Current Date

Search
Close this search box.
Search
Close this search box.

നജീബ്: നീതിയുടെ വെട്ടം കാണാത്ത അഞ്ച് വര്‍ഷങ്ങള്‍

നാളത്തെ പുലരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിതസായാഹ്നം മുഴുവന്‍ തന്റെ പ്രിയപ്പെട്ട മകനു വേണ്ടി ഒരു മാതാവ് അലയാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ 2016 ഒക്ടോബര്‍ 15 മുതലാണ് കാണാതായത്. ഒക്ടോബര്‍ 14ന് രാത്രി ജെ.എന്‍.യു ഹോസ്റ്റലില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒമ്പതോളം എ ബി വി പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിനു ശേഷം പിന്നെ ആരും നജീബിനെ കണ്ടിട്ടില്ല.

പൊലിസ് കേസന്വേഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. നജീബ് മാനസിക രോഗിയാണെന്നും സ്വന്തം ഓട്ടോയിലാണ് അദ്ദേഹം ഹോസ്റ്റലില്‍ നിന്നും പോയതെന്നും പറഞ്ഞ് പൊലിസ് കേസവസാനിപ്പിച്ചു. എന്നാല്‍ ഇതിന് വേണ്ട ഒരു തെളിവും പൊിലിസ് ഹാജരാക്കിയിട്ടുമില്ല. മര്‍ദ്ദിച്ചു എന്നാരോപിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ ഒരിക്കല്‍ പോലും ചോദ്യം ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല എന്നതില്‍ നിന്ന് തന്നെ അവരുടെ മുന്‍ധാരണ വ്യക്തമാണ്. നജീബ് എവിടെ പോയി എന്ന ചോദ്യത്തിന് കോളജ് അധികൃതരും കൈമലര്‍ത്തി.

പിന്നാലെ നജീബിന്റെ മാതാവ് ഫാത്വിമ നഫീസും സുഹൃത്തുക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും നജീബിനെ കണ്ടെത്തണമാന്നവശ്യപ്പെട്ട് സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഭരണകൂടത്തിന്റെ നിര്‍ബന്ധിത തിരോധാനമെന്നാണ് പിന്നീട് ഈ സംഭവത്തെ വിളിക്കപ്പെട്ടത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസ ഡല്‍ഹി സി.ബി.ഐ ഓഫീസിന് മുന്‍പില്‍ ഒറ്റയാള്‍ സമരവും നടത്തി.

നജീബ് സ്വന്തം ഇഷ്ടപ്രകാരമാണ് കാമ്പസ് വിട്ടത്, അദ്ദേഹം ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നിരുക്കുന്നു, മാനസിക രോഗിയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പിന്നീട് നജീബിനെതിരെ പൊലിസും സി.ബി.ഐയും സംഘ്പരിവാറും വിവിധ ദേശീയ മാധ്യമങ്ങളും കെട്ടിച്ചമച്ചത്. ഒരു സുപ്രഭാതത്തില്‍ സ്വന്തം മകനെ നഷ്ടപ്പെട്ട മാതാവിനെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയായിരുന്നു ഇതിലൂടെ നമ്മുടെ നാട്ടിലെ നിയമ-ഭരണ സംവിധാനങ്ങള്‍.

നജീബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന നിഗമനത്തിലെത്തി 2018 ഒക്ടോബര്‍ 15ന് സി.ബി.ഐ കേസ് അന്വേഷണം അവസാനിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയും അന്വേഷണം അവസാനിപ്പിച്ചതോടെ നിയമപോരാട്ടം താല്‍ക്കാലികമായി അവസാനിപ്പിച്ച ഫാത്തിമ നഫീസ് ഇന്ന് തലസ്ഥാന നഗരിയിലെ മനുഷ്യാവകാശ-ഭരണകൂട വിവേചന പ്രതിഷേധങ്ങളുടെ പോരാട്ടമുഖമായി ജ്വലിച്ചു നില്‍ക്കുകയാണ്.

സി.എ.എ വിരുദ്ധ പ്രക്ഷോബങ്ങളിലും ജെ.എന്‍.യും ക്യാംപസിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും ഷഹീന്‍ ബാഗ് സമരം, കര്‍ഷക സമരം എന്നിവക്കെല്ലാം ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഫാത്തിമ നഫീസ് നീതിക്കു വേണ്ടി ജ്വലിച്ചു നിന്നു. കാണാതാകുന്ന വ്യക്തികള്‍ക്കുമേല്‍ ഭീകരബന്ധം ചുമത്തിയും സാവധാനം മറവിയിലേക്ക് തള്ളിവിടാനും ഒരു വിഭാഗം പരിശ്രമിക്കുമ്പോള്‍ പതറാതെ, തളരാതെ പോരാടുകയാണ് ഈ മാതാവ്.

പ്രായത്തിന്റെയും ശാരീരിക അവശതകളുടെയും പേരില്‍ ഇപ്പോള്‍ വിശ്രമത്തിലാണ് ആ മാതാവ്. നജീബ് എവിടെ എന്ന് ചോദിക്കുന്ന ആളുകളുടെ എണ്ണവും കുറഞ്ഞുവന്നെങ്കിലും ഭരണകൂടത്തിനും അവര്‍ക്ക് ഓശാന പാടുന്നവരെയും നജീബ് വിഷയം ഓര്‍മിപ്പിക്കാന്‍ തലസ്ഥാനത്ത് ഏതാനും വിദ്യാര്‍ത്ഥി സംഘടനകളും മാധ്യമങ്ങളും ഉണ്ടെന്നതാണ് ഫാത്തിമ നഫീസിനും പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ കരുത്തേകുന്നത്.

രാജ്യത്തെ തന്നെ ഉന്നത സര്‍വകലാശാലയായ ജെ.എന്‍.യുവില്‍ എം.എസ്.സി ബയോടെക്‌നോളജിക്ക് അഡ്മിഷന്‍ നേടി ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഒരു മുസ്്‌ലിം ചെറുപ്പക്കാരന്റെ ദയനീയാവസ്ഥയാണിതെന്നും പറയാതെ വയ്യ. ഒരു പ്രത്യേക സമുദായത്തെ ഭീകര-തീവ്രവാദ മുദ്രകുത്തി ഉന്നത കലാലയ സ്വപ്നങ്ങള്‍ അവസാനിപ്പിക്കുക എന്ന സംഘ്പരിവാര്‍ അജണ്ടയും ഇതിന് പിന്നില്‍ ഉണ്ടെന്നതും നാം കാണാതെ പോകരുത്.

Related Articles