാല്‍ അതിന് അവര്‍ നിരത്തുന്നത് തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ്. സോഷ്യല്‍ മീഡിയകളിലെ മുസ്‌ലിം നാമധാരികളില്‍ നിന്നും അവര്‍ നേരിട്ട അനുഭവങ്ങളും ചെറുപ്പത്തില്‍ അവര്‍ക്കുണ്ടായ തെറ്റിദ്ധാരണകളും ഖുര്‍ആനിലെ ആയത്തുകളും ഹദീസുകളിലെയും ഏതെങ്കിലും ഭാഗങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് വായിച്ചതുമെല്ലാമാണ് അവര്‍ യഥാര്‍ത്ഥ ഇസ്ലാം എന്ന രീതിയില്‍ പ്രതിഷ്ടിക്കുന്നു. അതിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കല്ലെറിയുന്നു,ചര്‍ച്ച കൊഴുപ്പിക്കുന്നു.

എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വിശകലനവും സന്ദര്‍ഭവും സമയവും വിശദീകരണവും നല്‍കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതൊന്നും കേള്‍ക്കാന്‍ തയാറാകാതെ വിറളിപൂണ്ട് വിഷയത്തില്‍ നിന്നും തെന്നിമാറുന്ന സമീപനങ്ങളാണ് ചര്‍ച്ചകള്‍ക്കകത്ത് കണ്ടുവരുന്നത്. തങ്ങള്‍ മനസ്സിലാക്കി വെച്ചതാണ് യഥാര്‍ത്ഥ ഇസ്ലാമെന്നും അതില്‍ തെറ്റുണ്ടോ പിശകുണ്ടോ എന്നെന്നും പഠിക്കാന്‍ തയാറാകാതെ ഏകാധിപത്യ സ്വഭാവത്തിലുള്ള ചര്‍ച്ചകളാണ് മിക്ക റൂമുകളിലും കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ ഈ വിഷയങ്ങളില്‍ സത്യം മനസ്സിലാക്കണമെന്ന് കരുതുന്നവര്‍ക്ക് പോലും ഒന്നും പിടികിട്ടാതെ കലപില ചര്‍ച്ചകളും ബഹളമയവുമായി മാറുന്നുണ്ട് മിക്ക റൂമുകളും. ചര്‍ച്ചകള്‍ കേള്‍ക്കുന്നവര്‍ അസ്വസ്ഥരായി റൂം വിട്ടു പോകുകയും ചെയ്യുന്നു.

ഇസ്ലാം ആവിര്‍ഭവിച്ച അന്നു തുടങ്ങിയ കല്ലേറും അപവാദ പ്രചാരണവും വിദ്വേഷപ്രചാരണവും മാറ്റമില്ലാതെ ഇന്നും തുടരുന്നു എന്നു മാത്രമാണ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കുക. അതിനാല്‍ തന്നെ ഇതില്‍ ഒന്നും പുതുമയുള്ളതായിട്ടൊന്നുമില്ല. ഒട്ടേറെ ഇസ്ലാമിന്റെ ശത്രുക്കള്‍ ഇസ്ലാം വിമര്‍ശനത്തിനായി ഖുര്‍ആനും ഹദീസും പഠിക്കുകയും പിന്നീട് ഇസ്ലാമിന്റെ മാധുര്യം നുകരുകയും ചെയ്ത ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ മുന്‍കാലങ്ങളിലെ ആളുകള്‍ വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കിലും ആത്മാര്‍ത്ഥമായി ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിച്ചിരുന്നു.

അതിനുള്ള സഹിഷ്ണുത കാട്ടിയിരുന്നു. എന്നാല്‍ പുതുതലമുറ സ്വതന്ത്ര ചിന്തകരും യുക്തിവാദികളും എന്നവകാശപ്പെടുന്നവര്‍ അതിന് പോലും തയാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമി മലയാളത്തില്‍ സാധാരണക്കാരായ ജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന പ്രശ്‌നങ്ങളിലോ ഇതര മതങ്ങളില്‍ ഉള്ള വിവേചനങ്ങളോ പ്രശ്‌നങ്ങളോ മനുഷ്യരുടെ ജീവല്‍പ്രശ്‌നങ്ങളോ ഒന്നും തന്നെ അറിഞ്ഞ ഭാവം പോലും കാണിക്കാത്ത ഇക്കൂട്ടരുടെ ഒരേയൊരു ലക്ഷ്യം നാള്‍ക്കുനാള്‍ ജനപ്രീതിയാര്‍ജിക്കുന്ന ലോകത്തെ ഏക മതമായ ഇസ്ലാമിനെ കരിവാരിത്തേക്കുക എന്നത് മാത്രമാണ്.

അത് പല കാലത്ത് പല പേരുകളില്‍ പല വ്യാഖ്യാനങ്ങളിലൂടെ മുന്നോട്ട് പോകുകയും ഏറ്റവും ഒടുവിലായി ക്ലബ് ഹൗസിലെത്തി നില്‍ക്കുന്നു എന്നേയുള്ളൂ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവനയുടെയും മതമായ ഇസ്ലാം മാലോകര്‍ക്ക് വെളിച്ചമേകുവാനും മര്‍ദിദര്‍ക്കും പീഢിതര്‍ക്കും ആശ്വാസമേകാനും നീതി പുലരുന്ന സമൂഹത്തിന്റെ നിലനില്‍പിനായും അതിന്റെ ശബ്ദങ്ങള്‍ ഇവിടെ അലയടിച്ചൊകൊണ്ടിരിക്കുക തന്നെ ചെയ്യും എന്നാണ് നമുക്ക് പറയാനുള്ളത്.

Related Articles