Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപിയില്‍ നിന്നും ഷാഹി ഈദ്ഗാഹിലേക്കുള്ള ദൂരം

350 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് നിര്‍മിച്ച ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് ബാബരി മസ്ജിദിന് സമാനമായി തങ്ങളുടെ കൈപ്പിടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. ഇതിനായുള്ള ആദ്യ പടി വിജയിച്ചതിന്റെ ആഹ്ലാദ തിമിര്‍പ്പിലാണ് ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍. മസജിദില്‍ ഇത്രയും വര്‍ഷങ്ങളായി നമസ്‌കാരവും ആരാധനകര്‍മങ്ങളും മുറപോലെ നടക്കുന്നുണ്ട്. ഇതിനിടെ ഒരു സുപ്രഭാതത്തിലാണ് ഹിന്ദുത്വ തീവ്രവാദികള്‍ ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്നും മസ്ജിദിന്റെ അടിയില്‍ ശിവലിംഗവും മറ്റു വിഗ്രഹങ്ങളും ഉണ്ടെന്ന അവകാശവാദവുമായി രംഗത്തുവരുന്നത്.

സംഘ്പരിവാര്‍ സംഘടനകള്‍ മസ്ജിദിനെതിരെ ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് വിഷയം പതിവുപോലെ കോടതിക്ക് മുന്നിലെത്തി. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം മസ്ജിദില്‍ വീഡിയോഗ്രാഫിക് സര്‍വേ നടത്തുകയായിരുന്നു. മെയ് 17നകം സര്‍വേ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരാണാസി കോടതി സര്‍വേ സംഘത്തോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കോടതി പറഞ്ഞ തീയതിക്കും മുന്‍പേ വലിയ ആവേശത്തോടെ നേരത്തെ തന്നെ സര്‍വേ പൂര്‍ത്തിയാക്കി. സര്‍വേ സ്‌റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അവധി ദിനമായ ഞായറാഴ്ച പോലും ജോലിയെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ കഴിഞ്ഞയാഴ്ച സര്‍വേ പൂര്‍ത്തീകരിച്ചത്.

പള്ളിയില്‍ ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു സര്‍വേ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ ഇവിടെ മുന്‍പ് ക്ഷേത്രം ആണെന്നതിന് ഇത് തെളിവാണെന്നാണ് സംഘം ഇതിലൂടെ തെളിയിക്കാന്‍ ശ്രമിച്ചത്. ഇതു മാത്രമാണ് കാര്യമായി അവര്‍ ഉയര്‍ത്തിക്കാട്ടിയത്. തുടര്‍ന്ന് പള്ളി പരിസരത്ത് ശിവലിംഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഈ ഭാഗം സീല്‍ ചെയ്യണമെന്നും വാരണാസി കോടതി ഉത്തരവിട്ടു.

എന്നാല്‍ പള്ളിയില്‍ വുദൂ എടുക്കുന്നതിനായി ഉപയോഗിക്കുന്ന കുളത്തിന് (ഹൗളിന്) താഴെ കണ്ടെത്തിയത് ജലധാര (ഫൗണ്ടേന്‍) ആണെന്നും പഴയകാലത്ത് ഹൗളിലേക്ക് വെള്ളം ഒഴുക്കാന്‍ ഉപയോഗിക്കുന്നതാണിതെന്നും പള്ളി അധികൃതര്‍ അറിയിച്ചെങ്കിലും ഇതൊന്നും ചെവികൊള്ളാന്‍ മുഖ്യധാര മാധ്യമങ്ങള്‍ അടക്കം തയാറായില്ല. പള്ളിക്ക് ഉള്ളില്‍ നിന്നും വിഗ്രഹം കണ്ടെത്തിയെന്ന തരത്തിലാണ് സംഘ്പരിവാര്‍ ക്യാംപും അവര്‍ക്ക് കുഴലൂത്ത് നടത്തുന്ന പ്രമുഖ ദേശീയ മാധ്യമങ്ങളും വാര്‍ത്ത ആഘോഷിച്ചത്. മുസ്ലിംകളുടെ അവകാശവാദത്തെ അവരുടെ നുണപ്രചാരണത്തിലൂടെ മുക്കികളയാനും അവര്‍ ശ്രമിച്ചു. മസ്ജിദിന്റെ പുറംഭാഗത്ത് സ്ഥിതി ചെയ്യുന്ന ശൃംഗാര്‍ ഗൗരി ക്ഷേത്രത്തിന് മുന്നില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി വിവാദം ആരംഭിച്ചത്.

ഗ്യാന്‍വാപി വിധി വന്ന് കേവലം 24 മണിക്കൂറിനുള്ളിലാണ് സംഘ്പരിവാറത്തിന്റെ ലിസ്റ്റിലുള്ള മറ്റൊരു പള്ളിയായ മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്ര പരിസരത്തുള്ള ഷാഹി ഈദ്ഗാഹ് പള്ളിക്കെതിരെയുള്ള വാര്‍ത്ത പുറത്തുവരുന്നത്. പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വിഭാഗം സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചത് വ്യാഴാഴ്ചയാണ്. നേരത്തെ ഹരജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ കീഴ്ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്. പള്ളി നിലനില്‍ക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമിയാണെന്നും അവിടെ നിന്നും പള്ളി പൊളിച്ചു മാറ്റണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. പള്ളി അടച്ചൂപൂട്ടി സീല്‍ ചെയ്യണമെന്നും മസ്ജിദില്‍ മുസ്ലിംകള്‍ ആരാധന നടത്തുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വിവിധ സംഘ്പരിവാര സംഘടനകളും നേരത്തെ സമാനമായ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഗ്യാന്‍വാപി പള്ളി പോലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലും ഹിന്ദുമത അടയാളങ്ങള്‍ ഉണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് ഹരജിക്കാര്‍ കോടതിയില്‍ അവകാശവാദമുന്നയിച്ചതില്‍ നിന്ന് തന്നെ വ്യക്തമാകും കൃത്രിമമായി തെളിവുണ്ടാക്കി സുഖമമായി തന്നെ ഈ പള്ളിയും പിടിച്ചെടുക്കാന്‍ കഴിയുമെന്ന്.

അധികാരവും പൊലിസും കോടതിയും ഭൂരിപക്ഷം അണികളുടെ തങ്ങളുടം ചൊല്‍പ്പടിക്കൊത്ത് നില്‍ക്കുന്ന ഈ കാലത്ത് മുസ്ലിം നിര്‍മിതികളും ആരാധനാലയങ്ങളും ഓരോന്നായി സംഘ്പരിവാര്‍ പാളയത്തില്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് വലിയ പാടില്ലെന്നാണ് അവര്‍ ഇതിലൂടെയെല്ലാം തെളിയിക്കുന്നത്. മുസ്ലിംകളുടെ ഐതിഹ്യവും പൈതൃകവും നിലനില്‍ക്കുന്ന ചരിത്ര സ്മൃതികളും ആരാധനാലയങ്ങളും ഏതു വിധേനയും പിടിച്ചെടുക്കുക എന്ന് തന്നെയാണ് സംഘ്പരിവാറിന്റെ സ്ഥാപിത ലക്ഷ്യം. ബാബരി വിധിയോടെ അവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠത്തിലും വലിയ പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സമാനമായ വിധികള്‍ പകര്‍ന്നു നല്‍കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതസാഹോദര്യവും തനിമ കെടാതെ കാത്തുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യ പോരാളികളില്‍ മാത്രമാണ് ഇനി ആകെയുള്ള പ്രതീക്ഷ.

Related Articles