Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാലിദ് – ഇന്ന് നീ നാളെ ഞാന്‍

കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന ചൊല്ലിനു ഇപ്പോള്‍ പ്രസക്തിയില്ല. കട്ടവനെ വിശുദ്ധനാക്കി ഇരയെ പിടികൂടുക എന്നതാണു ഫാസിസ്റ്റ് കാലത്തെ നീതി. ഉമര്‍ ഖാലിദ് ഫാസിസ്റ്റ് സര്‍ക്കാരിന്റെ  അവസാനത്തെ ഇരയാണ് എന്ന് നാം കരുതുന്നില്ല. യു എ പി എ യാണു ഉമര്‍ ഖാലിദിന്റെ പേരില്‍ ചുമത്തിയ കുറ്റം. നീണ്ട പതിനൊന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണത്രേ അറസ്റ്റു നടന്നതെന്ന് ദല്‍ഹി പോലീസ് പറയുന്നത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് പറയുന്നു. ദല്‍ഹി കലാപത്തിന്റെ സൂത്രധാരകന്‍ എന്നതാണു പോലീസ് ചുമത്തുന്ന കുറ്റം. ദല്‍ഹി ഒരു കലാപത്തിലേക്ക് പോയന്തെങ്ങിനെ എന്നത് നമ്മുടെ കണ്മുമ്പിലെ സത്യമാണ്. ഒരു ജനതയെ ലക്‌ഷ്യം വെച്ച് ഫാസിസം കരുക്കള്‍ നീക്കിയപ്പോള്‍ അതിനെ നേരിടുക എന്നത് ആ ജനതയുടെ ജീവന്‍ മരണ പോരാട്ടമായി. പൗരത്വ നിയമം വംശീയ  ഉണ്മൂലനത്തിലെ ആദ്യത്തെയോ അവസാനത്തെയോ ശ്രമമായിരുന്നില്ല. സംഘ പരിവാര്‍ ശക്തികള്‍ ഭരണ കൂടത്തിന്റെ പിന്‍ബലത്തില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ പദ്ധതികളുടെ ശ്രേണിയില്‍ ഒന്ന് മാത്രം.

ആളുകളെ അടിച്ചും ഇടിച്ചും കൊന്നു കളയുക എന്നത് ഒരു പഴയ രീതിയാണ്. അതിന്റെ പരിണിത ഫലമായി ഇന്ത്യയില്‍ നിലവില്‍ വന്ന ഒരു പ്രസ്ഥാനമാണ് United against hate എന്ന സംഘടന. അതിന്റെ സജീവ പ്രവര്‍ത്തകനാണു ഉമര്‍ ഖാലിദ്. 2017 ലാണ് അത്തരം ഒരു നീക്കത്തിന് ഇന്ത്യയില്‍ സാഹചര്യം ഒരുങ്ങിയത്. ഹരിയാനയില്‍ പതിനഞ്ചു വയസ്സുകാരന്‍ ജുനൈദിന്റെ ദാരുണ കൊല ഈ സംഘത്തിനു പ്രത്യേക കാരണമായി. നദീം ഖാന്‍, ബനോജ്യോട്സന, ഉമര്‍ ഖാലിദ് എന്നിവരാണ് ഈ മുന്നേറ്റത്തിന്റെ വാക്താക്കള്‍. മതത്തിന്റെയും ജാതിയുടെയും പേരില്‍ പീഡനം സഹിക്കേണ്ടി വന്നവരുടെ അടുത്ത ബന്ധുക്കള്‍ ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാണാതായ ജെ എന്‍ യു വിദ്യാര്‍ഥി നജീബിന്റെ മാതാവ് ഫാത്തിമ സഫീസ, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

കേവലം പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങാതെ വിഷയങ്ങള്‍ ബന്ധപ്പെട്ട സ്ഥലത്ത് എത്തിക്കാനും ഇരകള്‍ക്ക് നീതി വാങ്ങി നല്‍കാനുള്ള പ്രവര്‍ത്തനത്തിലും സംഘടന സജീവമായി ഇടപെട്ടു. ആള്‍ക്കൂട്ട കൊലയുടെ ഇരയായ തബ് ലീസ് അന്‍സാരിയുടെ കേസിലും ആസാമിലെ ദേശീയ പൗരത്വ പട്ടികയുടെ കാര്യത്തിലും സംഘടനയുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു. ഇത്തരം വിഷയങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ഹെല്‍പ് ലൈന്‍ സംവിധാനവും അവര്‍ സജ്ജീകരിച്ചു. കൂടാതെ രാജ്യത്തെ വിഭജിക്കാന്‍ കാരണമാകുന്ന പൗരത്വ നിയമത്തിലും അവുടെ ഇടപെടല്‍ കാര്യമായി തന്നെയായിരുന്നു.

Also read: മന:സമാധാനം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍

ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് “ പുറമേക്ക് നല്ല രീതിയിലാണെങ്കിലും അവരുടെ പ്രവര്‍ത്തനം ദേശ വിരുദ്ധമാണ്” എന്നായിരുന്നു. അതായത് ഫാസിസ്റ്റ് സര്‍ക്കാര്‍ കൃത്യമായ നിലപാടോട് കൂടിയാണ് ഇത്തരം സംഘങ്ങളെ ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കാടന്‍ നിയമങ്ങള്‍ ലോകത്തിനു മുന്നില്‍ കൊണ്ട് വരുന്നതില്‍ സംഘടന വഹിച്ച പങ്കു തന്നെയാണ് അവരെ ശത്രു പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

മുമ്പും പല കള്ളക്കെസിലും ഉമര്‍ ഖാലിദിനെ ഭരണ കൂടം അറസ്റ്റ് ചെയ്തിരുന്നു. അന്തര്‍ദേശീയ തലത്തില്‍ മോഡി സര്‍ക്കാരിന്റെ വില കുറച്ചു കളഞ്ഞ രണ്ടു കാര്യങ്ങളില്‍ ഒന്ന് പൗരത്വ നിയമവും മറ്റൊന്ന് ദല്‍ഹി കലാപവുമായിരുന്നു. സമാധാപരമായി സമരം ചെയ്തിരുന്ന മുസ്ലിം സ്ത്രീകളെ ലോകം കണ്ടതാണ്. ആ സമരത്തെ ലോകം പിന്തുണച്ചു. അതിനെ തകര്‍ക്കാന്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ പല വഴികളും അന്വേഷിച്ചു. ഒരു വേള സമരം ചെയ്യാനുള്ള അവകാശമായി കോടതികള്‍ ഇത്തരം നീക്കങ്ങളെ അംഗീകരിച്ചു. കലാപ സമയത്ത് ദല്‍ഹി പോലീസിന്റെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളിലെ മനുഷ്യാവകാശങ്ങൾ എടുത്തു പറഞ്ഞതുമാണ്‌. മുസ്ലിംകളെ പോലീസ് തന്നെ നേരിട്ട് ആക്രമിച്ച സംഭവങ്ങള്‍ അവര്‍ ഉദാഹരണ സഹിതം എടുത്തു കാണിച്ചിരുന്നു.

ജനുവരിയില്‍ ഉമര്‍ ഖാലിദ് വിദ്യാര്‍ഥികളോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ‘ നാം അക്രമത്തെ അക്രമം കൊണ്ട് നേരിടില്ല, വെറുപ്പിനെ നാം സ്നേഹം കൊണ്ട് നേരിടും. അവര്‍ വെറുപ്പ്‌ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നാം സ്നേഹം പ്രചരിപ്പിച്ചു നേരിടും” എന്നായിരുന്നു. അറ്റകൈ എന്ന നിലയിലാണ് സംഘ പരിവാര്‍ അവരുടെ ഗുണ്ടാ നേതാക്കളെ രംഗത്ത്‌ കൊണ്ട് വന്നത്. പ്രസ്തുത കലാപത്തിനു കപില്‍ മിശ്രയെ പോലെയുള്ളവര്‍ നല്‍കിയ സംഭാവന ലോകം കണ്ടതാണ്. പക്ഷെ ഒരിടത്തും അവര്‍ കുറ്റക്കാരായില്ല. പിന്നെ ആരൊക്കെയാണ് അവരുടെ കണ്ണിലെ കുറ്റവാളികള്‍. സീതാറാം യെച്ചൂരി തുടങ്ങി രാഷ്ട്രീയ നേതാക്കള്‍. ഉമര്‍ ഖാലിദ് പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. യഥാര്‍ത്ഥ കുറ്റവാളികള്‍ സര്‍ക്കാരിന്റെ പുതപ്പിന് കീഴില്‍ ഉറക്കത്തിലാണ്.  പക്ഷെ പുതിയ നീക്കങ്ങള്‍ സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കും എന്നുറപ്പാണ്. രാജ്യത്തെ രാഷ്ട്രീയ സാമൂഹിക നേതാക്കളും വിദ്യാഭ്യാസ രംഗത്തുള്ളവരും ശക്തമായി ഇതിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്. അതൊരു നല്ല നീക്കമായി നമുക്ക് പ്രതീക്ഷിക്കാം.

Related Articles