Editors Desk

ഇന്ത്യയിലും കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ ഒരുങ്ങുമ്പോള്‍

രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികള്‍ ആരംഭിച്ച കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ ലോകത്ത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ അന്നത്തെ രാഷ്ട്രീയ എതിരാളികളെയും തങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന എല്ലാ വിഭാഗത്തെയും ക്രൂരമായി മര്‍ദിക്കാനും ഏകാന്ത തടവിലാക്കാനും വേണ്ടിയാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ എന്ന പേരില്‍ തടവു കേന്ദ്രങ്ങള്‍ ആരംഭിച്ചത്. നാസി ഭീകരരുടെ നേതൃത്വത്തില്‍ അതിക്രൂരമായ കൂട്ടക്കൊലകളും പീഡനങ്ങളുമാണ് പിന്നീട് ജയിലിലെ തടവുകാര്‍ക്ക് നേരിടേണ്ടി വന്നത്.

ഇതിന് സമാനമായ മറ്റൊരു തടവുകേന്ദ്രമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗ്വാണ്ടനാമോ തടവറ. ഇവിടെയും തടവുപുള്ളികളെ വിചാരണയില്ലാതെ അകാരണമായി ഏകാന്ത തടവറയിലാക്കി ക്രൂരമായി മര്‍ദിക്കുന്ന വാര്‍ത്തകളും ലോകം കണ്ടതാണ്. ഐക്യരാഷ്ട്രസഭ അടക്കമുള്ള സംവിധാനങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഇത്തരം കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോള്‍ നമ്മുടെ രാജ്യത്തും ഇത്തരം ക്യാംപുകള്‍ ആരംഭിക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാജ്യത്ത് അനധികൃതമായി കുടിയേറി പാര്‍ക്കുന്നവരെ പാര്‍പ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടങ്കല്‍ പാളയങ്ങള്‍ ഒരുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അടുത്തിടെ ഏറെ ചര്‍ച്ചയായ അസം പൗരത്വ പട്ടികയുമായി ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം ഇത്തരം തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നത്. അസമിലെ അന്തിമ പൗരത്വം പട്ടിക കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചപ്പോള്‍ 20 ലക്ഷത്തിനടുത്ത് പേര്‍ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഇവരെ എന്തു ചെയ്യുമെന്ന ചോദ്യം നിലനില്‍ക്കുമ്പോഴാണ് ഇത്തരക്കാരെ പാര്‍പ്പിക്കാനായി അസമില്‍ തന്നെ കൂറ്റന്‍ തടവു കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

അസമില്‍ മാത്രം 11 ജില്ലകളിലാണ് തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഓരോ തടവു കേന്ദ്രത്തിലും ആയിരക്കണക്കിന് പേരെയാണ് നിറക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതുപ്രകാരം പട്ടികയില്‍ നിന്നും പുറത്താകുന്ന ലക്ഷക്കണക്കിന് പേരെ എവിടെ പാര്‍പ്പിക്കുമെന്ന ചോദ്യവും ബാക്കിയാണ്. അതിനാല്‍ തന്നെ ചെറിയ തടവുകേന്ദ്രങ്ങളില്‍ താങ്ങാവുന്നതിലും അപ്പുറം ആളുകളെ കുത്തിനിറക്കാനാണ് സാധ്യത എന്ന ചര്‍ച്ചയും ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. അസമിലെ നിര്‍മാണം പൂര്‍ത്തിയാവുന്ന തടവു കേന്ദ്രത്തിലെ സൗകര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാണിക്കുന്നത് ഏറെ ഭയാനകമായ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് സമാനമാണ് ഇവിടുത്തെ സൗകര്യങ്ങള്‍ എന്നാണ്. 20 അടി പൊക്കത്തില്‍ ചുറ്റുമതില്‍,ഒരാള്‍ക്ക് കിടക്കാന്‍ കേവലം ഒന്നരയടി വീതി,ഒരു സെല്ലില്‍ 50 പേര്‍ എന്നിങ്ങനെ ഭീതി ജനിപ്പിക്കുന്നതാണ് 100 കോടി ചെലവില്‍ തകൃതിയായി നിര്‍മാണം പൂര്‍ത്തിയാകുന്ന തടവുകേന്ദ്രങ്ങള്‍. ബാര്‍പേട്ട, ദിമാ, ഹസൗ, കാംരൂപ്, കരംഗഞ്ച്, ലഖിംപൂര്‍ തുടങ്ങിയ 11 ജില്ലകളിലാണ് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ ഇത്തരം തടവു കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലും അസമിലും കര്‍ണാടകയിലുമെല്ലാം ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നതെന്ന് വ്യക്തമാണ്. തങ്ങളുടെ പൂര്‍വീകര്‍ ഇന്ത്യക്കാരായിരുന്നു എന്നതിന്റെ ഒറിജിനല്‍ രേഖ കാണിച്ചാല്‍ മാത്രമേ മുസ്‌ലിം ജനവിഭാഗത്തെയടക്കം ഇന്ത്യക്കാരായി പരിഗണിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയാതെ പറയുന്നത്.

ഇന്ത്യയില്‍ ജനിച്ച് വര്‍ഷങ്ങളായി ഇവിടെ തന്നെ കഴിഞ്ഞ്,പൗരത്വമെടുത്ത് ജീവിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അസമില്‍ അടക്കം കേന്ദ്രസര്‍ക്കാര്‍ വലവിരിച്ചത്. ഘട്ടം ഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപിക്കുമെന്നും നേരത്തെ സൂചന നല്‍കിയിരുന്നു. അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറുന്ന ഹിന്ദു മതവിശ്വാസികള്‍ക്ക് ഇന്ത്യയില്‍ സ്ഥിര പൗരത്വം നല്‍കാന്‍ ഭേദഗതി ചെയ്യുന്ന ബില്ലും ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ പാസാക്കിയെടുക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് സമാനമായ ഏകാന്ത തടവു കേന്ദ്രങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും ഒരുങ്ങുന്നു എന്നത് ശുഭസൂചനയല്ല.

Facebook Comments
Related Articles
Close
Close