Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം എന്ന ലേബൽ സാമാന്യവത്കരിക്കപ്പെട്ടോ?

ഇന്ത്യ നമ്മുടെ രാജ്യമാണ്. നമ്മൾ സന്തോഷത്തോടെ, സംഘർഷമില്ലാതെ ജീവിച്ചിരുന്ന നാട്. അങ്ങനെയങ്ങനെ, നാട്ടിൽ ഒരു ദിവസം കലാപം പൊട്ടിപുറപ്പെടുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലുള്ള കലാപമെന്ന് നാളെ ആളുകൾ പറയുമായിരിക്കും. എന്നാൽ, അത് ഒരു പ്രത്യേക പ്രത്യയശാസ്ത്രം ചില പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്ന വംശീയ കൊലകളാണെന്ന് ഇന്ന് ഒരുപാട് പേർ തിരിച്ചറിയുന്നില്ല. നാം ആഗ്രഹിക്കുന്നത് സമാധാനമുള്ള ഭൂമിയിൽ, ഇന്ത്യയിൽ ജീവിക്കാനാണ്. റഷ്യ യുക്രെയ്‌ന് മേൽ യുദ്ധ തയാറെടുപ്പ് നടത്തിയപ്പോൾ നാം ഉൾപ്പെടുന്ന സമൂഹം അതിനെ വിമർശിച്ചു, എതിർത്തു. കാരണം നമുക്കറിയാം; ഏറ്റുമുട്ടൽ സമാധാനത്തിനെതിരാണ്. അതേസമയം, പതിറ്റാണ്ടുകളായി ഇസ്രായേൽ ഫലസ്തീനികളെ ആക്രമിക്കുമ്പോൾ അതിനെ വിമർശിക്കാനും എതിർക്കാനും നാമടങ്ങുന്ന സമൂഹത്തിലെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ചെറിയൊരു വിഭാഗത്തിന് മാത്രമേ കഴിയുന്നുള്ളൂ. പറഞ്ഞുവരുന്നത്, ബോധപൂർവമോ അല്ലാതെയോ സമൂഹത്തിൽ രൂപപ്പെടുന്ന ‘നിസാരവത്കരണത്തെയും സാമാന്യവത്കരണത്തെയും സാധാരണവത്കരണത്തെയും’ കുറിച്ചാണ്. ഇപ്പോൾ, രാജ്യത്തെ എണ്ണ വില 110 കടന്നിരിക്കുന്നു. പക്ഷേ, കുറച്ച് മുമ്പ് സെഞ്ച്വറി അടിക്കുമോയെന്ന് ആകുലപ്പെട്ടിരുന്ന, ആശങ്കിച്ചിരുന്ന, പരിതപിച്ചിരുന്ന ആളുകൾ എണ്ണ വില 110 കടന്നപ്പോൾ, ‘100’ എന്ന സംഖ്യയെ സാമാന്യവത്കരിച്ചു. സമാനമായി, പതിവായി തുടരുന്ന ആക്രമണങ്ങൾ ‘മുസ്‌ലിം’ എന്ന ലേബലിനെ സാമാന്യവത്കരിച്ചിരിക്കുന്നു. അതിനാൽ, മുസ്‌ലിംകൾക്കെതിരെ അക്രമണങ്ങളും വിദ്വേഷ ആഹ്വാനങ്ങളും ഉണ്ടാകുമ്പോൾ പതിവുപോലെ മൗനവും നിശ്ശബ്ദതയുമാണ് തുടരുന്നത്. മുസ്‌ലിംകൾക്കെതിരെയുള്ള അക്രമണങ്ങളെ സാമാന്യമായി കാണാൻ ആളുകൾ പഠിച്ചിരിക്കുന്നു!

മുസ്‌ലിംകൾക്കെതിരെ രാജ്യത്തെ പല സ്റ്റേറ്റുകളിലും വിദ്വേഷ ആഹ്വാനങ്ങൾ നടക്കുന്നു. പലയിടത്തും മുസ്‌ലിംകൾ അക്രമിക്കപ്പെടുന്നു, കൊലചെയ്യപ്പെടുന്നു, ഭയചകിതരായി ജീവിക്കുന്നു. ഏറ്റവും അവസാനമായി, കഴിഞ്ഞ ഞായറാഴ്ചയിൽ രാമനവമിയുടെ ഭാഗമായി ഭീകരവാദികളായ ഹിന്ദുത്വർ, പ്രധാനമായും മധ്യപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്റ്റേറ്റുകളിലെ വിവിധ സ്ഥലങ്ങളിൽ അഴിഞ്ഞാടിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നു. ശ്രീ രാമന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ മുസ്‌ലിംകളുടെ മരണം ആഘോഷമാക്കാൻ എങ്ങനെ ഹിന്ദുത്വ വിഭാഗത്തിന് കഴിയുന്നുവെന്നതിനെ സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അതവരുടെ ‘വിശാല പ്രത്യയശാസ്ത്ര’ ഭൂമികയാണ്! കാവി ഷാൾ ധരിച്ച, ചില സ്ഥലങ്ങളിൽ വടിയും വാളുമായി നിൽക്കുന്ന ഭീകരവാദികളായ ഹിന്ദുത്വർ മുസ്‌ലിംകളുടെ വാഹനങ്ങൾ തടയുകയും, പള്ളികൾക്കും വീടുകൾക്കും പുറത്ത് നിന്ന് വംശഹത്യ ഭീഷണി മുഴക്കുന്ന പ്രകോപനപരമായ പാട്ടുകൾ വെക്കുകയും വിദ്വേഷ മുദ്രവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന വീഡിയോകൾ കഴിഞ്ഞ ഞായറാഴ്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നിന്നാണ് ഏറ്റവും മോശമായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഞായറാഴ്ച രാത്രി രാമനവമി ഘോഷയാത്രക്കിടെ സറഫാ ബസാർ പ്രദേശത്തെ മുസ്‌ലിം പള്ളിയിൽ ഹിന്ദുത്വ ആൾക്കൂട്ടം തീയിട്ടതായി താമസക്കാരനായ ഫസലുദ്ധീൻ ശൈഖിനെ ഉദ്ധരിച്ച് അൽജസീറ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഖാർഗോണിലെ ഹിന്ദുത്വരുടെ അക്രമണത്തിൽ 10 വീടുകൾ കത്തിനശിക്കുകയും, ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 24ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയുടെ പല ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. കലാപകാരികളെ തിരിച്ചറിഞ്ഞതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തിങ്കളാഴ്ച അറിയിച്ചെങ്കിലും, അക്രമികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. രാമനവമി ഘോഷയാത്രക്കിടെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഖാർഗോൺ ജില്ലാ ഭരണകൂടം ജില്ലയിലെ അഞ്ച് പ്രദേശങ്ങളിലായി 16 വീടുകളും 29 കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി ദി ഇന്ത്യൻ എക്‌സ്പ്രസ് പത്രം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ബുൾഡോസർ ഉപയോഗിച്ചുള്ള ‘തകർക്കൽ ആചാരം’ ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് ആരംഭിക്കുന്നത്. ‘ഏത് നിയമപ്രകാരമാണ് മധ്യപ്രദേശ് ഭരണകൂടം മുസ്‌ലിം സമൂഹത്തിന്റെ വീടുകൾ നശിപ്പിച്ചത്? മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പക്ഷാപാതപരമായ മനോഭാവമാണ് ഇത് കൃത്യമായി വ്യക്തമാക്കുന്നതെന്ന്’ പാർലമെന്റേറിയനായ അസദുദ്ധീൻ ഒവൈസി ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. മധ്യപ്രദേശിലെ ബർവാനി ജില്ലയുടെ പരിസരപ്രദേശമായ സെന്ധ്വ പട്ടണത്തിലും രാമനവമി ആഘോഷത്തിനിടെ അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംബത്ത് പട്ടണത്തിലും സബർകന്ത ജില്ലയിലെ ഹിമ്മത്‌നഗറിലും ഞായറാഴ്ച അക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഖംബത്തിലും ഹിമ്മത്‌നഗറിലും നിരവധി കടകൾക്കും വാഹനങ്ങൾക്കും തീയിട്ടതായും, ഒരാൾ മരിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിൽ, ബി.ജെ.പി നിയമസഭാംഗമായ ടി.രാജ സിങ് രാമനവമി ഘോഷയാത്രയിൽ പങ്കെടുത്ത് പ്രകോപനപരമായ മുദ്രവാക്യം ഉയർത്തുകയും പാട്ടുകൾ വെക്കുകയും ചെയ്തു. ഘോഷയാത്രക്കിടയിലെ പാട്ടുകളിലെ ഒരു വരി ഇങ്ങനെയായിരുന്നു – ‘രാമന്റെ നാമം സ്വീകരിക്കാത്തവർ രാജ്യം വിടേണ്ടിവരും’. ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾ ഭരിക്കുന്ന വെസ്റ്റ് ബംഗാളിലും ജ്ഞാർഖണ്ഡിലും സമാനമായ അക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളുമുണ്ടായി. പലയിടങ്ങളിലും മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്താൻ രാമനവമി ഉപയോഗിച്ചുവെന്ന് അസദുദ്ധീൻ ഒവൈസി പറഞ്ഞത് തന്നെയാണ് ശരി.

ന്യൂഡൽഹിയിൽ, രാമനവമി ദിനത്തിൽ ജവഹർലാൽ സർവകലാശാലയിലെ ഹോസ്റ്റലിൽ മാംസാഹാരം വിളമ്പിയതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ ഹിന്ദുത്വ വിഭാഗത്തിലെ വിദ്യാർഥികൾ അക്രമണം അഴിച്ചിവിട്ടിരുന്നു. തിരഞ്ഞുപിടിച്ചുള്ള അക്രമണങ്ങൾ അവസാനിക്കാതെ തുടരുകയാണ്. ‘വംശഹത്യാ സ്വഭാവമുള്ള ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും അടുത്തുള്ള സ്ഥലത്താണ് നാം എന്നതിനാൽ ഞായറാഴ്ചയിലെ സംഭവം എല്ലാവർക്കുമുള്ള അവസാന മുന്നറിയിപ്പിന്റെ സൂചനയാണെന്ന്’ പാർലമെന്റേറിയൻ മനോജ് കുമാർ ഝാ പറഞ്ഞത് മുഖവലിക്കെടുക്കാതെ ഇന്ത്യക്കാർക്ക് മുന്നോട്ടുപോവുക സാധ്യമല്ല. ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്ന ഇന്ത്യയെ കുറിച്ച് ഇന്ത്യക്കാർക്ക് എന്താണ് പറയാനുള്ളത്, എന്താണ് പ്രവർത്തിക്കാനുള്ളത് എന്നത് തന്നെയാണ് പ്രധാനം.

Related Articles