Editors Desk

മതവും വിശ്വാസവും മനുഷ്യന് വെളിച്ചം നല്‍കുന്നതാവണം

രാജ്യത്തെ നിയമ വ്യവസ്ഥിതിയെ അംഗീകരിക്കുക എന്നത് പൗരന്റെ കടമയാണ്. അതുപോലെ തന്നെ പൗരന്റെ വിമര്‍ശിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുക എന്നതും ഭരണകൂടത്തിന്റെ ബാധ്യതയാണ്. ബാബറി മസ്ജിദ്-രാമജന്മ ഭൂമി വിധിയെ അത്‌കൊണ്ട് തന്നെ അംഗീകരിക്കുമ്പോള്‍ തന്നെ വിമര്‍ശിക്കാനുള്ള അവകാശവും ഭരണഘടന പരമാണ്. പരമോന്നത കോടതിയുടെ വിധിയില്‍ മുസ്ലിം സമൂഹം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. അതൊരു ഏകപക്ഷീയ വിധിയായി പോയി എന്ന് അവര്‍ മാത്രമല്ല മുന്‍കാല ന്യായാധിപരും പറയുന്നു. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി മുസ്ലിം സമൂഹം കൈവശം വെച്ച ഭൂമിയിലാണ് ബാബരി മസ്ജിദ് നിലനിന്നത്. അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്നതായിരുന്നു ആരോപണം. ആ ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞു. അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന് പറയാന്‍ കഴിയുന്ന ഒരു തെളിവും അവര്‍ കണ്ടില്ല. പരമോന്നത കോടതിയുടെ വിധിക്ക് ആധാരമായ കണ്ടെത്തലുകള്‍ നീതിയുക്തമായില്ല എന്ന തിരിച്ചറിവ് നാട്ടിലെ നിയമ വിദഗ്ദര്‍ തന്നെ പ്രകടിപ്പിക്കുന്നു.

വിവാദ ഭൂമിയില്‍ രാമക്ഷേത്രം പണിയുക എന്നത് സംഘ്പരിവാര്‍ അജണ്ടയാണ്. അവരുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ അക്കമിട്ടു പറഞ്ഞ കാര്യം കൂടിയാണത്. തിരഞ്ഞെടുപ്പ് പത്രികയില്‍ ദേശീയ പൈതൃകം എന്ന തലക്കെട്ടില്‍ അവര്‍ എടുത്തു പറയുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം രാമക്ഷേത്രത്തിനാണ്. മാത്രമല്ല ബി ജെ പി തിരഞ്ഞെടുപ്പ് പത്രികയില്‍ ഊന്നി പറഞ്ഞ പത്തു കാര്യങ്ങളില്‍ പലതും ഇതിനകം നടപ്പാക്കി കഴിഞ്ഞു. ബാബരി മസ്ജിദ് രാമ ജന്മഭൂമി വിഷയം ഭൂമിയുടേതാണ്. വിശ്വാസത്തിന്റേതല്ല. ആര്‍ക്കാണ് ഭൂമിയില്‍ അവകാശം എന്നതാണ് അടിസ്ഥാന ചോദ്യം. അതിനു ചരിത്രപരമായി തെളിവുകള്‍ കോടതിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പാക്കിയത് ഭാവിയില്‍ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ടാക്കുമെന്ന ഭീതിയുടെ അസ്ഥാനത്തല്ല.

തുടക്കം മുതല്‍ തന്നെ മുസ്ലിം പക്ഷം നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം രേഖപ്പെടുത്തിയിരുന്നു. അതെ സമയം അപ്പുറത്തു നിന്നും പലപ്പോഴും പ്രകോപനത്തിന്റെ ശബ്ദം ഉയര്‍ന്നു വന്നു കൊണ്ടിരുന്നു. വിശ്വാസ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നിടത്താണ് അവര്‍ ചെന്ന് നിന്നത്. ഇതൊരു വിശ്വാസ വിഷയമല്ല പകരം ഒരു സിവില്‍ കേസ് മാത്രമാണ് എന്നിടത്താണ് മുസ്ലിംപക്ഷം നിലകൊണ്ടതും. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ കൂടിയാണ് ബാബരി പള്ളി പൊളിച്ചു കളയുന്നതിലൂടെ അക്രമികള്‍ പൊളിച്ചു കളഞ്ഞത് എന്നും നാട്ടിലെ മൂല്യ ബോധമുള്ള ജനം മനസ്സിലാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഈ സ്ഥലവും പള്ളിയും മുസ്ലിംകളുടെ കയ്യിലായിരുന്നു. മാത്രമല്ല അഞ്ചു നൂറ്റാണ്ടിന്റെ പഴക്കവും ആ അവകാശ വാദത്തിനു കൂട്ടായുണ്ട്.

മുസ്ലിം പക്ഷം പറഞ്ഞ വാക്കു പാലിച്ചു. കോടതിയുടെ വിധിയോട് അവര്‍ മാന്യമായി പ്രതികരിച്ചു. വിധി ദൗര്‍ഭാഗ്യകരം എന്ന് പറയുമ്പോഴും അതിന്റെ പേരില്‍ ഇന്ത്യയില്‍ ഒരു കുഴപ്പവും നാം കണ്ടില്ല. വിധിയുടെ പേരില്‍ ഒരു കുഴപ്പവും പാടില്ലെന്ന് മുസ്ലിം നേതാക്കള്‍ തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടിരുന്നു. അത് അവര്‍ അക്ഷരം പ്രതി നടപ്പാക്കി എന്നത് തീര്‍ത്തും ശ്ലാഘനീയമാണ്. അതെ സമയം അവര്‍ തങ്ങളുടെ അഭിപ്രായം മാന്യമായി തന്നെ രേഖപ്പെടുത്തി. നീതിയുടെ അടുത്ത ഘട്ടമായ പരിഗണന ഹരജി നല്‍കാനുള്ള പുറപ്പാടിലാണ് ഹരജിക്കാര്‍. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച മുസ്ലിം നേതാക്കളുടെ യോഗത്തിലും മുസ്ലിം നേതാക്കള്‍ അത് ഉറപ്പിച്ചു പറഞ്ഞു. നീതിയുടെ അറ്റം വരെ പോകുക എന്നത് പൗരന്റെ അവകാശമാണ്. അത് വേണ്ടെന്നു പറയാന്‍ ഭരണകൂടത്തിനു അവകാശമില്ല. നമ്മുടെ കേരളത്തില്‍ ശബരിമല വിധി പോലും സുപ്രീം കോടതിയുടെ പരിഗണന പട്ടികയിലാണ്.

രാജ്യത്ത് ഒരുപാട് നിരപരാധികളുടെ രക്തം ചിന്തിയ വിഷയമാണ് ബാബരി മസ്ജിദ്-രാമജന്മ ഭൂമി വിവാദം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ തുടങ്ങിയതാണ് രക്തംകൊണ്ടുള്ള ഈ കളി. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് അജണ്ടയായും ഒരു കൂട്ടര്‍ ഇതിനെ കൂട്ടുപിടിച്ചു. പ്രകോപനം സൃഷ്ടിച്ചു മുതലെടുക്കുക എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. തങ്ങളറിയാതെ പലരും പ്രകോപനത്തില്‍ വീണു പോകും. പാമര ജനത്തെ പ്രകോപനത്തിലെത്തിക്കാന്‍ ദൈവവും വിശ്വാസവുമാണ് പലപ്പോഴും ആളുകള്‍ കൂട്ടുപിടിക്കുക. മതവും വിശ്വാസവും മനുഷ്യന് കൂടുതല്‍ വെളിച്ചം നല്‍കുന്നതാവണം. അതിന്റെ പേരില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കുക എന്നത് തെറ്റായ രീതിയാണ്.

Author
as
Facebook Comments
Related Articles
Close
Close