Editors Desk

മന്ത്രവാദക്കുരുക്കിലകപ്പെട്ട കേരളം

മന്ത്രവാദം കൈക്കലാക്കാന്‍ ശിഷ്യന്‍ ഗുരുവിനെ ക്രൂരമായി കൊന്നു കുഴിച്ചു മൂടിയ വാര്‍ത്ത കേട്ട് കേരളം ഞെട്ടേണ്ടതാണ്. പക്ഷെ വികലമായ വിശ്വാസങ്ങളുടെ ദുരന്തം കേരളം മുമ്പും അനുഭവിച്ചതാണ് എന്നതിനാല്‍ കൂടുതല്‍ ഞെട്ടല്‍ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. വിശ്വാസം മനസ്സുമായി ബന്ധപ്പെട്ടതാണ്. മനുഷ്യരെ നല്ല വഴിയില്‍ മുന്നോട്ടു പോകാന്‍ ഉതകുന്നതാകണം അത്. ചുരുക്കത്തില്‍ മനസ്സിന്റെ വക്രതയും വികലതയും കുടുസും മറികടക്കാന്‍ വിശ്വാസത്തിനു കഴിയണം. അതില്ല എന്നതാണ് പല വിശ്വാസങ്ങളുടെയും ദുരവസ്ഥ.

കേരളം പോലെ സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു സംസ്ഥാനത്തു നിന്നും പറഞ്ഞു കേള്‍ക്കാന്‍ പാടില്ലാത്ത ഒന്നാണ് വിശ്വാസത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പും ജീവഹാനിയും. ആള്‍ ദൈവങ്ങളും പുരോഹിതരും മന്ത്രവാദികളും വിശ്വാസികളെ വഞ്ചിച്ചു തടിച്ചു കൊഴുക്കുന്നു. ഒരു വാര്‍ത്തയുടെ വാര്‍ത്താ പ്രാധാന്യം കുറഞ്ഞാല്‍ അടുത്ത വാര്‍ത്ത എന്ന രീതിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

അടുത്ത ദിവസം നാം കേട്ട സംഭവം നമ്മെ നടുക്കണം. ഗുരുവിന്റെ കയ്യില്‍ നിന്നും മന്ത്രം കൈക്കലാക്കാന്‍ ശിഷ്യന്‍ നടത്തിയ മനുഷ്യത്വത്തിന്റെ ഒരു കണികയും ബാക്കിയില്ലാത്ത ക്രൂരത. ജനത്തിന് രക്ഷയും സമാധാനവും നല്‍കുമെന്ന് ഉറപ്പു തരുന്നതാണ് മന്ത്രവാദം. മാത്രമല്ല അവര്‍ക്കു അറിയാന്‍ കഴിയാത്ത അദൃശ്യ കാര്യങ്ങളും ഭാവിയും കൃത്യമായി അവര്‍ക്കു പറഞ്ഞു കൊടുക്കും എന്നതും അവര്‍ ജനത്തെ പറഞ്ഞു ഫലിപ്പിക്കുന്നു. അതെ സമയം തന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ അടുത്ത് നില്‍ക്കുന്ന ശിഷ്യന്‍ തന്നെ കരുക്കള്‍ നീക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഗുരുവിന്റെ മന്ത്രവാദത്തിനു കഴിഞ്ഞില്ല. സ്വന്തിനു നേരെ വരുന്ന ദുരന്തങ്ങളെ പോലും മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. അതെ സമയം ഇവര്‍ തങ്ങളുടെ ഭാവി പറഞ്ഞു തരും എന്ന വിശ്വാസം കൊണ്ട് നടക്കുന്ന വിഢികളായ അനുയായികള്‍ നമ്മുടെ നാട്ടില്‍ ധാരാളമാണ്.

വിശ്വാസത്തിലെ മുഖ്യഘടകം ദൈവ വിശ്വാസമാണ്. തന്റെ അടിമകള്‍ക്ക് ദോഷകരമായ ഒന്നും ദൈവം ആവശ്യപ്പെടുന്നില്ല. മറ്റുള്ളവരുടെ ജീവനും ധനവും അപമാനവും പവിത്രമാണ് എന്നതാണ് ദൈവിക അധ്യാപനം. ഭൂമി മനുഷ്യന് ദൈവം നല്‍കിയ ആയുസ്സ് പൂര്‍ണമായി ജീവിച്ചു തീര്‍ക്കാനുള്ള ഇടമാണ്. അതിനിടയില്‍ മറ്റു മനുഷ്യരോടും പ്രകൃതിയോടും മാന്യമായി മാത്രമേ ഇടപെടാന്‍ പാടുള്ളൂ എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. അതിനു തടസ്സം നില്‍ക്കുന്ന വിശ്വാസങ്ങള്‍ മനുഷ്യന് ഹാനികരമാണ്. ശരിയായ ദൈവ വിശ്വാസം കൊണ്ട് മനുഷ്യന് ലഭിക്കേണ്ട ഒന്നാണ് ഹൃദയ വിശാലത. വിശ്വാസികള്‍ എന്ന് പറയുന്നവര്‍ എന്ത് കൊണ്ട് ഇടുങ്ങിയ മനസ്സിന്റെ ഉടമകളാവുന്നു എന്നതും പരിശോധിക്കണം. മനുഷ്യ മനസ്സുകള്‍ കടുത്തു പോയാല്‍ പിന്നെ കല്ലിനേക്കാളും കാഠിന്യമാകും. ചില കല്ലുകള്‍ക്കടിയില്‍ നിന്നും നീരുറവ പൊട്ടുക എന്നത് സാധ്യമാണ്. പക്ഷെ കറുത്ത മനസ്സില്‍ നിന്നും ഒരു നന്മയും പ്രതീക്ഷിക്കുക വയ്യ.

നിധിയുടെയും സ്വര്‍ണത്തിന്റെയും പേരില്‍ മക്കളെ പോലും കുരുതി കൊടുക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നും കേട്ട് വരുന്നു. അതൊന്നും നമ്മെ ബാധിക്കില്ല എന്നതായിരുന്നു കേരളക്കാരന്റെ വിശ്വാസം. എന്നാല്‍ ആ വിശ്വാസത്തിനു ഇളക്കം തട്ടുന്നതാണ് നാം അടുത്തിടെ കേട്ട് കൊണ്ടിരിക്കുന്ന പലതും. മന്ത്രവാദം കേരളത്തില്‍ തഴച്ചു വളരുന്ന ഒരു കച്ചവടമാണ്. അതിനു മതം വിശ്വാസം എന്നീ വ്യത്യാസങ്ങളില്ല. എല്ലാ മതങ്ങളിലും അനുയായികള്‍ കാര്യമായി തന്നെ പറ്റിക്കപ്പെടുന്നു. അതൊരിക്കലല്ല പല തവണ ആവര്‍ത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പലപ്പോഴും അധികാരികള്‍ നടപടി എടുക്കാതെ ഒളിച്ചു കളിക്കുന്നു. അവരുടെ വിഹിതം കൃത്യമായി ലഭിക്കുക എന്നത് മാത്രമാണ് ഈ വിഷയത്തിലെ ഉദ്യോഗസ്ഥ നിലപാട്.

സര്‍ക്കാര്‍ നടപടിയെടുത്താല്‍ മാത്രം തീരുന്നതല്ല ഈ വിഷയം. മനുഷ്യരുടെ മനസ്സില്‍ മാറ്റം വരാതെ ഇത്തരം വിനോദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ദൈവ വിശ്വാസം പറ്റിക്കപ്പെടാന്‍ കാരണമാകാന്‍ പാടില്ല. മറഞ്ഞ കാര്യങ്ങളും ഭാവിയും അറിയാന്‍ മനുഷ്യന് കഴിയില്ല. അത് കഴിയും എന്ന് പറയുന്നവര്‍ അവരുടെ തന്നെ ഭാവിയും അദൃശ്യവും അറിയാന്‍ കഴിയാത്തവരാണ്. വിശ്വാസം കൊണ്ട് മനുഷ്യന് മാനസികമായ കരുത്തു ലഭിക്കണം. വിശ്വാസി പറ്റിക്കാനും പറ്റിക്കപ്പെടാനും പാടില്ല. അങ്ങിനെ പറ്റിക്കപ്പെടാന്‍ കാരണമാകുന്ന ഒരു വിശ്വാസവും നേര്‍വഴിയിലല്ല എന്ന് കൂടി മനസ്സിലാക്കിയാല്‍ വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാം.

Facebook Comments
Show More
Close
Close