Current Date

Search
Close this search box.
Search
Close this search box.

ബാബരിയില്‍ നിന്നും മഥുര ഈദ്ഗാഹ് മസ്ജിദിലേക്കുള്ള ദൂരം

മതേതര ഇന്ത്യയുടെ മനസ്സിന് തീരാ കളങ്കമേല്‍പ്പിച്ച ഡിസംബര്‍ ആറ് ഒരിക്കല്‍
കൂടി കടന്നുവരുമ്പോള്‍ മറ്റൊരു ആശങ്കയുടെ നടുവിലാണ് ഇന്ത്യ. കൃഷ്ണ ജന്മഭൂമിയെന്ന് അവകാശപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലേക്ക് റാലി നടത്താനും അവിടെ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാനുമാണ് സംഘ്പരിവാറിന്റെ ആശീര്‍വാദത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി തെരഞ്ഞെടുത്ത തീയതിയാണ് അവരുടെ അജണ്ട എത്രത്തോളം അപകടകരമാണെന്ന് നാം മനസ്സിലാക്കേണ്ടത്. ബാബരി മസ്ജിദ് തകര്‍ത്ത് കൈയേറിയ അതേ ദിവസം. ഡിസംബര്‍ ആറ്. അതായത്, സംഘ്പരിവാര്‍ അലിഖിതമായി പ്രഖ്യാപിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്ലിം പള്ളികളെല്ലാം തകര്‍ത്ത് അവിടെ ക്ഷേത്രം പണിയുമെന്ന പരസ്യമായ രഹസ്യ അജണ്ടയിലേക്കുള്ള റൂട്ട് മാര്‍ച്ചാണിത്.

മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് നേരത്തെ തന്നെ സംഘ്പരിവാര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. എന്നത്തേതും പോലെ ഈ പള്ളിക്കും താഴെയും കൃഷ്ണ വിഗ്രഹമുണ്ടായിരുന്നുവെന്നും മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് 1670ല്‍ മഥുര ആക്രമിച്ച സമയത്ത് ഇവിടെ കേശവേന്ദ്ര ക്ഷേത്രമാണ് നിലനിന്നിരുന്നതെന്നും പിന്നീട് ഇത് പൊളിച്ച് അവിടെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിക്കുകയായിരുന്നുവെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. ഔറംഗസേബിന്റെ ഗവര്‍ണറായിരുന്ന അബ്ദുല്‍ അലി നബി ഖാന്‍ ആണ് 1855ല്‍ മഥുര ജുമാമസ്ജിദ് നിര്‍മിക്കുന്നത്.

നാല് നൂറ്റാണ്ട് പഴക്കമുള്ള പള്ളി കൃഷ്ണ ജന്മഭൂമിയോട് ചേര്‍ന്ന പ്രദേശത്താണ് നിലനില്‍ക്കുന്ന എന്ന ഒറ്റക്കാരണത്താല്‍ ഏതുവിധേനയും തകര്‍ത്ത് സ്വന്തമാക്കുക എന്നത് മാത്രമാണ് സംഘ്പരിവാറിന്റെ ഉദ്ദേശ്യം. ശ്രീകൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥലമായി അവര്‍ അവകാശപ്പെടുന്നത്. മഥുര നഗരത്തിലെ പ്രമുഖ ക്ഷേത്രമായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിലാണെന്നാണ്.

ഡിസംബര്‍ 6 ന് ‘മഹാജല്‍ അഭിഷേകിന്’ (അനുഷ്ഠാനമായി വെള്ളം തളിക്കുക) ശേഷം സ്ഥലം ‘ശുദ്ധീകരിച്ച്്’ വിഗ്രഹം സ്ഥാപിക്കുമെന്നാണ് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് രാജ്യശ്രീ ചൗധരി പ്രഖ്യാപിച്ചത്. മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജികള്‍ പ്രാദേശിക കോടതികള്‍ പരിഗണിക്കുന്നതിനിടെയാണ് ഈ പരസ്യമായ വെല്ലുവിളി. അതിന് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന മാതൃകയാണ് ബാബരിയുടെ തകര്‍ക്കലും പിന്നീട് കോടതിവിധിയിലൂടെ പള്ളി ഭൂമി അവര്‍ സ്വന്തമാക്കിയതും.

അതേസമയം, ഷാഹി മസ്ജിദ് വിഷയം ഈ സമയത്ത് കത്തിച്ചുനിര്‍ത്താന്‍ പരിവാരത്തിന് മറ്റൊരു അജണ്ടയുണ്ട്. അത് മറ്റൊന്നുമല്ല, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പാണ്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗ്ഗീയതയും വിദ്വേഷവും ആളിക്കത്തിക്കുക എന്നത് അവരുടെ പുതിയ തന്ത്രമല്ല. സ്ഥിരം പയറ്റുന്ന അടവുനയമാണ്. ദുര്‍ബലരും നിരക്ഷരരുമായ വോട്ടര്‍മാര്‍ക്കിടയില്‍ എളുപ്പം വര്‍ക്ക് ഔട്ട് ആകുന്ന ഒരു രാഷ്ട്രീയമാണ് ഇത്. ഉത്തരേന്ത്യയിലുടനീളം ബി.ജെ.പി നടപ്പിലാക്കി വരുന്ന രാഷ്ട്രീയ തന്ത്രമാണിത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. അയോധ്യ, കാശി മഹാക്ഷേത്രങ്ങള്‍ നിര്‍മാണത്തിലാണ്, മഥുര ക്ഷേത്രവും ഉടന്‍ നിര്‍മിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

യോഗി ആഥിത്യനാഥിന്റെ അഞ്ച് വര്‍ഷത്തെ ഭരണം സംഘ്പരിവാര്‍ നേതൃത്വത്തിന് തന്നെ തലവേദനയായിരുന്നു. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയടക്കം വിവിധ മേഖലകളില്‍ യു.പിയെ പിറകോട്ടുവലിക്കുകയും തകര്‍ച്ചയിലെത്തിക്കുകയും ചെയത യോഗിയുടെ സര്‍ക്കാരിന് നേട്ടങ്ങളുടെ പേരുപറഞ്ഞ് വോട്ടു പിടിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് സംഘ നേതൃത്വം അവസാനത്തെ അടവുമായി ഇറങ്ങിയത്. തങ്ങളുടെ ക്ഷേത്രം മുസ്ലിംകള്‍ തകര്‍ത്ത് കൈയേറുകയും അത് തിരിച്ചുപിടിച്ച് അവിടെ ക്ഷേത്രം പണിയണമെന്നുമാണ് യു.പിയിലെ ഹിന്ദു സമൂഹത്തോടാകെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നത്. ഇതിന് നേതൃത്വം നല്‍കാന്‍ ബി.ജെ.പിക്കേ കഴിയൂ എന്ന ഒരു രഹസ്യ സന്ദേശം കൂടിയാണ് അവര്‍ രാഷ്ട്രീയമായി നല്‍കുന്നത്. ഇങ്ങനെ ദുര്‍ബലരായ വോട്ടര്‍മാരെ എളുപ്പത്തില്‍ സ്വാധീനിച്ച് അധികാരമുറപ്പിക്കുക എന്നതാണ് അവരുടെ പദ്ധതി.

ഹിന്ദുമഹാസഭയുടെ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയില്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ 2100 അര്‍ധ സൈനികരെ മഥുര-വൃന്ദാവന്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഹിന്ദു മഹാസഭ മഥുര ജില്ലാ പ്രസിഡന്റ് ഷായ ഗൗതമിനെ യു.പി പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മേഖലയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും പൊലിസ് കഴിഞ്ഞ ദിവസം ഇവിടെ ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീവ്ര ഹിന്ദുത്വവാദിയായ യോഗി ആതിഥ്യനാഥ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൊലിസില്‍ നിന്നും നമുക്ക് വലിയ നീതി പ്രതീക്ഷിക്കാനുമാവില്ല.

ഇതിന് തടയിടാന്‍ യു.പിയിലെ മതേതര കക്ഷികള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാത്രമേ കഴിയൂ എന്നാണ് നാം മനസ്സിലാക്കുന്നത്. ഒത്തൊരുമയോടെ അവര്‍ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഹിന്ദുത്വ ശക്തികളെ സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കാനാകും. അതിനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ഒരു ഭാഗത്ത് ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് കല്ലുകടിയായി ചില അസ്വാരസ്യങ്ങളും ഉടലെടുക്കുന്നുണ്ട്. ഇവിടെ ഭിന്നിപ്പുണ്ടാക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ് എന്ന് മനസ്സിലാക്കി മുന്നോട്ടു പോയാല്‍ മാത്രമേ യു.പിയെയും ഷാഹി മസ്ജിദിനെയും ഹിന്ദുത്വ ശക്തികളില്‍ നിന്നും രക്ഷിച്ചെടുക്കാനാകൂ.

Related Articles