Editors Desk

കോവിഡ്: ജാഗ്രത പാലിക്കാന്‍ ഇനിയും വിമുഖത കാട്ടുന്നവര്‍

ആഗോള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ലോകമൊന്നടങ്കം ഒരേ പ്രോട്ടോകോള്‍ അനുസരിച്ച് ഒരേ നിര്‍ദേശങ്ങള്‍ പാലിച്ച് ഒരൊറ്റ മനസ്സോടെയും ലക്ഷ്യത്തോടെയും ഒരുമിച്ച് നിന്ന് പോരാടുന്നത്. 2019 ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിമുളച്ച ഒരു കുഞ്ഞു വൈറസിനെ തുരത്താന്‍ വേണ്ടിയുള്ള അതിജീവന പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന കാഴ്ചയാണ് എല്ലാ കോണുകളില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുക. കൈമെയ് മറന്നാണ് വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ ഭൂപ്രദേശത്തു നിന്നും ഈ മഹാമാരിയെ കെട്ടുകെട്ടിക്കാനുള്ള തീവ്രയത്‌നങ്ങളുമായി മുന്നോട്ടു പോകുന്നത്.

ഇതിന്റെ വ്യത്യസ്ത രീതിയിലുള്ള വാര്‍ത്തകളും നാം ദിനേന പത്ര മാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. ലോകത്ത് ഫലസ്തീനടക്കം 197 രാഷ്ട്രങ്ങളാണുള്ളത്. ഇതില്‍ 177 രാഷ്ട്രങ്ങളിലും ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 196 രാഷ്ട്രങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്ന അനൗദ്യോഗിക റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. അതായത് ലോകത്തിന്റെ എല്ലാ മുക്കു മൂലയിലും ഈ കൊച്ചു വൈറസ് പടര്‍ന്നു പന്തലിച്ചുവെന്നര്‍ത്ഥം. ലോകത്താകമാനം ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിനടുത്തേക്ക് (392,169) കടക്കുകയാണ്. ആകെ 17,138 പേര്‍ മരിച്ചുവീണു. അതേസമയം, 102,850 പേര്‍ക്ക് അസുഖം ഭേദമായിട്ടുമുണ്ട് എന്നതും നാം കാണാതെ പോകുന്നില്ല.

ഇത്രയൊക്കെ ഭീതിതമായാണ് കോവിഡ് ലോകത്തെ കാര്‍ന്നു തിന്നുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം വിതച്ച രാജ്യമാണ് ഇറ്റലി. ഇതുവരെയായി 6077 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 63,927 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്ഭവ കേന്ദ്രമായ ചൈനയില്‍ 3277 പേരെ മരിച്ചിരുന്നുള്ളൂ. ഇറ്റലിയില്‍ നിന്നും കൊറോണയെ നേരിടുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഒരുപാട് പാഠം പഠിക്കാനുണ്ട്. ആദ്യം അവര്‍ വേണ്ടത്ര രീതിയില്‍ വിഷയം ഗൗരവത്തിലെടുത്തില്ല എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. അവരില്‍ രോഗം പിടിപെട്ടവരില്‍ കൂടുതലും 60 വസ്സിനു മുകളിലുള്ളവരായതും മരണസംഖ്യ വര്‍ധിക്കാനിടയായി.

ഇങ്ങു ഇന്ത്യയിലേക്കും കേരളത്തിലേക്കും വരുമ്പോള്‍ പലയിടങ്ങളിലും രോഗ വ്യാപനത്തിന് കാരണമായത് സര്‍ക്കാരും ആരോഗ്യ വകുപ്പുകളും ആവര്‍ത്തിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ ലംഘിച്ചതാണെന്ന് നമുക്ക് നിസ്സംശയം പറയാം. കേരളത്തില്‍ കാസര്‍കോട് വൈറസ് പടര്‍ന്നു പിടിച്ചത് അവിടുത്തെ ആളുകള്‍ വളരെ ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്തതിനാലാണ്. മാത്രവുമല്ല, അതിനു ശേഷവും ജനങ്ങള്‍ വിഷയം ഗൗരവത്തിലെടുത്തില്ല. അതിന് ഉദാഹരണമാണ് സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് ജില്ല പൂര്‍ണമായും അടച്ചിടാനും ആളുകള്‍ പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടും തൊട്ടടുത്ത ദിവസങ്ങളിലും ആളുകളെ പൊതുനിരത്തിലും മാര്‍ക്കറ്റുകളിലും കൂട്ടംകൂടി നില്‍ക്കുന്നതും കൂടികലരുന്നതും കാണാന്‍ കഴിഞ്ഞത്. അവസാനം കലക്ടറും പൊലിസും നേരിട്ടെത്തി ജനങ്ങളെ തിരിച്ചയക്കുകയും വാഹനങ്ങള്‍ തടയേണ്ടിയും വന്ന കാഴ്ചയും നാം കഴിഞ്ഞ ദിവസം കണ്ടു. സമാന അവസ്ഥയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നാം കണ്ടത്.

ജനത കര്‍ഫ്യൂ ദിവസം റോഡില്‍ ഘോഷയാത്ര നടത്തിയ കാഴ്ച വരെ ലോകത്തിന് നാണക്കേടായി ഇന്ത്യയില്‍ നിന്നുമുണ്ടായി. രോഗം സമൂഹത്തില്‍ ഒന്നാകെ വ്യാപിക്കാന്‍ സാധ്യതയുള്ള രണ്ടാഴ്ച ഏറെ സൂക്ഷ്മതയോടെ പാലിക്കേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. അല്ലാതെ രോഗ ലക്ഷണങ്ങള്‍ ഉള്ളവരും രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരും മാത്രം വിചാരിച്ചാല്‍ ഇതിന് തടയിടാന്‍ സാധ്യമല്ല.
അതിനാല്‍ ഭയപ്പെടാതെ ജാഗ്രത പാലിച്ച് ഇനിയുള്ള രണ്ടാഴ്ചക്കാലം പൂര്‍ണമായും വീട്ടില്‍ തന്നെ കഴിയുക എന്നത് മാത്രമാണ് ഇപ്പോഴത്തെ പോം വഴി. ഇല്ലെങ്കില്‍ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു പറഞ്ഞ അവസ്ഥയിലേക്കാകും കാര്യങ്ങള്‍ എത്തിച്ചേരുക.

Facebook Comments
Related Articles
Close
Close