Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് കേസും സംഘപരിവാര്‍ അജണ്ടയും

ഇന്നലെ ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത മുഖ്യ വിഷയങ്ങളില്‍ ഒന്ന് അയോധ്യ വിധിയുമായി ബന്ധപ്പെട്ടു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്ഥാവനയായിരുന്നു. ‘ശബരിമല വിഷയത്തില്‍ കോടതിക്ക് വിധി പറയാന്‍ കഴിയുമെങ്കില്‍ എന്ത് കൊണ്ട് അയോദ്ധ്യ വിഷയത്തില്‍ കോടതിക്ക് വിധി പറഞ്ഞു -കൂടാ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇന്ന് ( ) കേസിന്റെ വാദം കേള്‍ക്കാനിരിക്കെയാണ് യോഗി ചോദ്യം ഉന്നയിച്ചത്. കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി വെച്ചു എന്നാണു കിട്ടുന്ന വിവരം.

ഒരിക്കല്‍ കൂടി അയോധ്യയെ തിരഞ്ഞെടുപ്പിലേക്ക് കൊണ്ട് വരാന്‍ സംഘ പരിവാര്‍ ആഗ്രഹിക്കുന്നു. ശബരിമലയും ബാബരി മസ്ജിദും ഒരേ പോലെ വിശ്വാസത്തിന്റെ കാര്യമാണ് എന്ന താരതമ്യം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് കൃത്യമാണ്. ഭരണ രംഗത്തു കാര്യമായി ഒരു നേട്ടവും പറയാനില്ല എന്ന് അവര്‍ സ്വയം തന്നെ തിരിച്ചറിയുന്നു.

ശബരിമല ഹിന്ദു സമൂഹത്തിലെ ആഭ്യന്തര വിഷയമാണ്. അതില്‍ മറ്റുള്ളവര്‍ക്ക് ഒരു പങ്കുമില്ല, അതെ സമയം ബാബരി മസ്ജിദ് വിശ്വാസം എന്നതിനേക്കാള്‍ രാജ്യത്തിന്റെ മതേതരത്വവുമായി ബന്ധപ്പെട്ടതാണ്. ഒരു വിഭാഗത്തിന്റെ ആരാധാനാലയം ശക്തി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞു എന്നതാണ് കേസിനു ആസ്പദമായ കാര്യം. ജനാധിപത്യത്തില്‍ കോടതികള്‍ക്ക് വലിയ സ്ഥാനമുണ്ട്.

കോടതികളില്‍ നടക്കേണ്ടത് തെളിവുകള്‍ നോക്കിയുള്ള വാദങ്ങളാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിധി വരുന്നു എന്നതാണ് സ്വാഭാവിക രീതി. ആ രീതിയില്‍ നിന്നും ഭിന്നമായി കോടതികളെ ഭയപ്പെടുത്തി വിധി സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. അമിത്ഷാ കേരളത്തില്‍ പറഞ്ഞതും യോഗി യു പി യില്‍ പറഞ്ഞതും ഒന്ന് തന്നെ. തങ്ങള്‍ ആഗ്രഹിക്കുന്ന വിധികള്‍ മാത്രമാകണം കോടതികള്‍ നല്‍കേണ്ടത് എന്ന വാദം രാജ്യത്തെ ജനാധിപത്യത്തെ ദുര്‍ബലമാകും.

ശബരിമലയില്‍ ഹിന്ദുക്കള്‍ക്ക് വിരുദ്ധമായി വിധിച്ചു എന്നാണു ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ വിധി പറയാനുള്ള ആര്‍ജവം അവര്‍ക്കു അനുകൂലമായി പറയാനും കാണിക്കണം എന്നതാണ് ഇന്നലത്തെ യോഗിയുടെ വാക്കുകള്‍ക്കു പിന്നില്‍. ആയോധ്യയില്‍ അമ്പലം നിര്‍മ്മിക്കുക എന്നത് ഹിന്ദുക്കളുടെ ജീവിത ലക്ഷ്യമാണ് എന്നും പലപ്പോഴും അദ്ദേഹം പറഞ്ഞു വെച്ചിട്ടുണ്ട്.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ വിഷയത്തില്‍ ഒരു കോടതി വിധി അവര്‍ ആഗ്രഹിക്കുന്നു. അത് അനുകൂലമായി വന്നാല്‍ അതൊരു ദേശീയ ആഘോഷമാക്കി മാറ്റാം. പ്രതികൂലമായാല്‍ ശബരിമല രീതി അവിടെയും സ്വീകരിക്കാം എന്നതാണ് അവരുടെ പദ്ധതി. എന്ത് കൊണ്ട് തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പേ മാത്രം അയോധ്യ ചര്‍ച്ചയാകുന്നു?. ഒരു തിരഞ്ഞെടുപ്പ് വിഷയം എന്നതിലപ്പുറം മറ്റൊരു മാനവും സംഘപരിവാര്‍ നല്‍കുന്നില്ല എന്നത് തന്നെ.

എണ്ണമറ്റ ജീവല്‍ പ്രശ്‌നങ്ങള്‍ നാട്ടുകാരുടെ മുന്നില്‍ നിവര്‍ന്ന് കിടക്കെ തന്നെ തീര്‍ത്തും അനാരോഗ്യപരമായ രീതിയിലേക്ക് ചര്‍ച്ചകള്‍ മാറ്റി കൊണ്ട് പോകാന്‍ സംഘ പരിവാറിന് കഴിയുന്നു. റാഫേല്‍ അഴിമതിയും എണ്ണ വിലയും മറ്റു രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യാതെ പോകുക എന്നത് തന്നെയാണ് സംഘ പരിവാര്‍ ആഗ്രഹിക്കുന്നതും. ദേശീയ മാധ്യമങ്ങള്‍ അടുത്തിടെ ചര്‍ച്ച ചെയ്യുന്ന പലതും ഇത്തരം വിഷയങ്ങളാണ്. അതൊരു പൊതു രാഷ്ട്രീയ അജണ്ടയായി മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ

Related Articles