Current Date

Search
Close this search box.
Search
Close this search box.

അശ്വിനി ഉപാധ്യായയില്‍ നിന്ന് ഉമര്‍ ഖാലിദിലേക്കുള്ള ദൂരം

ഡല്‍ഹി ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച വാര്‍ത്ത നാം വായിച്ചതാണ്. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ചൊവ്വാഴ്ചയാണ് ഉപാധ്യായയെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഡല്‍ഹി മെട്രോപൊളിറ്റിന്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഭാരത് ഛോഡോ ആന്തോളന്‍ എന്ന സംഘടന നടത്തിയ പരിപാടിയിലാണ് അദ്ദേഹം മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഉപാധ്യായക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ബി.ജെ.പി മുന്‍ ഡല്‍ഹി വക്താവും സുപ്രീം കോടതി അഭിഭാഷകനും കൂടിയായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലിസ് തയാറായില്ല. പിന്നീട് സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്നാണ് പൊലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. രണ്ട് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട അദ്ദേഹത്തിന് രണ്ടാം ദിനം തന്നെ ജാമ്യം ലഭിച്ചു എന്നതാണ് ഇവിടെ ശ്രദ്ധേയം. അര ലക്ഷം രൂപയുടെ ബോണ്ടിലായിരുന്നു ജാമ്യം.

അതേസമയം, സമാനമായ വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി നിരവധി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. അവയില്‍ ഭൂരിഭാഗം പേര്‍ക്കെതിരെയും പൊലിസ് കള്ളക്കേസുകളും വ്യാജ ആരോപണങ്ങളും ചുമത്തിയാണ് ജയിലിലടച്ചിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെയും സമുദായത്തെയും മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പൊലിസ് ഇത്തരക്കാരെ അറസ്റ്റ് ചെയ്യുന്നത്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് ജയിലിലടക്കപ്പെട്ടിട്ട് ഒരു വര്‍ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ 34ാം പിറന്നാള്‍ ദിനത്തിലും ജയിലില്‍ കഴിയേണ്ടി വന്ന അദ്ദേഹത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ വിചാരണതടവുകാരനായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് 300 ദിവസമാണ് തടവറയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥി സമരം നടത്തിയതിന് യു.എ.പി.എ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥി സംഘടന നേതാവ് കൂടിയായ ഉമറിനെതിരെ അനവധി പേജുകളിലുള്ള കുറ്റപത്രമാണ് ഡല്‍ഹി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്.

നേരത്തെ അഞ്ച് വര്‍ഷം മുന്‍പ് 2016ലും ഉമറിനെതിരെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം അദ്ദേഹം ജയില്‍ മോചിതനായിരുന്നു. ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിനായിരുന്ന അന്ന് ഉമറിനെ അറസ്റ്റ് ചെയ്തത്. ബട്‌ല ഹൗസില്‍ പൊലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിന് പിന്നാലെയാണ് ഉമര്‍ ഖാലിദ് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. അന്ന് ഉമറിന് 21 വയസ്സായിരുന്നു പ്രായം.

ആക്രമത്തിന് പ്രേരിപ്പിക്കുകയും കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ആളുകള്‍ക്കു നേരെ പൊലിസ് കണ്ണടക്കുകയും അറസ്റ്റ് ചെയ്തവര്‍ക്ക് പിന്നാലെ തന്നെ ജാമ്യം നല്‍കുന്ന നിയമവ്യവസ്ഥയാണ് കഴിഞ്ഞ ആറു വര്‍ഷത്തിലേറെക്കാലമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും ആഭ്യന്തര വകുപ്പിന് കീഴിലും പൊലിസിലും ഇക്കാര്യം വിദഗ്ധമായി കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.

2019ല്‍ രാജ്യത്ത് അലയടിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന ഐതിഹാസികമായ സമരത്തിന് നേതൃത്വം നല്‍കിയ നിരവധി വിദ്യാര്‍ത്ഥി നേതാക്കളെയും യുവജന നേതാക്കളെയും പെണ്‍കുട്ടികളെയും ആക്റ്റിവിസ്റ്റുകളെയുമാണ് പൊലിസ് യു.എ.പി.എ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും നിരന്തരമായി ജാമ്യം നിഷേധിക്കുന്ന പ്രവണതയും നാം കാണുന്നുണ്ട്. മോദിയുടെ ഇന്ത്യയില്‍ ഇരട്ട നീതി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി നേതാവായ അശ്വിനി ഉപാധ്യായക്ക് ജാമ്യം ലഭിച്ച സംഭവം. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ബി.ജെപി നേതാക്കള്‍ നിരന്തരം തുടരുമ്പോള്‍ അവര്‍ക്കെതിരെ പെറ്റിക്കേസ് പോലും എടുക്കാന്‍ തയാറാകാത്ത ആഭ്യന്തര വകുപ്പ് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നത് തുടരുകയാണ്.

Related Articles