Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് വംശഹത്യ: മോദിയെ വെള്ളപൂശുമ്പോള്‍

2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യ സ്വതന്ത്ര ഇന്ത്യയിലെ തന്നെ ഏറ്റവും വിഖ്യാതമായ മുസ്ലിം വംശഹത്യയില്‍ ഒന്നാണ്. ഹിന്ദു-മുസ്ലിം കലാപം എന്ന പേരിലാണ് ഇത് അറിയപ്പെട്ടതെങ്കിലും മുസ്ലിംകള്‍ക്കെതിരെ ഏകപക്ഷീയമായി നടന്ന ആസൂത്രിത കലാപമായിരുന്നു ഇതെന്നാണ് പിന്നീട് വന്ന പല വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ആകെ 1044 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അനൗദ്യോഗിക കണക്കുപ്രകാരം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്.

ഗുജറാത്ത് തലസ്ഥാനമായ അഹ്‌മദാബാദില്‍ വെച്ചാണ് സംഘര്‍ഷങ്ങളുടെ തുടക്കം. അയോധ്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന് ഗോധ്രയില്‍ വെച്ച് തീപിടിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ട്രെയിന്‍ മുസ്ലിംകള്‍ കത്തിച്ചതാണെന്ന് പറഞ്ഞാണ് സംഘ്പരിവാര്‍ ശക്തികളും കര്‍സേവകരും സംസ്ഥാനമൊട്ടാകെ സംഘര്‍ഷം വിതച്ചത്. ട്രെയിനിലുണ്ടായിരുന്ന 58 പേരാണ് കൊല്ലപ്പെട്ടത്. കര്‍സേവകര്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച മണ്ണെണ്ണ സ്റ്റൗവിന് തീപിടിച്ചാണ് ട്രെയിന്‍ കത്തിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍, സംഘ്പിരവാര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയതതാണെന്നും ഗോധ്ര സംഭവം അതിന് ഒരു കാരണമാക്കിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ട്രെയിന്‍ കത്തിയതിന് പിന്നാലെ നടന്ന ആക്രമങ്ങളുടെ ആസൂത്രിത സ്വഭാവവും ആക്രമങ്ങളുടെ സംഘടിത സ്വഭാവവും ഇതാണ് കാണിക്കുന്നതെന്നുമായിരുന്നു പ്രധാന കണ്ടെത്തല്‍. ഇത് ശരിവെക്കുന്ന നിരവധി വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളാ
ണ് പിന്നീട് പുറത്തുവന്നത്. 2002 ഫെബ്രുവരി 27നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002 ജൂണ്‍ വരെ വ്യത്യസ്ത കലാപങ്ങളാണ് ഇതിന്റെ അനുബന്ധമായി അരങ്ങേറിയത്. മുസ്ലിം വീടുകള്‍ ഒന്നടങ്കം കത്തിച്ചു, മുസ്ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്തു, മുസ്ലിം സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടു, ആളുകളെ കൂട്ടമായി കത്തിച്ചു തുടങ്ങി നാടൊട്ടുക്കും രക്തപ്പുഴ ഒഴുക്കുകയായിരുന്നു കലാപകാരികള്‍.

കലാപം നടക്കുന്ന വേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി. സര്‍ക്കാരിന്റെയും പൊലിസിന്റെയും ഒത്താശയോടെയാണ് കലാപം അരങ്ങേറിയതെന്നും വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിക്കും കലാപത്തില്‍ പങ്കുണ്ടെന്നും മോദി പരോക്ഷമായി കലാപത്തിന് നേതൃത്വം നല്‍കുകയും കലാപം തടയാന്‍ ഗുജറാത്ത് സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ണായകമായ തെളിവുകള്‍ ഒളിപ്പിച്ചുവെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി 2014ല്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ ഇതെല്ലാം തള്ളുകയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്യുകയായിരുന്നു. മോദി സര്‍ക്കാരിനെയും പൊലിസിനെയും വെള്ള പൂശുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ പുറത്തുവിട്ടത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ കലാപത്തിലെ ഇരയും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി വീണ്ടും അപ്പീല്‍ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ 63 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹരജി. ഇതാണ് വെള്ളിയാഴ്ച സുപ്രീം കോടതി തള്ളുകയും മോദിക്കും കൂട്ടര്‍ക്കും നല്‍കിയ ക്ലീന്‍ ചിറ്റ് ശരിവെക്കുകയും ചെയ്തത്.

കലാപത്തില്‍ മോദിക്കുള്ള പങ്കില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്നാണ് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടത്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ 2012ലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെക്കുകയാണെന്നുമാണ് കോടതി പറഞ്ഞത്. വംശഹത്യയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് ഇഹ്‌സാന്‍ ജാഫ്രിയും അതിദാരുണമായി കൊല്ലപ്പെട്ടത്. 68പേരാണ് ആ സംഭവത്തില്‍ മാത്രം കൊല്ലപ്പെട്ടത്.

രണ്ടു പതിറ്റാണ്ടായി ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു സകിയ ജാഫ്രി. എന്നാല്‍ സംഘ്പരിവാര്‍ രാജ്യം ഒന്നാകെ അടക്കിഭരിക്കുന്ന കാലത്ത് അവസാനത്തെ നീതിയുടെ വെട്ടവും അസ്തമിച്ചിരിക്കുകയാണ് ഇവിടെ സകിയക്ക് മുന്‍പില്‍. വിഷയം കത്തിച്ചു നിര്‍ത്താനാണ് സകിയ ഹരജി നല്‍കിയതെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ചാണ് സകിയയുടെ ഹരജി പരിഗണിച്ച് വിധി പ്രസ്താവിച്ചത്. രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്നും നിരാശ മാത്രം കിട്ടുമ്പോള്‍ അവസാനത്തെ പ്രതീക്ഷയായ തെരുവിലിറങ്ങുക എന്നത് മാത്രമാണ് ഇനി സാകിയക്ക് മുന്‍പിലുള്ള ഏക വഴി.

Related Articles