Current Date

Search
Close this search box.
Search
Close this search box.

സീസി ഭരണം; ബൈഡനെ വിളിക്കുന്നതിൽ കാര്യമുണ്ടോ?

ഈജിപ്തിൽ അറബ് വസന്താനന്തരം (2011) രൂപപ്പെട്ട അസ്വസ്ഥതയും, കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയും വിനോദസഞ്ചാര മേഖലക്കുണ്ടാക്കിയ ആഘാതം രാജ്യം നിലവിൽ പരിശോധിക്കുകയാണ്. അത്തരത്തിൽ വിനോദസഞ്ചാര മേഖല പുനരജ്ജീവിപ്പിക്കുന്നതിന് ഈജിപ്ത് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് ‘കൈറോ ഐ’. പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള തന്ത്രപ്രധാനമായ സ്ഥലം സമാലിക്കാണെന്ന് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ജനുവരി 21ന് കൈറോ ഗവർണർ ഖാലിദ് അബ്ദുൽ ആൽ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. 500 മില്യൺ ഈജിപ്ഷ്യൻ പൗണ്ട് (3.17 മില്യൺ ഡോളർ) നിക്ഷേപം പ്രതിവർഷം 2.5 മില്യൺ സന്ദർശകരെ ആകർഷിക്കുന്ന ടൂറിസത്തിന് പ്രോത്സാഹനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 120 മീറ്റർ ഉയരത്തിൽ വിനോദ സവാരി ചക്രം (Ferris wheel ) തലസ്ഥാനത്തെ ഹൃദയഭാഗത്തുള്ള ജസീറ ഉപദ്വീപിലെ ഉയർന്ന ജില്ലയായ സമാലിക്കിലെ നൈൽ നദിക്കരയിൽ 2022ൽ പൂർത്തീകരിക്കപ്പെടുന്നാണ് പ്രതീക്ഷിക്കുന്നത്.

20000 ചതുരശ്ര മീറ്റർ (215000 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള ‘കൈറോ ഐ’ പദ്ധതി സന്ദർശകർക്ക് പുരാതന നഗരത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ നിരീക്ഷണ കേന്ദ്രമായിരിക്കുമെന്നും കൈറോ ഗവർണർ വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിന്റെ മിന്നുന്ന പ്രഖ്യാപനങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴും പദ്ധതിക്കെതിരെ മേഖലയിലെ നിവാസികൾ, പാർലമെന്റ് അംഗങ്ങൾ, മുൻ മുന്ത്രിമാർ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നു. ഇത്തരമൊരു പദ്ധതി ഉപദ്വീപിലെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും, ഗതാഗതം കൂടുതൽ സങ്കീർണമാക്കാനും പര്യാപ്തമാണെന്ന കാര്യം അവഗണിച്ചുകൊണ്ടാണെന്ന് ഭരണകൂട പ്രതികാര നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ത്വാഹയെന്ന് പേരുമാറ്റിയ ഒരാൾ പറഞ്ഞതെന്നാണ് അൽജസീറ ഫെബ്രുവരി 10ന് റിപ്പോർട്ട് ചെയ്തത്. പുറത്തുനിന്ന് സഞ്ചാരികളെ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും രാജ്യത്തിനകത്തെ സാഹചര്യം അത്ര ശുഭകരമല്ലെന്ന സന്ദേശം ഒരിക്കൽക്കൂടി വിദേശികൾക്ക് നൽകുന്നതാണ് ആ റിപ്പോർട്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുമ്പോഴും നിവാസികൾ വിമർശനം ഉയർത്താൻ ഭയക്കുന്നത് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ മനോഭാവം കൊണ്ടല്ലാതെ മറ്റൊന്നുമല്ല.

2021 ഫെബ്രുവരി 18ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി അധികാരത്തിലേറുന്ന ലിബിയൻ പ്രധാനമന്ത്രി അബ്ദുൽഹമീദ് ദബീബയുമായി കൈറോവിൽ കൂടിക്കാഴ്ച നടത്തുകയും, അസ്വസ്ഥമായ അയൽരാജ്യത്തിന് സ്ഥിരത കൈവരിക്കാൻ തന്റെ രാഷ്ട്രത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. 2014ൽ അടച്ച ട്രിപളിയിലെ എംബസി പുനഃസ്ഥാപിക്കാനും രാഷ്ട്രങ്ങൾക്കിടിയലെ ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമം എന്ന നിലയിൽ ഈജിപ്തിന്റെ ഇടപെടൽ പുരോഗമനപരമാണ്. ഈജിപ്തിൽ നിന്ന് മുഖം തിരിച്ച് അയൽരാജ്യത്തിലെ അധികാരമാറ്റത്തിന് പിന്തുണ അറിയിക്കുന്ന സീസി ഒരു തരത്തിലും രാജ്യം പ്രതിസന്ധി അനുഭവിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരിക്കാം! എന്നാൽ, അയൽരാജ്യത്തിന് ആശംസയും, സ്ഥിരത കൈവരിക്കാൻ പിന്തുണയും അറിയിക്കുന്ന സീസി സ്വന്തം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ മുഖവിലക്കെടുക്കുന്നില്ലെന്നതാണ് ദിവസങ്ങൾക്ക് മുമ്പ് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ടവരെ നിശ്ശബ്ദമാക്കാൻ പ്രസിഡന്റ് സീസി രാജ്യത്ത് ശ്രമം നടത്തികൊണ്ടിരിക്കുകയാണെന്ന് യു.എസിലെ ഈജിപ്ഷ്യൻ മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തിയതായി 2021 മാർച്ച് ഒന്നിന് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മനുഷ്യാവകാശ പ്രശ്‌നങ്ങളോട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ അധികാരത്തിൽ നിന്ന് പുറന്തള്ളിയതിന്റെ പത്താം വാർഷികം കടന്നുപോകുമ്പോൾ, പ്രതിയോഗികളെ അടിച്ചമർത്തുകയെന്ന രാഷ്ട്രീയ നയമാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുസ്‌ലിം ബ്രദർഹുഡ്, മനുഷ്യാവകാശ-ജനാധിപത്യ പ്രവർത്തകർ ഉൾപ്പെടെ 60000ത്തോളം ഈജിപ്തുകാർ ഇപ്പോൾ ജയിലിലാണ്. വിമർശനങ്ങളുടെ മുനയൊടിക്കുകയെന്ന തന്ത്രമാണ് ഈജിപ്ത് ഭരണകൂടം പയറ്റികൊണ്ടിരിക്കുന്നത്.

യു.എസിന്റെ ഈജിപ്ത് നയത്തിൽ പുനഃപരിശോധന വേണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്. 1979ൽ ഇസ്രായേലുമായി ഈജിപ്ത് സമാധാന കരാറിൽ ഒപ്പുവെച്ചത് മുതൽ യു.എസിന്റെ വിദേശ സഹായം ഏറ്റവും കൂടുതലായി ലഭിക്കുന്ന രണ്ടാമത്തെ രാഷ്ട്രമാണ് ഈജിപ്ത്. 1978 മുതൽ ഈജിപ്തിന് യു.എസ് സൈനികമായി 50 ബില്യൺ ഡോളറും, സാമ്പത്തികമായി 30 ബില്യൺ ഡോളറും സഹായം നൽകിയതായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ സൂചിപ്പിക്കുന്നു. 2019ൽ ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ വ്യാപാരം 8.6 ബില്യൺ ഡോളറായിരുന്നു. 200 മില്യൺ ഡോളറിന്റെ ആയുധം ഈജിപ്തിന് വിൽക്കുന്നതിന് ഇപ്പോൾ യു.എസ് അനുമതി നൽകുകയും ചെയ്തിരിക്കുന്നു. തീരപ്രദേശങ്ങളിലും ചെങ്കടിലിലും പ്രതിരോധം മെച്ചപ്പെടുത്താൻ ഈജിപ്ത് നാവികസേന 197 മില്യൺ ഡോളർ വരുന്ന റയ്തിയോൻ നിർമിത റോളിങ് എയർഫ്രയിം മിസൈലുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. ഇത്തരമൊരു സാഹചര്യത്തിൽ ഈജിപ്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളോട് യു.എസിന്റെ പ്രതികരണം മുൻകാലങ്ങളിൽ നിന്ന് ഭിന്നമാകുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

Related Articles