Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിനെ അവഗണിക്കുന്നതിന് പിന്നില്‍ ?

ഇസ്‌ലാം മത വിശ്വാസികളുടെ ആരാധന കര്‍മങ്ങളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹജ്ജ് കര്‍മം. ഇസ്‌ലാമിലെ അടിസ്ഥാന ആരാധനകളില്‍ അഞ്ചാമതായി എണ്ണിപ്പറഞ്ഞത് പരിശുദ്ധ ഹജ്ജ് കര്‍മത്തെയാണ്. സാമ്പത്തികമായി ശേഷിയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരടക്കമുള്ള ഏതൊരു വിശ്വാസിയും അതിയായി ആഗ്രഹിക്കുന്ന ഒന്ന് കൂടിയാണ് ജീവിതത്തിലൊരിക്കല്‍ പരിശുദ്ധ ഭൂമിയിലെത്തി ഹജ്ജ് നിര്‍വഹിക്കുക എന്നത്. എന്നാല്‍ ഈ ഒരു ആരാധനയ്ക്ക് തടയിടുവാനെന്നോണമുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരുകളും അനുബന്ധ വകുപ്പുകളും ഒരു വിഭാഗം വിശ്വാസി സമൂഹത്തോട് ചെയ്തു കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രികരുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മലബാറിലും വിശേഷിച്ചും മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ്. ഇവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് യാത്രികരുടെ സ്ഥിരം കേന്ദ്രവും ലക്ഷദ്വീപ് അടക്കമുള്ള കേരളത്തിലെ മുഴുവന്‍ പേര്‍ക്കുമുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തോടനുബന്ധിച്ച് പിന്നീട് ഹജ്ജ് യാത്രക്കും യാത്രികരുടെ സേവനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയും ഹാജിമാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചുമെല്ലാം ഹജ്ജ് ഹൗസ് പണിതു. ആധുനിക സൗകര്യത്തോടെ സജ്ജീകരിച്ച ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ക്ക് താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പിന്നീട് വര്‍ഷങ്ങളോളം ഹജ്ജ് ഹൗസ് മുഖാന്തിരമായിരുന്നു കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രകള്‍. യാത്രക്ക് മുന്നോടിയായുള്ള നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതിനാല്‍ ഹജ്ജ് ഹൗസ് തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമായിരുന്നു.

Also read: പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

എന്നാല്‍ കരിപ്പൂരിലെ റണ്‍വേ അറ്റകുറ്റപണികള്‍ക്കായി 2015ല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റി. റണ്‍വേ ബലപ്പെടുത്തലും അറ്റക്കുറ്റപ്പണികളും ഉടന്‍ തീര്‍ക്കുമെന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത് താല്‍ക്കാലികമാണെന്നുമായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇത് വര്‍ഷങ്ങളോളം അനന്തമായി നീണ്ടു. സൗദി, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വലിയ വിമാനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തി. ഇതോടെ മലബാറിലെ ആയിരങ്ങള്‍ക്ക് കൊച്ചിയെ ആശ്രയിക്കേണ്ടി വന്നു. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള നീക്കങ്ങളാണ് പിന്നില്‍ എന്നാരോപിച്ച് വിവിധ മത- രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നു.

സമീപ ജില്ലകളിലെ സ്വകാര്യ-പൊതു പങ്കാളിത്തത്തിലുള്ള വിമാനത്താവളങ്ങള്‍ക്ക് വേണ്ടി പ്രത്യേക ലോബിയാണ് ഇതിന് പിന്നിലെന്നും ഇതില്‍ ഉദ്യോഗസ്ഥരും കേന്ദ്ര-സംസ്ഥാന രാഷ്ട്രീയക്കാരും വരെ ഉള്‍പ്പെടുന്നു എന്നു വരെ ആരോപണമുയര്‍ന്നു. സമരരംഗത്തുള്ള സംഘടനകള്‍ ഉയര്‍ത്തിയ പ്രധാന വിഷയമായിരുന്നു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരിക എന്നത്. ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്നും മാറ്റിയതോടെ കോടികള്‍ മുടക്കി നിര്‍മിച്ച ഹജ്ജ് ഹൗസ് നോക്കുകുത്തിയായി. പൊതു-സ്വകാര്യ വ്യക്തികള്‍ക്ക് വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വാടകക്ക് നല്‍കുന്ന കണ്‍വെന്‍ഷന്‍ സെന്ററായി മാറുന്ന കാഴ്ചയാണ് പിന്നീട് ഹജ്ജ് ഹൗസില്‍ കാണാന്‍ സാധിച്ചത്. ഇതിനെതിരെയും വ്യാപക പ്രതിഷേധവും വിമര്‍ശനവുമുയര്‍ന്നു.

ഒടുവില്‍ 2018ല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി വീണ്ടും ലഭിച്ചു. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായ അടച്ചിട്ട വിമാനത്താവളം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഴയ രീതിയിലേക്ക് തിരിച്ചു വന്നത്. ഇതോടെ 2019ലെ ഹജ്ജ് യാത്രയുടെ പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂരിനെയും ഉള്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷം കൊച്ചിയും കോഴിക്കോടും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാക്കുകയായിരുന്നു. 30 ശതമാനത്തില്‍ത്താഴെ തീര്‍ഥാടകര്‍ മാത്രമാണ് കൊച്ചിയെ ആശ്രയിച്ചത്. കഴിഞ്ഞ വര്‍ഷം ഹജ്ജ് ഹൗസിന്റെ സേവനങ്ങളും പുനരാരംഭിച്ചു. 2020ല്‍ കോവിഡ് മൂലം ഹജ്ജ് കര്‍മങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ ഈ വര്‍ഷം ഹജ്ജ് യാത്ര ഉണ്ടായില്ല.

Also read: മൈസം തരംഗം ; നിഖാബ് ധാരികൾ കൂടുന്നു

2021ലെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ വീണ്ടും കരിപ്പൂരിനെ അവഗണിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കോവിഡ് നിയന്ത്രണങ്ങളുടെ പേരു പറഞ്ഞാണ് കരിപ്പൂരിനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടതും കരിപ്പൂരിനെ ഒഴിവാക്കാനുള്ള കാരണമാക്കുന്നു എന്നുള്ള ആരോപണങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഇതോടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും കേരളത്തില്‍ നിന്നുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രികരുള്ള കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മികച്ച സേവനം കാഴ്ചവെച്ച എയര്‍പോര്‍ട്ടെന്ന നിലക്ക് കരിപ്പൂരിന് വലിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജനകീയമായ ഒരു വിമാനത്താവളത്തെ ഇല്ലാതാക്കാനും നിസ്സാര കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പ്രത്യേക മതവിഭാഗത്തെ പ്രയാസപ്പെടുത്താനുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളുടെ ശ്രമം എന്ന് സംശയിക്കേണ്ടി വരും. അതില്‍ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അജണ്ടകളും ഉണ്ടാകാം. ഇത്തരത്തില്‍ ഒരു മതവിഭാഗത്തെയും അവരുടെ പരിശുദ്ധ ആരാധനയെയും പരമാവധി പ്രതിസന്ധിയിലും പ്രയാസത്തിലും അകപ്പെടുത്തുക എന്ന ദുരുദ്യേശ്യവും ഇതിന് പിന്നില്‍ ഉണ്ടെന്നും നമുക്ക് സംശയിക്കേണ്ടി വരും.

Related Articles