Current Date

Search
Close this search box.
Search
Close this search box.

ഏവര്‍ക്കും ബലിപെരുന്നാള്‍ സന്തോഷങ്ങള്‍!

പെരുന്നാൾ സന്തോഷത്തിന്റെ ദിനമാണ്. ദാരിദ്രത്തെയും പട്ടിണിയെയും കുറിച്ച് ഈ ദിവസം മറക്കാം. ഭയക്കാതെ സന്തോഷിക്കാം. ആഹ്ലാദത്തോടെ ഒത്തുചേരാം. കാരണം ലോകത്തെ വിശ്വാസികളുടെ ബലിപെരുന്നാള്‍ ദിനമാണ് ദുൽഹിജ്ജ പത്ത്. ദാരിദ്രത്തിന്റെയും ഇല്ലായ്മയുടെയും ചുറ്റുമുളള പരിസരങ്ങളെ മനസ്സിലാക്കിയാണ് വിശ്വാസി സമൂഹം ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹയും ആഘോഷിക്കാറുള്ളത്. ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് മുമ്പ് ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വിഭവങ്ങള്‍ കൈമാറുന്നു. ഈദുല്‍ അദ്ഹയില്‍, ബലിയറുത്ത മാംസവും നല്‍കുന്നു. നാം സന്തോഷിക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവര്‍ സന്തോഷിക്കാന്‍ നാം കാരണമാകണമെന്ന സന്ദേശവും ‘സന്തോഷത്തിന്റെ ദിനം’ വിശ്വാസികള്‍ക്ക് പകരുന്നു. ദുല്‍ഹിജ്ജ പത്തിന് അഥവാ യൗമുന്നഹ്‌റിന് തുടങ്ങി അയ്യാമുത്തശ്‌രീഖിന്റെ മൂന്ന് ദിവസവും ഉള്‍പ്പെടുന്ന നാല് ദിവസത്തെ ആഘോഷം, ഇബ്‌റാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും ത്യാഗപൂര്‍ണമായ ചരിത്രത്തെയാണ് വിശ്വാസികളെ അനുസ്മരിപ്പിക്കുന്നത്.

പരീക്ഷണങ്ങള്‍ തുടരെ തുടരെ വന്ന് പതിക്കുമ്പോഴും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള ഓര്‍ക്കാന്‍ പഠിപ്പിക്കുന്ന ഇബ്‌റാഹീം പ്രവാചകന്‍ വിശ്വാസികള്‍ക്ക് മാതൃകയാണ്. അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഇബ്‌റാഹീം പ്രവാചകനെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കുമെന്നും കല്ലെറിയുമെന്നും കുടുംബം ഭീഷണിപ്പെടുത്തുന്നു. സമൂഹത്തിലുള്ളവര്‍ ആളിക്കത്തുന്ന തീയിലേക്ക് എടുത്തെറിയുന്നു. അപ്പോള്‍, ഇബ്‌റാഹീം പ്രവാചകന് പറയാനുണ്ടായിരുന്നത്, എനിക്ക് അല്ലാഹു മതി, കാര്യങ്ങളേല്‍പിക്കാന്‍ ഏറ്റവും ഉത്തമന്‍ അവനാണ് എന്നായിരുന്നു. ഇറാഖില്‍ നിന്ന് ശാമിലേക്കും പിന്നീട് ഈജിപ്തിലേക്കും ഇബ്‌റാഹീം പ്രവാചകന്‍ ഹിജ്‌റ പോകുന്നു. ഇണയായ ഹാജറ ബീവിയെ ആളൊഴിഞ്ഞ മക്കയില്‍ വിട്ടേച്ചുപോകാന്‍ അല്ലാഹു കല്‍പിക്കുന്നു. ഇബ്‌റാഹീം പ്രവാചകന് ഏകദേശ 80 വയസ്സ് പ്രായമാകുമ്പോള്‍ മകനെ അറുക്കാന്‍ അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നു. വിവിധങ്ങളായ പരീക്ഷണങ്ങളെ സധൈര്യം നേരിട്ട ഇബ്‌റാഹീം പ്രവാചകന്‍ വിശ്വാസികള്‍ക്ക് തീര്‍ച്ചയായും മാതൃകയാണ്.

ഇസ്‌ലാമിന്റെ പേരില്‍ ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന അസ്വസ്ഥമായ സാഹചര്യമാണല്ലോ നമ്മുടെ രാജ്യത്തുമുള്ളത്. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അവഹേളിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടന്ന് കൊണ്ടിരിക്കുന്ന പ്രതികൂല സാഹചര്യത്തിൽ, അക്രമികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത, പരീക്ഷണങ്ങളെ സധൈര്യം നേരിട്ട ഇബ്രാഹീം നബിയുടെ ചരിത്രം നമുക്ക് കൂടുതല്‍ ശക്തിയും ഊർജവും വെളിച്ചവും പകരുന്നതാവട്ടെയെന്ന് പ്രാർഥിക്കാം.

ഏവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ സന്തോഷങ്ങള്‍!

Related Articles