Editors Desk

പൗരത്വ ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ന്യൂനപക്ഷങ്ങള്‍ ഏറെ ഭയപ്പാടോടെയാണ് ഓരോ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വായിക്കുന്നത്. ബി.ജെ.പിയുടെ പിന്നിലുള്ള ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന അജണ്ടകള്‍ പടിപടിയായി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രിമാര്‍ തന്നെ പലവട്ടം പരസ്യമായി പറഞ്ഞതാണ്. അത്തരത്തില്‍ നടപ്പാക്കിയ ചില അജണ്ടകളാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍,കശ്മീരിന്റെ 377ാം വകുപ്പ് റദ്ദാക്കല്‍,അയോധ്യയിലെ രാമക്ഷേത്രം,മുത്വലാഖ് ബില്‍ തുടങ്ങിയവ. ഇനിയും നടപ്പാക്കാനുള്ള സ്വപ്‌ന പദ്ധതികളാണ് ഒരു രാജ്യം ഒരു ഭാഷ,ഏകീകൃത സിവില്‍ കോഡ്,പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവ.

ഇതില്‍ പൗരത്വ ഭേദഗതി ബില്‍ ചുട്ടെടുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു,ബുദ്ധ,സിഖ്,ജൈന,പാര്‍സി മത വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഈ ബില്ലിന്റെ കാതല്‍. ആറു വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ അനധികൃത കുടിയേറ്റക്കാര്‍ക്കെല്ലാം ഇനി മുതല്‍ ഇതിലൂടെ ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതായത് ഇതില്‍ നിന്നും മുസ്ലിംകളെ മന:പൂര്‍വം ഒഴിവാക്കാന്‍ ബി.ജെ.പി മറന്നിട്ടില്ല. 1995ലെ പൗരത്വ ബില്ലില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഭേദഗതി വരുത്തി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്. നേരത്തെ 2016ല്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ അതേ കാലയളവില്‍ തന്നെ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴേക്കും ബില്ലിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. രാജ്യസഭയില്‍ ബില്ലിനെതിരെ അന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള മറ്റു മതസ്ഥര്‍ വിവേചനം നേരിടുന്നുണ്ടെന്നും അതില്ലാതാക്കാനാണ് ബില്‍ ഭേദഗതി ചെയ്യുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലിം ന്യൂനപക്ഷത്തെ രാജ്യത്ത് നിന്നും പുറന്തള്ളാന്‍ ഉദ്ദേശിച്ചാണ് കേന്ദ്രം പൗരത്വ രജിസ്‌ട്രേഷന്‍ ഭേദഗതി ചെയ്യുന്നത്. എന്നാല്‍ മുസ്ലിംകളുടെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കും എന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ബില്ലിന്റെ വിശദാംശങ്ങള്‍ എല്ലാം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അറിയാമെന്നാണ് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മുസ്ലിംകളെ ദേശമില്ലാത്തവരാക്കി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്ന് നേരത്തെ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. മുസ്ലിംകളെ മാത്രം ഒഴിവാക്കുന്ന ബില്‍ രാജ്യത്തെ മതേതര മുഖത്തിനും ഭരണഘടനക്കും എതിരാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബില്‍ പാസാക്കിയ ലാഘവത്തോടെ ഇതും പാസാക്കിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന്റെ സൂചനകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും നല്‍കുന്നത്.

Facebook Comments
Show More
Close
Close