Editors Desk

രാഷ്ട്രീയ പ്രക്ഷുബ്ദമാകുന്ന ഗള്‍ഫ് കടലിടുക്ക്

കഴിഞ്ഞ ഏറെ നാളുകളായി അശുഭകരമായ വാര്‍ത്തകളാണ് വിവിധ കടല്‍പാതകളില്‍ നിന്നും പുറത്ത് വരുന്നത്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും കരയില്‍ നിന്നും കടലിലേക്കും വ്യാപിക്കുന്നുവോ എന്ന സംശയമാണ് ഏതാനും വാര്‍ത്തകള്‍ നിരീക്ഷിച്ചാല്‍ നമ്മുടെ മനസ്സില്‍ ചോദ്യമുയരുക. ബ്രിട്ടീഷ് കടലിടുക്കായ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത വാര്‍ത്ത ജൂലൈ ആദ്യവാരത്തിലാണ് പുറത്ത് വന്നത്. സിറിയയിലേക്കുള്ള ചരക്കു കപ്പല്‍, അന്താരാഷ്ട്ര നിബന്ധനകള്‍ ലംഘിച്ചു എന്ന പേരിലായിരുന്നു അന്ന് ബ്രിട്ടന്‍ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തത്. എന്നാല്‍ ഇതിനു മറുപടിയെന്നോണം ജൂലൈ 19ന് തന്ത്രപ്രധാനമായ ഹൊര്‍മൂസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടീഷ് ചരക്ക് കപ്പല്‍ ഇറാന്‍ സൈന്യവും പിടിച്ചെടുക്കുകയായിരുന്നു. ഇറാന്റെ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു എന്നാരോപിച്ചായിരുന്നു പിടിച്ചെടുത്തത്. എന്നാല്‍ ജിബ്രാള്‍ട്ടര്‍ സംഭവത്തിന് മറുപടി നല്‍കുകയായിരുന്നു ഇതിലൂടെയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കപ്പല്‍ പിടിച്ചെടുക്കല്‍ വിഷയത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളും യൂറോപ്യന്‍ രാഷ്ട്രങ്ങളും രണ്ട് തട്ടിലാണുള്ളത്. അതിനാല്‍ തന്നെ ഇതിന്റെ പേരിലും ഇരു വിഭാഗവും പോര്‍വിളികള്‍ ആരംഭിച്ചിട്ടുണ്ട്. പതിവു പോലെ വിഷയത്തില്‍ ഇടപെട്ട് യു.എസും രംഗത്തെത്തിയതോടെയാണ് കടലിടുക്ക് വീണ്ടും പ്രക്ഷുബ്ദമാകുന്നത്. ഇറാന്റെ നടപടിയെ എതിര്‍ത്തും ചോദ്യം ചെയ്തും യു.എസ് രംഗത്തെത്തിയിരുന്നു. ഹൊര്‍മൂസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ ആളില്ലാ യുദ്ധ വിമാനം തകര്‍ത്തതായി യു.എസ് അവകാശവാദമുന്നയിച്ചിരുന്നു. യു.എസ് യുദ്ധക്കപ്പലിനു ഭീഷണിയുയര്‍ത്തിയ ആളില്ലാ യുദ്ധ വിമാനമാണ് വെടിവെച്ചിട്ടതെന്നായിരുന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ യു.എസ് വാദം ഇറാന്‍ നിഷേധിച്ചു. യു.എസിന്റെ തന്നെ ആളില്ലാ യുദ്ധ വിമാനം അബദ്ധവശാല്‍ അവരുടെ സൈന്യത്താല്‍ തകര്‍ക്കപ്പെട്ടതാകാമെന്നായിരുന്നു ഇതിനോട് ഇറാന്‍ പ്രതികരിച്ചത്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ ചരക്കു കപ്പല്‍ വിട്ടുനല്‍കണമെന്ന് ഇറാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപാധികളോടെ മാത്രമേ വിട്ടു നല്‍കാന്‍ ആവൂ എന്നാണ് ഒടുവില്‍ ഇറാന്‍ അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്നും സമുദ്രമാര്‍ഗമുള്ള ഏക കപ്പല്‍ പാതയാണ് ഹൊര്‍മൂസ് കടലിടുക്ക്. ഹൊര്‍മൂസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് തടസ്സമുണ്ടാക്കുമെന്ന് നേരത്തെയും ഇറാന്‍ നിരവധി തവണ വെല്ലുവിളിച്ചിരുന്നു. ഈ പാതയില്‍ തടസ്സം സൃഷ്ടിച്ചാല്‍ അത് ഗള്‍ഫ് മേഖലയെ മാത്രമല്ല ബാധിക്കുക. ലോകത്തിലെ തന്നെ പ്രമുഖ രാജ്യങ്ങളെയും അത് ബാധിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എണ്ണ ലഭ്യതക്കും വിലവര്‍ധനവിനും ഇതിടയാക്കും. നേരത്തെ തന്നെ ഇടഞ്ഞു നില്‍ക്കുന്ന യു.എസും ഇറാനും കടല്‍പാത വിഷയത്തിലും കൊമ്പു കോര്‍ക്കുന്നത് ആശങ്കയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാട് കര്‍ക്കശമാക്കുകയും അണുവിട വിട്ടുവീഴ്ച നല്‍കാന്‍ തയാറാവുകയും ചെയ്യുന്നില്ല. ഇതിനിടെ അറബ് രാജ്യങ്ങള്‍ എടുക്കുന്ന പല നിലപാടുകളും എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെയാണ്. എന്നാല്‍ ചില യൂറോപ്യന്‍-അറബ് രാജ്യങ്ങള്‍ മധ്യസ്ഥതക്ക് ശ്രമിക്കുന്നത് മാത്രമാണ് ഈ വിഷയത്തില്‍ നല്‍കുന്ന ഏക പ്രതീക്ഷ. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും യുക്തിയോടെ തീരുമാനമെടുക്കാനും ഇരു രാജ്യങ്ങള്‍ക്കുമാവും എന്നു തന്നെയാണ് ലോകസമൂഹം ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലയെ കരയിലും കടലിലും ഒന്നടങ്കം ഭീതിയില്‍ നിലനിര്‍ത്തുക എന്നത് ചിലരുടെ ഗൂഢലക്ഷ്യങ്ങളാണെന്നും നാം കാണാതെ പോകരുത്.

Facebook Comments
Show More

Related Articles

Close
Close