Current Date

Search
Close this search box.
Search
Close this search box.

അസമില്‍ ആദ്യമായി മുസ്‌ലിംകള്‍ അവരുടെ മദ്രസ പൊളിച്ചുവെന്നോ!

ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ അസമില്‍ മുസ്‌ലിംകള്‍ക്കെതിരെ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗോല്‍പാറയിലെ ഒരു മദ്രസ മുസ്‌ലിംകള്‍ തന്നെ തകര്‍ത്തുവെന്ന വാര്‍ത്ത അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. മുമ്പത്തെ മൂന്ന് സംഭവങ്ങളില്‍ ചെയ്തതുപോലെ, ഇപ്പോള്‍ പൊലീസിനോ പ്രാദേശിക ഭരണകൂടത്തിനോ പൊളിക്കലിനെ ന്യായീകരിക്കാന്‍ ‘യുക്തിപരമായ’ ഒഴിവുകഴിവുകള്‍ ചിന്തിക്കേണ്ടി വന്നില്ല. ‘ജിഹാദി’ പ്രവര്‍ത്തനളോടുള്ള ശക്തമായ എതിര്‍പ്പ് മൂലം നാട്ടുകാര്‍ സ്വമേധയാ മദ്രസയും അതിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും പൊളിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. നാട്ടുകാര്‍ സ്വമേധയാ പൊളിക്കുന്ന ആദ്യ മദ്രസയെന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. ഇതൊരു തുടക്കമാകുമോയെന്ന നിരീക്ഷണമാണ് ഇവിടെ പ്രസക്തമാകുന്നത്. അസമിന്റെ മറ്റ് ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ തങ്ങള്‍ ‘ജിഹാദികളോ’ ‘ജിഹാദികളെ പിന്തുണക്കുന്നവരോ’ അല്ലെന്ന് തെളിയിക്കുന്നതിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. ഇത്തരത്തില്‍ പൊളിക്കലുകള്‍ നടക്കുമ്പോള്‍ സ്റ്റേറ്റിന് നിക്ഷേപിക്കേണ്ട പണവും അധ്വാനവും ലാഭകരമായിരിക്കും! ശേഷം, മുസ്‌ലിം സമൂഹത്തില്‍ ഒളിച്ചിരിക്കുന്ന ‘ജിഹാദി’കളെ ചൂണ്ടിക്കാട്ടി പൊലീസിന് കൈമാറാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടും. യഥാര്‍ഥത്തില്‍ അത് സംഭവിച്ചുകഴിഞ്ഞു. തങ്ങളുടെ പ്രദേശത്തേക്ക് പുറത്തുനിന്നുള്ള ഇമാം വരുകയാണെങ്കല്‍ പൊലീസിനെ അറിയിക്കണമെന്ന് സ്റ്റേറ്റിലെ മുസ്‌ലിംകളോട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടിരുന്നു. പുറത്തുനിന്ന് വരുന്ന മുസ്‌ലിംകളെല്ലാം സംശയത്തിന്റെ നിഴലിലാണ്. അവരില്‍ നിന്ന് സ്വയം രക്ഷപ്പെടേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ശര്‍മ പറയുന്നത്.

ഇതിന് മുമ്പ്, ഒരു മാസത്തിനുള്ളില്‍ സ്റ്റേറ്റിലെ വ്യത്യസ്ത ജില്ലകളിലായി മൂന്ന് മദ്രസകളാണ് അസം ഭരണകൂടം പൊളിച്ചത്. അസമിലെ ബോണ്‍ഗൈഗോന്‍ ജില്ലയിലെ മര്‍കസുല്‍ മആരിഫ് ഖുര്‍ആനിയ്യ മദ്രസ പൊളിക്കാന്‍ പറഞ്ഞ കാരണങ്ങളിലൊന്ന്, ദുരന്ത നിവാരണത്തിനുള്ള സജ്ജീകരണം ഒരുക്കിയില്ലെന്നാണ്. തീര്‍ച്ചയായും, സ്റ്റേറ്റ് ഭരണകൂടം അസമിലെ മുസ്‌ലിംകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കപ്പെടുന്നുണ്ട്! ഇതെല്ലാം കോടതികളെ കബളിപ്പിക്കാനുള്ള ന്യായങ്ങളാണ്. ഇത്തരം സ്ഥാപനങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍, ഇത്തരത്തിലുള്ള പൊളിക്കല്‍ നടപടികള്‍ തുടരുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ‘ജിഹാദി പ്രവര്‍ത്തനങ്ങള്‍ തടയുകയെന്നതാണ് ഞങ്ങളുടെ ഏക ഉദ്ദേശം. ജിഹാദി പ്രവര്‍ത്തനത്തിന് മദ്രസകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, അവിടെ പൊളിക്കുന്നതിനെ സംബന്ധിച്ച ചോദ്യമില്ലെ’ന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജിഹാദി പ്രവര്‍ത്തങ്ങളെ നിയമപരമായി വിശദീകരിക്കുക പ്രയാസകരമാണ്. എന്നാല്‍, ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും മനസ്സില്‍ വലിയ വിലയാണ് അതിനുള്ളത്. അസമിലെ മുസ്‌ലിംകളെ അപഹസിക്കാന്‍ ഭരണകൂടം ഉപയോഗിക്കുന്ന പ്രയോഗങ്ങളില്‍ ഒന്നാണ് ‘ജിഹാദി’.

2020ലെ അസം റിപീലിങ് ആക്ടിലൂടെ മദ്രസാ വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇല്ലാതാക്കി. ഈ നിയമം, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ ഭരണഘടനാപരമായ പല സംരക്ഷണങ്ങളും (ആര്‍ട്ടിക്കിള്‍ 26, ആര്‍ട്ടിക്കിള്‍ 29, ആര്‍ട്ടിക്കിള്‍ 30, ആര്‍ട്ടിക്കിള്‍ 330എ, ആര്‍ട്ടിക്കിള്‍ 330ബി) ലംഘിക്കുന്നതാണ്. അസമിലെ മദ്രസകള്‍ സ്ഥാപനവത്കൃതമായ തകര്‍ത്തതിന്റെ തെളിവാണ് ഈ നിയമം. മദ്രസകള്‍ പൊളിക്കുന്നതിലൂടെ മുസ്‌ലിംകളെയാണ് ലക്ഷ്യംവെക്കുന്നത്. അവര്‍ക്ക് സ്റ്റേറ്റിനോടുള്ള കൂറ് എപ്പോഴും തെളിയിക്കേണ്ടതുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles