Current Date

Search
Close this search box.
Search
Close this search box.

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

നൂപൂര്‍ ശര്‍മയെന്ന ബി.ജെ.പി ദേശീയ വക്താവ് പ്രവാചകനെന്ദിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തുകയും അതിന് പിന്നാലെ രാജ്യത്ത് അരങ്ങേറിയ സംഭവികാസങ്ങളും ഒടുവില്‍ രാജസ്ഥാനില്‍ ഒരാളുടെ നിഷ്ഠൂര കൊലപാതകത്തില്‍ വരെയെത്തി നില്‍ക്കുകയാണ്. രാജ്യത്ത് ഏതു വിധേനയും വര്‍ഗ്ഗീയ കലാപവും സംഘര്‍ഷവും ഉണ്ടാക്കുക എന്നത് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ തുടങ്ങിവെച്ച ഇസ്ലാം വിരുദ്ധ നീക്കങ്ങളും മുസ്ലിം വംശഹത്യയും കൂടുതല്‍ കൊഴുപ്പിക്കാന്‍ വേണ്ടി ഒരാളെ ബലി നല്‍കുന്ന അവസ്ഥയാണ് ഒടുവിലായി ഉദയ്പൂര്‍ സംഭവം നമ്മോട് പറയുന്നത്.

പ്രവാചക നിന്ദ വിഷയം വഴിതിരിച്ചു വിടാനും അത് മുതലെടുത്ത് രാജസ്ഥാനിലും അതുവഴി രാജ്യമൊട്ടുക്കും വര്‍ഗ്ഗീയ ലഹളക്കും കോപ്പുകൂട്ടാനൊരുങ്ങിയ ബി.ജെ.പിയെ വെട്ടിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രമുഖ ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ഉദയ്പൂരിലെ തയ്യില്‍ തൊഴിലാളിയായ ഹിന്ദു യുവാവ് കനയ്യകുമാറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ ബി.ജെ.പി ആണെന്ന അതീവ ഗൗരവമുള്ള റിപ്പോര്‍ട്ടാണ് അവര്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്തുവിട്ടത്. കനയ്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ മുസ്ലിം നാമധാരികളായ പ്രതികള്‍ക്ക് രാജസ്ഥാനിലെ ബി.ജെ.പി നേതൃത്വവുമായും സംഘ്പരിവാറുമായുള്ള ബന്ധമാണ് തെളിവുകള്‍ സഹിതം ഇന്ത്യ ടുഡേ പുറത്തുവിട്ടത്. ഇത്തരം ബന്ധം തെളിയിക്കുന്നതിന്റെ വീഡിയോയും ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളുമെല്ലാം പിന്നാലെ പുറത്തുവന്നു.

കേസില്‍ അറസ്റ്റിലായ റിയാസ് അഖ്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നത്. രാജസ്ഥാന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദിനൊപ്പം പ്രതികള്‍ നില്‍ക്കുന്ന ഫോട്ടോയും പ്രതികളിലൊരാളായ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ നേതാവായ ഇര്‍ഷാദ് ചെയിന്‍വാലയും മുഹമ്മദ് ത്വാഹിറും സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും അദ്ദേഹത്തെ ‘ബി.ജെ.പി കാര്യകര്‍ത്ത’ എന്ന് വിശേഷിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നിരുന്നു.

ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തകര്‍ കൂടിയാണിവര്‍. മാത്രവുമല്ല സംജോദാ എക്‌സ്പ്രസ്സ് സ്‌ഫോടനം, അജ്മീര്‍ സ്‌ഫോടനം എന്നിവയുടെ മുഖ്യ സൂത്രധാരന്‍ ആയിരുന്ന ഇന്ദ്രേഷ് കുമാര്‍ ആണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ഗുരുതരമായ ആരോപണവും പുറത്തുവന്നിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷമാണ് ഇന്ദ്രേഷ് കുമാറിനെ ഈ കേസുകളില്‍ എന്‍.ഐ.എ കുറ്റവിമുക്തന്‍ ആക്കുന്നതെന്നും നാം ശ്രദ്ധിക്കേണ്ടതാണ്.

കനയ്യ ലാലിനെയും സംഘ്പരിവാര്‍ ബലിയാടാക്കുകയായിരുന്നോ എന്നാണ് ഇനി പുറത്തുവരാനുള്ളത്. അദ്ദേഹം നുപൂര്‍ ശര്‍മയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും പിന്നാലെ റിയാസ് അഖ്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന് മുന്‍പ് കത്തിയുമായുള്ള വീഡിയോയും കൊലപാതകത്തിന് ശേഷവും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നതുമെല്ലാം കാണുമ്പോള്‍ തന്നെ സ്വാഭാവികമായും എല്ലാവര്‍ക്കും ദുരൂഹതകള്‍ തോന്നിയിരുന്നു.

നേരത്തെ കനയ്യക്ക് ഭീഷണി ഉണ്ടായിട്ടും പൊലിസ് ഇടപെടാത്തതും കൊലപാതകത്തിന് തൊട്ടുപിന്നാലെ പൊലിസ് എളുപ്പത്തില്‍ പ്രതികളെ പിടികൂടുകയും പതിവിന് വിപരീതമായി ഇവര്‍ക്ക് ഒരു തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നുമെല്ലാമുള്ള പൊലിസിന്റെ വേഗത്തിലുള്ള റിപ്പോര്‍ട്ട് വരുന്നതുമെല്ലാം കൃത്യമായ തിരക്കഥയില്‍ തയാറാക്കിയ നാടകമായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ഇത്തരം വാര്‍ത്തകളും ചിത്രങ്ങളും വൈറലാവുകയും ചെയ്തിട്ടും മുഖ്യധാര മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ല എന്നതാണ് നമ്മെ വീണ്ടും ഞെട്ടിപ്പിക്കേണ്ടത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജസ്ഥാനാണു ബി.ജെ.പിയുടെ അടുത്ത ലക്ഷ്യമെന്ന അരമന രഹസ്യത്തെ സാധൂകരിക്കുന്നതാണ് ഉദയ്പൂര്‍ സംഭവവികാസങ്ങള്‍. കുളം കലക്കി മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സംഘ്പരിവാറിന്റെ ഒരു പദ്ധതിയാണ് മതേതര ഇന്ത്യയുടെ ഭാഗ്യം കൊണ്ട് മാത്രം പാളിപ്പോയത്.

Related Articles