Current Date

Search
Close this search box.
Search
Close this search box.

മഹാമാരിക്കാലത്തെ ഈദ്

പരീക്ഷണവും പ്രതിസന്ധികളും വിശ്വാസികളുടെ ജീവിതത്തില്‍ ഇഴകിച്ചേര്‍ന്ന ഒന്നാണ്. അതിനാല്‍ തന്നെ പ്രയാസങ്ങളെ വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ടു പോകുക എന്നത് യഥാര്‍ത്ഥ വിശ്വാസികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒന്നല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരത്തില്‍ വലിയ പരീക്ഷണ-പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് ലോക മുസ്ലിംകള്‍ കടന്നുപോകുന്നത്. നേരത്തെയുള്ള അനവധി പ്രശ്‌നങ്ങള്‍ക്ക് പുറമെയായിരുന്നു കൊറോണ വൈറസിന്റെ കടന്നുവരവ്. ലോകത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്താന്‍ ആ ചെറിയ വൈറസിന് ആയി എന്നതാണ് ശ്രദ്ധേയം. വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും കോവിഡ് പ്രതിസന്ധി മറികടക്കാനോ വൈറസിനെ പൂര്‍ണമായി തുടച്ചുനീക്കാനോ ഒരു വികസിത രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. വാക്‌സിനേഷന്‍ തന്നെ പൂര്‍ത്തിയായി വരുന്നേ ഉള്ളൂ.

ലോകത്ത് തന്നെ ജനസംഖ്യയില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ കോവിഡ് ഭീകര രൂപത്തിലാണ് പിടിമുറുക്കിയത്. തലതിരിഞ്ഞ ഭരണാധികാരികള്‍ കൂടിയായതോടെ രാജ്യം തീര്‍ത്തും തീരാദുരന്തത്തിലേക്കാണ് വഴുതി വീണത്. നോട്ട് നിരോധനമടക്കമുള്ള വിഷയത്തില്‍ നടുവൊടിഞ്ഞ സാധാരണക്കാരന്‍ തന്നെയാണ് കോവിഡിലും വലഞ്ഞത്. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞുവീണു മരിച്ച്, ശ്മാശനങ്ങള്‍ക്ക് മുന്നിലും ആശുപത്രി വരാന്തയിലും മൃതദേഹങ്ങള്‍ കെട്ടികിടന്ന് ഓക്‌സിജന് വേണ്ടി ക്യൂ നിന്ന് വലഞ്ഞ ഏക രാഷ്ട്രമായി ഇന്ത്യ മാറി. ഈ നിമിഷവും സമാന പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ അവസരത്തിലാണ് മഹാമാരിക്കാലത്ത് മറ്റൊരു പെരുന്നാള്‍ കൂടി കടന്നുവരുന്നത്.

ആഗോള തലത്തിലേക്ക് നോക്കിയാല്‍ എല്ലാ കാലത്തും മുസ്ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് എല്ലാ അധിനിവേശ,സാമ്രാജ്യത്വ ശക്തികളും ഇസ്ലാംമത വിരോധികളും തങ്ങളുടെ അജണ്ട നടപ്പാക്കിയത്. മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകളെയും കശ്മീരില്‍ ഇന്ത്യന്‍ മുസ്ലിംകളെയും ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകളെയും ഇസ്രായേലില്‍ ഫലസ്തീന്‍ മുസ്ലിംകളെയുമാണ് കൊന്നു തള്ളുന്നത്. എന്നിട്ടും ലോകം പറയുന്നത് മുസ്ലിംകളാണ് ഭീകരവാദികള്‍ എന്നാണ്. ഇത് ഏറ്റു പിടിക്കുകയാണ് ലോക മാധ്യമങ്ങളും.

ഏറ്റവും ഒടുവിലായി ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും പാശ്ചാത്യന്‍-യൂറോപ്യന്‍ രാഷ്ട്ര തലവന്മാരുടെ പ്രതികരണവും ശ്രദ്ധിച്ചാല്‍ തന്നെ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാകും. ഇരയോടൊപ്പം ചേര്‍ന്ന് കരയുകയും വേട്ടക്കാരനോടൊപ്പം നിന്ന് ചിരിക്കുകയും ചെയ്യുകയാണ് ഈ രാഷ്ട്രങ്ങള്‍. എന്തിനധികം ഏതാനും അറബ് രാഷ്ട്രങ്ങളൊഴികെ ബാക്കി എല്ലാ മുസ്ലിം-അറബ് രാഷ്ട്രങ്ങളും ഇസ്രായേലുമായും അമേരിക്കയുമായും ചങ്ങാത്തം കൂടുതല്‍ ഊഷ്മളമാക്കാനാണ് ഓരോ ദിവസും ശ്രമിക്കുന്നത്. ഇത്തരത്തില്‍ ആഗോള തലത്തില്‍ നിന്നും ലഭിക്കുന്ന നിരന്തര പിന്തുണയാണ് ഇസ്രായേലിന് മറുത്ത് ചിന്തിക്കാതെ തങ്ങളുടെ ക്രൂര ചെയ്തികളുമായി മുന്നോട്ട് പോകാന്‍ പ്രോത്സാഹനമാകുന്നത്.

യഥാര്‍ത്ഥത്തില്‍ അറബ് ഭരണാധികാരികള്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതാണ് ഇസ്രായേലിന്റെ പതിറ്റാണ്ടുകളായുള്ള ഫലസ്തീന്‍ അധിനിവേശവും അടിച്ചമര്‍ത്തലുകളും. എന്നാല്‍ ഇസ്രായേല്‍-യു.എസ് ലോബിയെ പിണക്കുന്ന ഒരു നടപടിയും നിലപാടും നമ്മള്‍ ഈ ഭരണാധികാരികളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത് നന്നായറിയുന്നവരാണ് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സമരത്തിലേര്‍പ്പെട്ട ഓരോ പോരാളിയും. ഫലസ്തീനികളെ സംബന്ധിച്ച് ഓരോ പെരുന്നാള്‍ രാവും ബോംബിങ്ങിലും വെടിയൊച്ചകളിലും മുഖരിതമായിരിക്കും. ഇതിനിടയിലാണ് അവിടെ തക്ബീര്‍ ധ്വനികള്‍ ഉയരാറുള്ളത്. ഇത്തവണയും പതിവ് തെറ്റിയില്ലെന്നു മാത്രം. ഇത്തരത്തില്‍ ലോകത്താകമാനം മുസ്ലിം ആയതിന്റെ പേരില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ അടിച്ചമര്‍ത്തപ്പെട്ടവരെ മറന്നുകൊണ്ടാവരുത് നമ്മുടെ പെരുന്നാള്‍ സുദിനങ്ങള്‍.

കോവിഡ് മഹാമാരിയില്‍ നിന്നും ലോകത്തെ മുക്തമാക്കാന്‍ വേണ്ടി നാഥനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഇത്തരക്കാര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഒരു മനസ്സ് നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അമേരിക്കന്‍-സയണിസ്റ്റ്-സാമ്രാജ്യത്വ കൂട്ടുകെട്ട് ഫാക്ടറിയിലെ അവസാനത്തെ പടക്കോപ്പും ഫലസ്തീന് മേല്‍ വര്‍ഷിച്ചു കഴിഞ്ഞാലും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയ ഫലസ്തീനികള്‍ അഖ്‌സയുടെ മുറ്റത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകും. അതില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ടാകും. ആ ഫലസ്തീനി പിഞ്ചു ബാലിക പറഞ്ഞുവെച്ച അഖ്‌സക്കകത്തുവെച്ച് ഷുകുറിന്റെ സുജൂദ് നിര്‍വഹിക്കുന്ന ഒരു നാളിന് വേണ്ടി നോമ്പ് നോറ്റു കാത്തിരിക്കുകയാണവര്‍. അവിടെ നിന്നും അവസാനത്തെ സയണിസ്റ്റ് സൈനികനെയും പുറന്തള്ളിയ ശേഷം അവര്‍ ഷുകുറിന്റെ സുജൂദ് നിര്‍വഹിക്കുക തന്നെ ചെയ്യും- ഇന്‍ഷാ അല്ലാഹ്-

എല്ലാ വായനക്കാര്‍ക്കും ഇസ്‌ലാം ഓണ്‍ലൈവിന്റെ ചെറിയ പെരുന്നാള്‍ സന്തോഷങ്ങള്‍.

Related Articles