Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് നിരോധനം: ലക്ഷ്യം വ്യക്തം

2022 ജനുവരി ആദ്യത്തില്‍ കര്‍ണാടകയിലെ ഉഡുപ്പി ഗവ. പ്രീ യൂനിവേഴ്സിറ്റി വനിത കോളേജില്‍ (ഗവ. പി.യു കോളേജ്) ആറ് വിദ്യാര്‍ത്ഥിനികളോട് ഹിജാബ് അഴിച്ചുവെച്ച് ക്ലാസില്‍ കയറാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ട സംഭവമാണ് ഇന്ന് കര്‍ണാടകയും വിട്ട് അന്താരാഷ്ട്ര തലത്തിലൊന്നാകെ ചര്‍ച്ച ചെയ്യപ്പെട്ട ഹിജാബ് പ്രക്ഷോഭങ്ങള്‍ക്കും ഇതിനെ എതിര്‍ത്തുള്ള സംഘ്പരിവാര്‍ പ്രതിഷേധങ്ങളുടെയും പ്രഭവകാരണം.

ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ കോളേജില്‍ 95 മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. 11, 12 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് ക്ലാസ് റൂമില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് അഴിച്ചുവെക്കണമെന്നും കോളേജ് ക്യാംപസിനകത്ത് ഹിജാബ് ആകാമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഹിജാബ് അഴിച്ചുവെക്കാന്‍ കൂട്ടാക്കാത്ത ഈ വിദ്യാര്‍ത്ഥികള്‍ കോളേജ് വരാന്തയിലും ക്യാംപസിനകത്തും ഇരുന്ന് പ്രതിഷേധിക്കുകയും അവിടെ വെച്ച് പഠനം നടത്തുകയുമായിരുന്നു. പരീക്ഷക്ക് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തങ്ങളെ ക്ലാസില്‍ കയറ്റണമെന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും സ്‌കൂളില്‍ യൂണിഫോമില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നും സര്‍ക്കാര്‍ തീരുമാനമാണിതെന്നും പറഞ്ഞ് കൈയൊഴിയുകയായിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ തന്നെ മറ്റു കോളേജുകളിലും സെക്കണ്ടറി സ്‌കൂളുകളിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനകളെ ഗേറ്റില്‍ തടയുകയും ക്ലാസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇവര്‍ പ്രതിഷേധിക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മറ്റു കോളേജിലെ വിദ്യാര്‍ത്ഥികളും, എല്ലാ കോളേജിലും ഹിജാബ് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികളും സംഘടനകളും രംഗത്ത് വന്നത്. ഒരു ഭാഗത്ത് ഹിജാബണിഞ്ഞ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ മറുഭാഗത്ത് കാവി ഷാളും പതാകയും കാവി തൊപ്പിയും ധരിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ക്യാംപസിനകത്ത് തന്നെ പ്രകടനം നടത്തി. മിക്ക കോളേജിലും ഇരു വിഭാഗവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തു. കടുത്ത വിദ്വേഷ മുദ്രാവാക്യങ്ങളും വര്‍ഗ്ഗീയതയും കൊണ്ടാണ് സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധാരികളെ നേരിട്ടത്. ഹിജാബിന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ തന്നെ കൂടുതല്‍ കോളേജുകള്‍ ഹിജാബ് നിരോധിക്കാനും തുടങ്ങി.

ഉഡുപ്പി കുന്ദാപുര ഗവ. പി.യു കോളേജില്‍ ഹിജാബ്ധാരികളായ വിദ്യാര്‍ത്ഥികളെ അധ്യാപകരടക്കമുള്ള ജീവനക്കാര്‍ കോളേജ് ഗേറ്റില്‍ തടഞ്ഞു. ഇവര്‍ക്ക് മുന്നില്‍ ഗേറ്റടച്ചതോടെ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നാണ് ഇവര്‍ പ്രതിഷേധിച്ചത്. കുന്ദാപുര ഡോ. ബി.ബി ഹെഗ്ഡെ കോളേജില്‍ സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളേജില്‍ ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഭണ്ഡാര്‍ക്കേഴ്സ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും ബംഗളൂരു പി.ഇ.എസ് കോളേജിലും ഹിജാബിനെതിരെ സംഘപരിവാര്‍ പ്രതിഷേധം നടത്തി. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ നേടിയ മസ്‌കന്‍ എന്ന പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റെ വൈറലായ വീഡിയോ ഈ കോളേജില്‍ നിന്നുള്ളതാണ്. കോളേജിലേക്ക് കടന്നുവന്ന ഹിജാബ് ധാരിയായ മസ്‌കനു നേരെ കാവിഷാള്‍ധാരികളായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ജയ്ശ്രീറാം വിളികളോടെ ആക്രോശിച്ചെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ പതറാതെ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം വിളിച്ച് ആര്‍ജവത്തോടെ മസ്‌കന്‍ കോളേജിലേക്ക് കയറിപ്പോകുകയും ചെയ്തു.

ചിക്മംഗളൂരു ഐ.ഡി.എസ്.ജി കോളേജില്‍ ഇവിടെ ദലിത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നീല ഷാള്‍ ധരിച്ചും ജയ് ഭീം മുദ്രാവാക്യം വിളിച്ചുമാണ് സഹോദര സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേറിട്ട ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയത് ശ്രദ്ധേയമാണ്. ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കാവി ഷാള്‍ ധരിച്ച് ഇവിടെയും പ്രകടനം നടന്നു. ചില ക്യാംപസുകളില്‍ ഹിജാബിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാവി പതാക ക്യാംപസില്‍ നാട്ടുകയും ചെയ്തു. കര്‍ണാടകക്ക് ചുവടുപിടിച്ച് മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലും ഹിജാബ് നിരോധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഒടുവില്‍ ഇടപെട്ട കര്‍ണാടക ഹൈക്കോടതിയും തല്‍ക്കാലത്തേക്ക് യൂണിഫേമില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും ഹിജാബ് നിരോധനം തുടരാനുമാണ് അനുമതി നല്‍കിയത്. അന്തിമ വിധി വരുന്നതുവരെ കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെതിരെ വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികള്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിച്ച് അന്തര്‍ദേശീയ, ദേശീയ രംഗത്തെ വിവിധ വ്യക്തിത്വങ്ങള്‍ രംഗത്തുവരികയും ചെയ്തു. പ്രമുഖ ഭാഷ ശാസ്ത്രജ്ഞന്‍ നോം ചോസ്‌കി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബെ, നൊബേല്‍ ജേതാവ് മലാല യൂസുഫ് സായ്, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, മെബബൂബ മുഫ്തി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി,ശശി തരൂര്‍, കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കാര്‍ത്തി ചിദംബംരം, റാണ അയ്യൂബ്, സാറ ജോസഫ് തുടങ്ങി നിരവധി പേരാണ് ഹിജാബ് ധരിക്കാനുള്ള മൗലികാവകാശത്തെ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

എന്നാല്‍ ഹിജാബ് വിഷയം കത്തിച്ചുനിര്‍ത്തുന്ന സംഘ്പരിവാര്‍ അജണ്ട പകല്‍പോലെ വ്യക്തമാണ്. ഹിജാബിന് പകരമുള്ളതാണ് കാവിഷാള്‍ എന്നും ഹിജാബ് ധാരികളെ ജയ് ശ്രീറാം വിളിച്ചുമാണ് നേരിടേണ്ടതെന്നുമാണ് അവര്‍ പൊതുസമൂഹത്തോട് പറയുന്നത്. ഹിജാബ് ധരിക്കുന്നത് പ്രാകൃത നൂറ്റാണ്ടിലെ സംസ്‌കാരവും ഇത് തീവ്രവാദികളുടെ വേഷമാണെന്നുമാ അവര്‍ വിളിച്ചു പറയുന്നത്. മറ്റു മതങ്ങളിലുള്ളവര്‍ക്കെല്ലാം അവരുടെ മതാചാരപ്രകാരമുള്ള വസ്ത്രങ്ങളും അടയാളങ്ങളും മറ്റും ധരിച്ച് സ്‌കൂളിലും കോളേജിലും മറ്റു പൊതുഇടങ്ങളിലും പ്രവേശിക്കുന്നതിന് ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെ യാതൊരു തടസ്സുമില്ലെന്നിരിക്കെ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് സംഘപരിവാരം നടത്തുന്ന ആക്രമത്തിന്റെ ഉദ്ദേശ്യം നമുക്കെല്ലാം പകല്‍പോലെ വ്യക്തമാണ്.

 

Related Articles