Current Date

Search
Close this search box.
Search
Close this search box.

പൗരത്വ വേട്ട ഭരണകൂടത്തിന്റെ വ്യാമോഹമാണ്

രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ല് 2019 ഡിസംബര്‍ 11നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. ബില്ല് പാസാക്കുന്നതിനു മുന്‍പ് അണിയറയില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ ഇതിന്റെ അപകട സൂചന മുന്നില്‍കണ്ട് രാജ്യത്തെ മനുഷ്യാവകാശപ്രവര്‍ത്തകരും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെയുള്ള പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ബില്‍ പാസാക്കിയ ശേഷം പ്രതിഷേധം ശക്തമായി. പതിവുപോലെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നിന്നു തന്നെയായിരുന്നു പോരാട്ടം ആരംഭിച്ചത്. അതും കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. വിവിധ കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സമരവുമായി ക്യാംപസിനുള്ളിലും ക്യാംപസിന് പുറത്ത് തെരുവിലും പ്രക്ഷോഭം നയിച്ചതോടെയാണ് സമരത്തിന്റെ ഗതി മാറിയത്. വിദ്യാര്‍ത്ഥി സമരത്തെ അതിരൂക്ഷമായാണ് ഡല്‍ഹി പൊലിസും വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷസേനയും അടിച്ചൊതുക്കിയത്. ഇതോടെയാണ് വിഷയത്തിന് അന്താരാഷ്ട്ര മാധ്യമശ്രദ്ധ ലഭിച്ചത്.

2020 ജനുവരി മുതല്‍ ഡല്‍ഹിയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രധാന തെരുവോരങ്ങളും ക്യാംപസുകളുമെല്ലാം പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്താല്‍ ഇളകിമറിഞ്ഞു. സംഘര്‍ഷം മൂര്‍ഛിച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ പൊലിസ് നടത്തിയ വര്‍ഗ്ഗീയ കലാപം വരെയെത്തി കാര്യങ്ങള്‍. സമരക്കാരെയും അല്ലാത്തവരെയും പൊലിസ് ക്രൂരമായി തല്ലിച്ചതച്ചു. പെണ്‍കുട്ടികളെ അടക്കം കൂട്ടമായി പൊലിസും സംഘ്പരിവാര്‍ ഗുണ്ടകളും ചേര്‍ന്ന് ക്യാംപസിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് നേരിട്ടത്. പുറത്തുനിന്നുള്ള സംഘ്പരിവാര്‍ ഗുണ്ടകള്‍ക്ക് പൊലിസ് ഒത്താശയും സഹായവും നല്‍കുകയും ചെയ്തു.

Also read: നാം ആ​ഗ്രഹിച്ചത് അല്ലാഹു ഏറ്റെടുക്കമ്പോൾ!

പൗരത്വ പ്രക്ഷോഭം അടിച്ചൊതുക്കാനെന്ന പേരിലാണ് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആസൂത്രിതമായ മുസ്ലിം വേട്ട അരങ്ങേറിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൊലിസും സംഘ്പരിവാര്‍ ഗുണ്ടകളും ചേര്‍ന്ന് വീടും കടകളും വാഹനങ്ങളും പള്ളികളും തല്ലിത്തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. മുസ്ലിം വീടുകള്‍ മാത്രം തെരഞ്ഞുപിടിച്ചാണ് ഇത് ചെയ്തത്. തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്നും കൂട്ടപ്പലായനം ചെയ്തത്. നൂറുകണക്കിന് പേര്‍ പൊലിസ് അതിക്രമത്താല്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് പരുക്കേറ്റു.

2020 മാര്‍ച്ചോടെ രാജ്യത്തും കോവിഡ് വ്യാപകമായിട്ടും കേന്ദ്രസര്‍ക്കാരിന്റെ പ്രധാനശ്രദ്ധ പൗരത്വ സമരക്കാര്‍ തന്നെയായിരുന്നു. വിവിധ ക്യാംപസുകളിലും നഗരങ്ങളിലും പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരെ ഓരോന്നായി അറസ്റ്റു ചെയ്ത് ജയിലിലടക്കുകയാണ് ഭരണകൂടം ചെയ്തത്. ആ മനുഷ്യവേട്ട ആഭ്യന്തര വകുപ്പ് ഇപ്പോഴും തുടരുകയാണ്. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി നേതാക്കളെയും പൗരത്വ ബില്ലിനെ എതിര്‍ത്തും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും സംസാരിക്കുന്നവരെയെല്ലാം കള്ളക്കേസും രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി ജയിലിലടക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്.

വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഷര്‍ജീല്‍ ഇമാം,ഡോ. ഖഫീല്‍ ഖാന്‍,ഷര്‍ജീല്‍ ഉസ്മാനി,ഖാലിദ് സൈഫി, മൗലാനാ താഹിര്‍ മദനി, ഉമര്‍ ഖാലിദ്, എം.എസ് സാജിദ് അലീഗഢ് സര്‍വകലാശാലയിലെ ഫര്‍ഹാന്‍ സുബേരി,ആമിര്‍ മിന്റോ, നടാഷ നര്‍വാള്‍,ദേവാംഗന കലിത, അഖില്‍ ഗൊഗോയി, കശ്മീരിലെ മാധ്യമപ്രവര്‍ത്തകരായ മസ്‌റത് സഹ്‌റ,പീര്‍സാദ ആഷിഖ്, ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ ആസിഫ് ഇഖ്ബാല്‍ തന്‍ഹ,സഫൂറ സര്‍ഗാര്‍,മീരാന്‍ ഹൈദര്‍,ശിഫാഉറഹ്മാന്‍,മീരാന്‍ ഹൈദര്‍ തുടങ്ങിയവരെല്ലാം ജാമ്യം പോലും ലഭിക്കാതെ ഇപ്പോഴും വിവിധ ജയിലുകളില്‍ തന്നെയാണ്. എല്ലാവര്‍ക്കുമെതിരെയും വ്യാജ ആരോപണങ്ങളും കള്ളക്കേസുകളും അടക്കം രാജ്യദ്രേഹക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ജാമ്യം പോലും ലഭിക്കുകയുമില്ല.

Also read: ഈ നിലപാടുകൾ തമ്മിലാണ് സംഘട്ടനം

ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഘട്ടം ഘട്ടമായി അറസ്റ്റ് ചെയ്തും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും നിശബ്ദമാക്കാമെന്നാണ് കേന്ദ്രവും അതിന് കീഴിലെ പൊലിസ് സംവിധാനങ്ങളുമെല്ലാം ധരിച്ചുവെച്ചിരിക്കുന്നത് എന്നാണ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാവുകം. എന്നാല്‍, സ്വന്തം ജീവന്‍ മറന്നും രാജ്യത്തിന്റെ നിലനില്‍പിന്റെ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങിയ യൗവനമാണ് ഇതില്‍ ഭൂരിഭാഗവും. ജയിലറകളിലും ഇഛാശക്തിയും പ്രാര്‍ത്ഥനയും കൈമുതലാക്കി പോരാട്ടത്തിന്റെ ഇടങ്ങളാക്കി സധൈര്യം മുന്നോട്ടുപോകുകയാണവര്‍, മറ്റൊരു സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവാന്‍.

Related Articles