Editors Desk

ആധുനിക ലോകത്തെ നിലക്കാത്ത വംശവെറികള്‍

ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടം ആരംഭിച്ച കാലത്ത് തന്നെ ഭൂമിയില്‍ കറുത്തവനും വെളുത്തവനും തമ്മിലുള്ള സംഘര്‍ഷവും ആരംഭിച്ചിരുന്നു. ഇന്നത് ഏറിയും കുറഞ്ഞും വിവിധ വന്‍കരകളിലും സമൂഹങ്ങള്‍ക്കിടയിലും ഒരു ഫോബിയ ആയി പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളിലാണ് പൊതുവെ വെളുത്ത വര്‍ഗ്ഗക്കാര്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയും ന്യൂനപക്ഷ മതസമൂഹങ്ങള്‍ക്കെതിരെയും വിദ്വേഷവും വംശവെറിയും വെച്ചുപുലര്‍ത്താറുള്ളത്. വിവിധ കായിക മേഖലകളില്‍ നിന്നും ഇത്തരത്തിലുള്ള അസമത്വം നിറഞ്ഞ തീവ്ര വംശീയതയുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.

ഇവിടങ്ങളിലെല്ലാം സമസ്ത മേഖലകളിലും വെളുത്ത വര്‍ഗ്ഗക്കാര്‍ നേടിയെടുത്ത ഒരു തരം മേല്‍ക്കോയ്മയാണ് സംഘര്‍ഷത്തിന്റെയെല്ലാം ആധാരം. തങ്ങള്‍ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണെന്നും കറുത്ത വര്‍ഗ്ഗക്കാര്‍ താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരും അവര്‍ അടിമകളും തൊട്ടുകൂടാന്‍ പറ്റാത്തവരാണെന്നുമുള്ള മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ് വെള്ളക്കാരിലെ വംശീവാദികള്‍. കറുത്ത വര്‍ഗ്ഗക്കാരെ വിവിധ കുറ്റങ്ങള്‍ ആരോപിച്ച്,ക്രൂരമായി കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ യൂറോപ്യന്‍-യു.എസ് മേഖലകളില്‍ നിന്നും പുറത്തുവരാറുണ്ട്. ഈ പരമ്പരയുടെ അവസാന ഇരയാണ് കഴിഞ്ഞയാഴ്ച യു.എസില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്നാരോപിച്ചാണ് നാല്‍പ്പതുകാരനായ ജോര്‍ജിനെ മിനിയോപോളിസ് പൊലിസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. റോഡില്‍ കമഴ്ത്തിക്കിടത്തി വെളുത്ത വര്‍ഗ്ഗക്കാരനായ പൊലിസ് ഓഫിസര്‍ തന്റെ കാല്‍മുട്ട് ഫളോയിഡിന്റെ കഴുത്തില്‍ പത്തു മിനിറ്റോളം അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല, നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്’ എന്നൊക്കെ മരണവെപ്രാളത്തിനിടെ ജോര്‍ജ് കരഞ്ഞുപറഞ്ഞെങ്കിലും ഇതൊന്നും ചെവികൊള്ളാന്‍ വംശീയ ഭ്രാന്ത് തലക്കുപിടിച്ച പൊലിസുകാര്‍ തയാറായില്ല. തുടര്‍ന്ന് അവശനിലയിലായ അദ്ദേഹം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ലോകം മുഴുവന്‍ വൈറലായതിനു പിന്നാലെയാണ് മിനിയോപോളിസ് സംസ്ഥാനത്തും അമേരിക്കയിലെ വിവിധ നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. 75ലധികം നഗരങ്ങളില്‍ പ്രതിഷേധം നിയന്ത്രണാധീതമായി. തുടര്‍ന്ന് 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നൂറുകണക്കിന് പേരെ അറസ്റ്റു ചെയ്തു.

മിനിയോപോളിസ് പൊലിസിനെതിരെയും യു.എസ് ഭരണകൂടത്തിനെതിരെയും പ്രതിഷേധം കനത്തു. പൊലിസ് ആസ്ഥാനത്തിനും വാഹനങ്ങള്‍ക്കും നേരെ തീവെപ്പുണ്ടായി. സര്‍ക്കാര്‍ സ്വത്തുവകകള്‍ അടിച്ചു തകര്‍ത്തു. കടകള്‍ക്ക് തീയിട്ടു. സമരക്കാരെ ശക്തമായ രീതിയിലാണ് യു.എസ് പൊലിസ് നേരിടുന്നത്. അവര്‍ക്കെതിരെ വെടിവെപ്പും ടിയര്‍ ഗ്യാസും കുരുമുളക് സ്‌പ്രേയും ഗ്രനേഡും ലാത്തിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് നീങ്ങിയപ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറി. വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്തു. പ്രതിഷേധക്കാരെ ആക്രമികളും രാജ്യദ്രോഹികളുമാക്കി ചിത്രീകരിച്ച് പ്രസിഡന്റ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇത് ആക്രമത്തെ മഹത്വപ്പെടുത്തുന്നതാണെന്ന് കാണിച്ച് ട്വിറ്റര്‍ അധികൃതര്‍ ട്രംപിന്റെ ട്വീറ്റ് നീക്കം ചെയ്തു എന്നതും ശ്രദ്ധേയമാണ്. പിന്നീടും പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തി. പ്രതിഷേധക്കാര്‍ ക്രിമിനല്‍ ശിക്ഷാനടപടികളും ദീര്‍ഘകാലം ജയില്‍ വാസവും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതൊന്നും വകവെക്കാതെ ആയിരങ്ങളാണ് പ്രതിഷേധവുമായി ഇപ്പോഴും തെരുവില്‍ തുടരുന്നത്. കോവിഡ് പ്രതിരോധ മുന്നറിയിപ്പുകള്‍ പോലും വകവെക്കാതെയാണ് പ്രതിഷേധം ഒരാഴ്ചയിലേക്ക് കടക്കുന്നത്.

ആധുനിക ലോകത്തും വംശവെറി മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്കെതിരെ വെളുത്ത വര്‍ഗ്ഗക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പും കടുത്ത വിമര്‍ശനവും നേരിടുന്നുണ്ട് എന്നതും വസ്തുതയാണ്. ഈ അടിമ-ഉടമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ യു.എസിലെയും യൂറോപ്പിലെയും പുതിയ തലമുറ തയാറാകുന്നു എന്നത് പ്രതീക്ഷാവഹമാണ്. ആധുനിക രീതിയില്‍ ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അമേരിക്കയുടെ പ്രതാപകാലത്തിന് പിന്നില്‍ വര്‍ത്തിച്ചതെല്ലാം കറുത്ത വര്‍ഗ്ഗക്കാരുടെ വിയര്‍പ്പും അധ്വാനവുമാണ്. യുനൈറ്റ് സ്റ്റേറ്റ്‌സിനെ കെട്ടിപ്പടുത്തതില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയവരാണിക്കൂട്ടര്‍ എന്ന് മനപൂര്‍വം മറന്നാണ് വെളുത്ത വിഭാഗം അവര്‍ക്കു മേല്‍ അധീശത്വം സ്ഥാപിച്ചെടുത്തത് എന്നതാണ് യാഥാര്‍ത്ഥ്യം.

Facebook Comments
Related Articles
Close
Close