Current Date

Search
Close this search box.
Search
Close this search box.

പ്രാദേശിക ഉച്ചകോടി: ഇറാഖിന് അഭിമാനിക്കാമോ?

ഐ.എസ്.ഐ.എസിന്റെ ഭീതിയൊഴിഞ്ഞിട്ടില്ലാത്ത ഇറാഖില്‍ നിന്ന് മധ്യസ്ഥ ശ്രമങ്ങളുടെ വാര്‍ത്തയാണിപ്പോള്‍ കേള്‍ക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമത്തിന് ഇറാഖ് നേതൃത്വം നല്‍കുന്നുവെന്ന അല്‍ജസീറയുടെ വാര്‍ത്ത (28/08/2021) പലവിധത്തില്‍ ശുഭസൂചനയാണ്. മിഡില്‍ ഈസ്റ്റിലെ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതിന് രാഷ്ട്രങ്ങള്‍ ചര്‍ച്ചക്ക് തയാറാവുകയെന്നത് പ്രശ്നപരിഹാരത്തിന്റെ ആദ്യപാതയായി ഗണിക്കാവുന്നതാണ്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഫഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ ആബാദ് അല്ലിഹ്‌യാന്‍, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സഊദ്, കുവൈത്തിലെയും യു.എ.ഇയിലെയും ഭരണ തലവന്മാര്‍ എന്നിവരെ അണിനിരത്താന്‍ കഴിഞ്ഞ ശനിയാഴ്ചയിലെ (27/8/2021) ഇറാഖിന്റെ കാര്‍മികത്വത്തില്‍ നടന്ന പ്രാദേശിക ഉച്ചകോടിക്ക് സാധ്യമായി എന്നത് പ്രാഥമിക ഘട്ടത്തില്‍ വലിയ കാര്യമാണ്. കാരണം, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാന്‍ രാഷ്ട്രങ്ങള്‍ തയാറാവുകയാണ്. ശത്രുരാഷ്ട്രങ്ങളായ ഇറാനും സൗദിയും ഇറാഖിലും, യമന്‍, ലബനാന്‍ ഉള്‍പ്പെടയുള്ള രാഷ്ട്രങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാഷ്ട്രങ്ങളെയും പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി അണിനിരത്താന്‍ സാധിച്ചുവെന്നത് ഇറാഖിന്റെ പുതിയ മധ്യസ്ഥ ഇടപെടലാണ് അടയാളപ്പെടുത്തുന്നത്. ഇറാന്‍, സൗദി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരേ പരിപാടിയില്‍ സംബന്ധിക്കുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഫ്രാന്‍സിന്റെ സഹസംഘാടനത്തില്‍ നടന്ന ഉച്ചകോടിയില്‍, പ്രാദേശിക ജല പ്രതിസന്ധി, യമന്‍ യുദ്ധം, ലബനാനെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ച സാമ്പത്തികവും രാഷ്ട്രീയവുമായ കടുത്ത പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഈ വര്‍ഷാദ്യം, സൗദിക്കും ഇറാനുമിടയില്‍ വിവിധ ചര്‍ച്ചകള്‍ക്ക് ഇറാഖ് നേതൃത്വം നല്‍കുകയും, യമന്‍, ലബനാന്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ മധ്യതല ഉദ്യോഗസ്ഥരുടെ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ഉച്ചകോടിയില്‍ ഇറാനും സൗദിയും തമ്മില്‍ നേരിട്ട് കൂടിക്കാഴ്ച നടന്നതായി സൂചനയൊന്നുമില്ലെങ്കിലും, ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച ചര്‍ച്ച തുടരുന്നതായി ഇറാഖ് വ്യക്തമാക്കിയിരുന്നു. ഇത് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് അയല്‍രാജ്യങ്ങളിലേക്കും, കുറഞ്ഞത് ഇപ്പോഴും യുദ്ധം നിലനില്‍ക്കുന്ന യമനിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. 2016ന്റെ തുടക്കത്തില്‍ പ്രമുഖ സൗദി ശീഈ പുരോഹിതന്റെ വധത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കൊള്ളയടിക്കപ്പെടുകയും, അടക്കുകയും ചെയ്ത തെഹ്റാനിലെ എംബസി വീണ്ടും തുറക്കാനുള്ള സാധ്യത ചര്‍ച്ചയില്‍ രൂപപ്പെട്ടിരിക്കുന്നു. ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഇറാഖ് വിദേശകാര്യ മന്ത്രി പ്രതികരിച്ചില്ലെങ്കിലും, ഇറാഖില്‍ ആരംഭിച്ച ചര്‍ച്ച തുടരുമെന്ന് മറുപടി നല്‍കിയിരുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ ആബാദ് അല്ലിഹ്‌യാനുമായി കൂടിക്കാഴ്ച നടത്തിയതായി യു.എ.ഇ, കുവൈത്ത് വിദേശകാര്യ മന്ത്രിമാര്‍ സ്ഥരീകരിച്ചുവെങ്കിലും, വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആണവ പദ്ധതി, അന്താരാഷ്ട്ര ഉപരോധം എന്നിവയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാഷ്ട്രങ്ങളുടെ വിയന്ന ചര്‍ച്ചയിലെ ഫലം എന്തായിരിക്കുമെന്നതിനാണ് രാഷ്ട്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇറാഖിലെ കൂടിക്കാഴ്ച, ഇറാഖിനെയും, പ്രാദേശിക രാഷ്ട്രങ്ങള്‍ക്ക് ഇറാഖിനെ എങ്ങനെ സഹായിക്കുന്നതിന് സഹികരിക്കാന്‍ കഴിയുമെന്നതിനെയും കേന്ദ്രീകരിച്ച് മാത്രമായിരുന്നുവെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് ബഗ്ദാദ് ഉച്ചകോടിക്ക് മുമ്പായി വ്യക്തമാക്കിയിരുന്നു. രാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ച വികസിക്കുകയും പുരോഗിമിക്കുകയും ചെയ്യുന്നതിനൊപ്പം, ഇറാഖിന്റെ മധ്യസ്ഥ ശ്രമത്തിലെ നായകത്വം ശ്രദ്ധേയമാവുകയാണ്. പ്രാദേശിക ഉച്ചകോടിയെ ചരിത്രപരമെന്നാണ് ഉച്ചകോടിക്ക് സഹസംഘാടനം നിര്‍വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. ഐ.എസ്.ഐ.എല്ലിനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഇറാഖ് സ്ഥിരതയിലേക്ക് മടങ്ങുന്ന ചിത്രമാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും, അമേരിക്ക ഇറാഖില്‍ നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ സൈന്യത്തെ അയക്കുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു. യു.എസ് നിലവില്‍ 2500 സൈനികരെയാണ് ഇറാഖിലേക്ക് അയച്ചിട്ടുള്ളത്.

അതോടൊപ്പം, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട് (31/8/2021) വന്നിരുന്നു. രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധവും പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി ഉര്‍ദുഗാന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ നിര്‍ണായകമായി യു.എ.ഇ നിക്ഷേപത്തിലേക്ക് നയിക്കുന്ന സാമ്പത്തിക സഹകരണം ലക്ഷ്യംവെച്ച് ചര്‍ച്ച നടന്നതായി ഉര്‍ദുഗാന്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. യമനിലും ലിബിയയിലും ഇടപെടുന്നതിലൂടെ മിഡില്‍ ഈസ്റ്റില്‍ അരാജകത്വം കൊണ്ടുവരുന്നത് യു.എ.ഇയാണെന്ന് കഴിഞ്ഞ വര്‍ഷം തുര്‍ക്കി ആരോപിച്ചിരുന്നു. വഷളായ ബന്ധം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സമാധാന നടപടി പുനരുജ്ജീവിപ്പിക്കുന്നതിനും, ഇസ്രായേലിനും ഹമാസിനുമിടയിലുണ്ടായ യുദ്ധം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിനും ഈജിപ്ത് പ്രസിഡന്റ് കൈറോയില്‍ വെച്ച് ജോര്‍ദാന്‍ രാജാവുമായും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയത് (2/9/2021) ഇറാഖ് ഉച്ചകോടി നടന്ന പശ്ചാത്തലത്തില്‍ സവിശേഷമാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ‘ദ്വിരാഷ്ട്ര പരിഹാരം’ ചര്‍ച്ച ചെയ്തതായി സീസിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രാദേശിക ഉച്ചകോടി രാഷ്ട്രങ്ങള്‍ക്ക് ചര്‍ച്ചയുടെ സാധ്യത തുറന്നുകൊടുത്തിരിക്കുന്നു. എന്നാല്‍ അതിന്റെ ഭാവി രാഷ്ട്രങ്ങളുടെ പ്രതിസന്ധികളോളം സങ്കീര്‍ണവുമാണ്.

മേഖലയെ വല്ലാതെ പിടിച്ചുകുലുക്കുന്ന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രാഷ്ട്രങ്ങളെ അണിനിരത്തുന്ന ഉത്തരവാദിത്തമാണ് ഇറാഖ് നിര്‍വഹിച്ചിരിക്കുന്നത്. മേഖലയിലെ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇറാഖ് മടങ്ങുന്നുവെന്നതാണ് ഈ ഉച്ചകോടി അടയാളപ്പെടുത്തുന്നതെന്ന് ഇറാഖിലെ രാഷ്ട്രീയ ചിന്ത കേന്ദ്രത്തിന്റെ തലവനായ ഇഹ്സാന്‍ അല്‍ ഷമ്മാരിയുടെ നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ തീക്ഷണമായ പ്രതിസന്ധികളെ പക്ഷാപാതരഹിതമായ മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രമെന്ന നിലയില്‍ ഇറാഖിനെ വരച്ചുകാണിക്കുന്നതിന് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിക്കുള്ള അവസരമാണിത്. ദശാബ്ദങ്ങളുടെ സംഘട്ടത്തിന് ശേഷം ലോകവുമായി വീണ്ടും ഇടപെടല്‍ നടത്താന്‍ ഇറാഖ് അവസരം കണ്ടെത്തിയിരിക്കുന്നു. എന്നിരുന്നാലും, പ്രാദേശിക ഉച്ചകോടിയുടെ സംഘാടകര്‍ ഇത്തരമൊരു ശ്രമത്തില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നത് പ്രശ്നങ്ങള്‍ അപരിഹാര്യമാണെന്നതല്ല, പ്രശ്നങ്ങളുടെ സങ്കീര്‍ണതയാണ് കാണിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ഉച്ചകോടിയുടെ സംഘാടകര്‍ നേരത്തെ അറിയിച്ചത് അതാണ് അടയാളപ്പെടുത്തുന്നത്. അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെ ഒരു മേശക്ക് ചുറ്റും ഒരുമിച്ചിരുത്താനും, രാഷ്ട്രങ്ങള്‍ക്കിടിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാനുമുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമുളളതല്ല, മറിച്ച് മൊത്തം മേഖലക്കുമുള്ളതാണെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെയും അയല്‍രാജ്യത്തിന്റെയും പ്രശ്നങ്ങളെ മുഖവിലക്കെടുക്കുന്ന ഇറാഖിലെ സാഹചര്യം കടുത്ത പ്രതിസന്ധിയില്‍ തന്നെയാണ്. പക്ഷേ, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രമെന്ന ഇറാഖിന്റെ ഉദ്യമത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Related Articles