Editors Desk

നീതി ചോദിക്കുന്ന ബാബരിക്ക് 26 വയസ്സ്

കാല്‍ നൂറ്റാണ്ട് എന്നത് ഒരു ജനയതയുടെ ജീവിതത്തിലെ വലിയ കാലമാണ്. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അപമാനിക്കപ്പെട്ടിട്ട് അത്രയും കാലമായി. ഒരു സമുദായത്തിന്റെ ആരാധനാലയം അധികാരവും ശക്തിയും ഉപയോഗിച്ച് പൊളിച്ചു കളഞ്ഞിട്ട് ആ പേരില്‍ നമ്മുടെ നാട്ടില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് അതിലെ വലിയ അത്ഭുതം. പള്ളി പൊളിച്ചവരെ അന്നത്തെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിച്ചു എന്നതും നാം കണ്ടതാണ്. ഇനിയും ഒരുപാട് പള്ളികള്‍ പൊളിക്കാനുണ്ട് എന്ന ലിസ്റ്റുമായി സംഘ പരിവാര്‍ നടക്കുന്നു. ബാബരി പള്ളി പൊളിച്ചത് സംഭവിച്ചു പോയ ഒരു തെറ്റായി അവര്‍ക്ക് ഇത് വരെ തോന്നിയിട്ടില്ല എന്ന് മാത്രമല്ല പുതിയ സ്ഥലത്തേക്ക് അക്രമങ്ങള്‍ വ്യാപിപ്പിക്കാന്‍ അവര്‍ക്കു പ്രചോദനമാകുന്നത് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതു തന്നെയാണ്.

നാട് ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്തേക്കും സംഘ പരിവാറിനെ അകത്തേക്കും കൊണ്ട് വരുന്നതില്‍ ബാബരി മസ്ജിദ് കാരണമായിട്ടുണ്ട്. ബാബരി പള്ളി പൊളിച്ചു കളയുക എന്നത് കൊണ്ട് സംഘപരിവാര്‍ ഉദ്ദേശിച്ച പലതുമുണ്ടായിരുന്നു. അതില്‍ പ്രാധാന്യം ഒരു വിഭാഗത്തിന്റെ ആത്മവീര്യം തകര്‍ക്കുക എന്നത് തന്നെയായിരുന്നു. കേന്ദ്രത്തില്‍ അന്ന് ഭരണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കും എന്ന് നാം കരുതി. ഇത്രയും ജനം അവിടെ കൂടിയിട്ടും ഒരു നടപടിയും അന്നത്തെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ എടുത്തില്ല എന്നതാണ് ചരിത്രം. ന്യൂനപക്ഷങ്ങള്‍ പല സ്റ്റേറ്റുകളിലും കോണ്‍ഗ്രസില്‍ നിന്നും അകന്നു. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍. മുലായം സിംഗ് രക്ഷകനായി വന്നെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ ന്യൂനപക്ഷങ്ങളില്‍ സംശയം ഉണ്ടാക്കി എന്നതും സത്യമാണ്.

1992 ഡിസംബര്‍ 6 ലെ ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ മേധാവിയായി 1992 ഡിസംബര്‍ 16-ന് ഒരു കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടു. നീണ്ട 17 വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം 65 മില്യണ്‍ ഇന്ത്യന്‍ രൂപ അതിനു വേണ്ടി ചിലവഴിച്ചു. സംഘ പരിവാര്‍ സംഘടനകളെയും നേതാക്കളെയും പേരെടുത്തു പറഞ്ഞു കൊണ്ടാണ് റിപ്പോര്‍ട് തയ്യാറാക്കിയത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരു ദിവസം അതിന്റെ പേരില്‍ സഭ തടസ്സപ്പെട്ടു എന്നല്ലാതെ ഒരു തുടര്‍ നടപടിയും പിന്നീട് ഉണ്ടായില്ല. റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞ പലരും ഇന്ന് ഭരണത്തിലും പാര്‍ട്ടിയിലും ഉന്നത സ്ഥാനത്താണ് എന്ന് കൂടി ചേര്‍ത്ത് പറയണം. എല്‍.കെ അദ്വാനി,എ.ബി. വാജ്‌പേയ്,തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെടെ സംഘ് പരിവാറിന്റെ 68 -ഓളം നേതാക്കളെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നു.

ഒരു പശുവിനെ കൊന്ന വില പോലും ഒരു സമുദായത്തിന്റെ ആരാധനാലയം തകര്‍ത്തപ്പോള്‍ നാട്ടിലെ നീതിന്യായ വ്യവസ്ഥയും ഭരണകൂടങ്ങളും നല്‍കിയില്ല എന്നതാണ് സത്യം. കോടതി വ്യവഹാരങ്ങള്‍ നീണ്ടു പോകുന്നു. തകര്‍ത്ത സ്ഥാനത്തു പള്ളി പുനര്‍ നിര്‍മ്മിക്കുക എന്നതാണ് നീതി. രാമന്റെ ജന്മസ്ഥാനത്താണ് ബാബരി മസ്ജിദ് പണിതതെന്ന് യാതൊരു തെളിവുമില്ലാത്ത കാര്യമാണ്. അത് തെളിയിക്കപ്പെട്ടാല്‍ ആ സ്ഥലം ഒഴിഞ്ഞു കൊടുക്കല്‍ മുസ്ലിംകളുടെ ബാധ്യതയായി മാറും. അതിനുള്ള ശ്രമമാണ് വാസ്തവത്തില്‍ പൊളിച്ചവര്‍ ചെയ്യേണ്ടത്. നീതിയും നിയമവും തങ്ങള്‍ക്കു ബാധകമല്ല എന്ന രീതിയില്‍ ജനാധിപത്യ മതേതര ഇന്ത്യയുടെ മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുന്നവര്‍ തന്നെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന ദുരന്തവും നാം ചേര്‍ത്ത് വായിക്കണം. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു വിഭാഗവും അന്നും ഇന്നും ബാബരി പള്ളിക്കു വേണ്ടി ശബ്ദിച്ചിട്ടില്ല എന്ന് കൂടി നാം ഓര്‍ക്കാന്‍ മറക്കരുത്.

Facebook Comments
Related Articles
Show More

Check Also

Close
Close
Close