Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: സത്യം വെളിച്ചത്തെത്തിച്ചത് തുര്‍ക്കിയുടെ ധീരത

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം പുറംലോകത്തെത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടമാണെന്ന് നിസ്സംശയം പറയാം. ഖഷോഗിയുടെ തിരോധാനം വെളിച്ചത്തു കൊണ്ടുവരാന്‍ ഒന്നാം ദിനം മുതല്‍ തുര്‍ക്കി പൊലിസും അന്വേഷണ ഉദ്യോഗസ്ഥരും പഴുതടച്ച അന്വേഷണമാണ് ആരംഭിച്ചത്. കൊലപാതകത്തിന്റെ പിന്നിലുള്ള എല്ലാ വിശദാംശങ്ങളും പൊതുജനത്തിനു മുന്‍പില്‍ പരസ്യപ്പെടുത്താനായിരുന്നു തുര്‍ക്കി തീരുമാനിച്ചിരുന്നത്. അതായിരുന്നു ഈ വിഷയത്തിലുള്ള പൊതുവായ വികാരവും.

‘എംബസിയില്‍ എന്താണോ നടന്നത് അതിനെക്കുറിച്ച് തുര്‍ക്കി വെളിപ്പെടുത്തും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട’ എന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്. ഖഷോഗി കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ തങ്ങള്‍ ഇക്കാര്യം ഉറപ്പു വരുത്തൂ എന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞിരുന്നു.

തിരോധാനത്തെത്തുടര്‍ന്ന് സൗദിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ സത്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടത് തുര്‍ക്കിയുടെ ബാധ്യതയായിരുന്നു.

തുര്‍ക്കിയുടെ കണ്ടെത്തലുകളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു വെള്ളിയാഴ്ച രാത്രി വൈകീട്ട് സൗദി പുറത്തു വിട്ട വാര്‍ത്ത. അവിചാരിതമായി നടന്ന ഏറ്റുമുട്ടലില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദി പറയുന്നത്. എന്നാല്‍ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്നോ, മൃതദേഹം എവിടെയാണെന്നോ പുറത്തുവിടാന്‍ സൗദി തയാറായിട്ടില്ല. അതിനാല്‍ തന്നെ സൗദിയുടെ വിശദീകരണത്തില്‍ ആരും തൃപ്തരല്ല. സൗദിയുടെ പ്രതികരണത്തില്‍ തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥരും സംതൃപ്തരല്ല.

എന്നാല്‍ സൗദി മുന്‍കൂട്ടി തയാറാക്കിയ കൊലപാതകത്തിന്റെ ഇരയാണ് ഖഷോഗി എന്നാണ് തുര്‍ക്കി വിശ്വസിക്കുന്നത്. ഇതിന്റെ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് തുര്‍ക്കി അന്വേഷണ സംഘം.
ഖഷോഗി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനും അംഗവിഛേദനം നടത്തിയതിനും തെളിവുകളുണ്ടെന്നും 15ഓളം അംഗങ്ങള്‍ വരുന്ന സംഘമാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നും നേരത്തെ തുര്‍ക്കിയും യു.എസും ആരോപിച്ചിരുന്നു. മയക്കു മരുന്ന് കുത്തിവെച്ചാണ് കൊന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തുടക്കത്തില്‍ ഖഷോഗി ഉടന്‍ തന്നെ കോണ്‍സുലേറ്റ് വിട്ടെന്നായിരുന്നു സൗദിയുടെ ഭാഷ്യം. അദ്ദേഹം ഏതാനും മണിക്കൂറുകള്‍ക്കകം എംബസി വിട്ടുവെന്നാണ് സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് പറഞ്ഞിരുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനു മുന്നില്‍ സൗദി മുട്ടുമടക്കി നിവൃത്തിയില്ലാതെ ആ സത്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ തുര്‍ക്കി പ്രസിഡന്റും സല്‍മാന്‍ രാജാവും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചയും നടത്തിയിരുന്നു. ഇതോടെ തുര്‍ക്കി-സൗദി,സൗദി-യു.എസ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഭാവി ബന്ധം എങ്ങിനെയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്. സൗദി അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അവസരം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് തുര്‍ക്കി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കൂടുതല്‍ സത്യം പുറംലോകത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി.

Related Articles