Current Date

Search
Close this search box.
Search
Close this search box.

വംശീയ ഉന്മൂലനത്തിന്റെ ഉദാഹരണം!

1954ലെ നിയമം ജമ്മു-കശ്മീരിന് വകവെച്ച് നൽകിയ എല്ലാ വ്യവസ്ഥകളും 2019 ആഗ്സത് അഞ്ചിന് ഇല്ലാതാവുകായിരുന്നു. ഇസ്‌ലാമിക വിഘടനവാദത്തിനും, തീവ്രവാദത്തിനും തടയിടണമെന്ന വാദമുയർത്തികൊണ്ടായിരുന്നു ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഒരു വർഷത്തിന് ശേഷം ഈയൊരു ദിനത്തിൽ, 2020 ആഗ്സത് അഞ്ചിന് തന്നെയാണ് അയോധ്യയിൽ രാമ ക്ഷേത്ര നിർമാണത്തിനായി വിശ്വ ഹിന്ദു പരിഷത്ത് ജയ്ശ്രീരാം വിളികളോടെ ഭൂമി പൂജ ആഘോഷപൂർവം കൊണ്ടാടുന്നത്. 2019 ആഗസ്ത് അഞ്ചിൽ നിന്ന് 2020 ആഗസ്ത് അഞ്ചിലേക്കുള്ള ദൂരം അടയാളപ്പെടുത്തുമ്പോൾ, സ്വാതന്ത്രത്തെ സംബന്ധിച്ച തീക്ഷണമായ ചോദ്യങ്ങൾക്ക് മുമ്പിൽ നാം അസ്വസ്ഥരാവുകയാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ ബ്രിട്ടീഷ് ആധിപത്വത്തിനെതിരായി പോരാടുകയും, 1947 ആഗസ്ത് 15ന് ഇന്ത്യൻ ജനത നേടിയെടുക്കുകയും ചെയ്ത സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അനുഭവിക്കാൻ കഴിയില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. ആഗസ്ത് മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പോരാട്ടത്തെയും, പ്രത്യാശനിർഭരമായ ജീവിതത്തെയും അനുസ്മരിപ്പിക്കുന്ന മാസമാണ്. നേടിയെടുത്ത സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഓർക്കുന്ന മാസത്തിൽ തന്നെ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് കാണേണ്ടി വരുമ്പോൾ, സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചരിത്രം ഓർമപ്പെടുത്തലായി മുന്നിൽനിൽക്കുകയാണ്. സ്വാതന്ത്ര്യം ഇല്ലാതാകുമ്പോൾ പോരാട്ടം അനിവാര്യമാണെന്ന ചരിത്രമാണത്!

ഏഷ്യൻ രാജ്യമായ ഇന്ത്യയിൽ നിന്ന് ഏഷ്യയിലെ തന്നെ മറ്റൊരു രാജ്യമായ മ്യാൻമറിലേക്ക് (ബർമ) കണ്ണയക്കുമ്പോൾ, ആഗസ്ത് മാസം അതിജീവനത്തിന്റെ മറ്റൊരു കഥയാണ് നമുക്ക് പറഞ്ഞുതരുന്നത്. അഥവാ സ്വന്തം നാട്ടിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥ. മ്യാൻമറിലെ വടക്കേ റാഖൈൻ പ്രവിശ്യയിലെ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ സൈന്യം വംശീയ ഉന്മൂലന നിയമം നടപ്പിലാക്കിയത് 2017 ആഗ്സത് 25നാണ്. കലാപകാരികളെ അടച്ചമർത്തേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സൈന്യം ഈയൊരു ഉന്മൂലന പ്രത്യയശാസ്ത്രത്തിന് പ്രായോഗിക വിശദീകരണം നൽകിയത്. അവർ നിസ്സഹായരായ സിവിലയന്മാരെ കൊലചെയ്യുകയും, മാനഭംഗപ്പെടുത്തുകയും, പീഢിപ്പിക്കുകയും, ഗ്രാമത്തെ ഒന്നടങ്കം കത്തിക്കുകയും ചെയ്തു. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമടങ്ങുന്ന ഏഴ് ലക്ഷത്തിലധികം വരുന്ന ജനം സമാധാനവും സുരക്ഷയും തേടി അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറേണ്ടതായും വന്നു. ഈയൊരു ആക്രമണത്ത തുടർന്ന് ഒരുപാട് ഗവേഷകരും, എൻ.ജി.ഒകളും, രാഷ്ട്രങ്ങളും, അന്താരാഷ്ട്ര സംഘനടകളും റോഹിങ്ക്യകളോട് മ്യാൻമർ ഭരണകൂടം സ്വീകരിച്ച നടപടിയെ അപലപിച്ചു. വംശീയ ഉന്മൂലനത്തിന്റെ പാഠപുസ്തക ഉദാഹരണമെന്നാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള സംഘടിതമായ ഈ ആക്രമണം വിശേഷിപ്പിക്കപ്പെട്ടത്. അങ്ങനെയാണ് വസ്തുതയെങ്കിലും, സമാധാന നോബേൽ ജേതാവ് ഓങ് സാൻ സൂചിക്ക് ഇതൊന്നും വംശീയ ഉന്മൂലനമല്ല; കലാപകാരികൾക്കെതിരെയുള്ള പോരാട്ടമാണ്. വംശീയ ഉന്മൂലനമല്ല മ്യാൻമറിൽ നടക്കുന്നതെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു!

Also read: ആമിര്‍ഖാന്റെ തുര്‍ക്കി സന്ദര്‍ശനം ഒരു സംഘപരിവാര്‍ ഫ്ലാഷ്ബാക്ക്

ലോകത്ത് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന ജനവിഭാഗമെന്നാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് റോഹിങ്ക്യകളെ വിശേഷിപ്പിച്ചത്. രാജ്യത്തെ ഒരുപാട് വംശീയ ന്യൂനപക്ഷങ്ങളിൽ പെട്ട ഒരു വിഭാഗമാണ് റോഹിങ്ക്യകൾ. മ്യാൻമറിലെ മുസ്‌ലിംകളിൽ വലിയൊരു ശതമാനത്തെയാണ് റോഹിങ്ക്യകൾ പ്രതിനിധീകിരിക്കുന്നത്. അവരിൽ ഭൂരിപക്ഷവും താമസിക്കുന്നത് റാഖൈൻ പ്രവിശ്യയിലാണ്. 2017ലെ കണക്ക് പ്രകാരം മ്യാൻമറിൽ പത്ത് ലക്ഷത്തോളം റോഹിങ്ക്യകളുണ്ടായിരുന്നു. രാജ്യത്ത് ഭൂരിപക്ഷവും ബുദ്ധമതവിശ്വാസികളാണ്. രാജ്യത്തെ പൗരന്മാരല്ല റോഹിങ്ക്യകളെന്ന് പറഞ്ഞ് ബുദ്ധമത ഭരണൂകൂടം 2014ലെ സെൻസസിൽ നിന്ന് റോഹിങ്ക്യകളെ പുറത്താക്കിയിരുന്നു. ബംഗ്ലാദേശിൽ നിന്ന് വന്ന നിയമപരമല്ലാത്ത അഭയാർഥികളായിട്ടാണ് റോഹിങ്ക്യകളെ ഭരണൂകൂടം കാണുന്നത്. ഒരുപാട് മുസ്‌ലിം രാഷ്ട്രങ്ങൾ ഉണ്ടായിരിക്കെ തന്നെ, പശ്ചിമ ആഫ്രിക്കൻ രാഷ്ട്രമായ ഗാംബിയയാണ് റോഹിങ്ക്യകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നത്തെ മുൻനിർത്തി അന്താരാഷ്ട്ര കോടതിയിൽ കേസ് സമർപ്പിക്കുന്നത്. 2019 ഡിസംബറിൽ ഓങ് സാൻ സൂചി കോടതിയിൽ ഹാജരായപ്പോൾ കൂട്ടക്കൊലയല്ലെന്ന് വാദിക്കുകയാണ് ചെയ്തത്. എന്നാൽ, 2020 ജനുവരിയിൽ പീഢനത്തിൽ നിന്നും, കൊലചെയ്യുന്നതിൽ നിന്നും റോഹിങ്ക്യൻ മുസ്‌ലിംകളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര കോടതി കൽപന പുറപ്പെടുവിച്ചു. സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും റോഹിങ്ക്യകൾ നീതിക്കായി കാത്തിരിക്കുകയാണ്.

റോഹിങ്ക്യൻ വംശഹത്യയുടെ വേദനാജനകമായ മൂന്നാം വാർഷികത്തിൽ, റോഹിങ്ക്യകൾക്ക് വേണ്ടി ബംഗ്ലാദേശിലേക്ക് സഹായമെത്തിക്കുകയും, അതിനായി ഭരണകൂടത്തെയും ഇതര സംഘടനകളെയും അണിനിരത്തുകയും ചെയ്യുകയെന്നതല്ല റോഹിങ്ക്യൻ വിഷയത്തിലെ ശാശ്വത പരിഹാരമെന്ന് ലോകം തിരിച്ചരിഞ്ഞേ മതിയാകൂ. അത് റോഹിങ്ക്യകൾക്ക് സ്വന്തം നാട്ടിലേക്ക് സ്വാതന്ത്ര്യത്തോടെ തിരിച്ചുപോകാൻ കഴിയുന്ന അവസ്ഥ സംജാതമാക്കുകയെന്നതാണ്. അതാണ് റോഹിങ്ക്യകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജോലിയില്ലാതെ, മാന്യമായ വിദ്യാഭ്യാസമില്ലാതെ മൂന്ന് വർഷങ്ങൾക്കിപ്പുറം കഴിഞ്ഞുകൂടമ്പോഴും റോഹിങ്ക്യകൾക്ക് ചെറിയ ആഗ്രഹം മാത്രമേയുള്ളൂ. സ്വാതന്ത്ര്യത്തോടെ ആത്മാഭിമാനത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം! നവംബർ എട്ടിന് മ്യാൻമറിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഈയൊരു തെരഞ്ഞെടുപ്പിൽ രാജ്യം സൈനിക ഭരണത്തിൽ നിന്ന് മോചപ്പിക്കപ്പെടുമോയെന്നത് അനിശ്ചിതത്വത്തിന്റെ ഉത്തരങ്ങളാണ് നൽകുന്നതെങ്കിലും, പ്രത്യാശയുള്ള ജീവിതം സ്വാതന്ത്ര്യത്തിന്റെ പുതു പുലരി സമ്മാനിക്കുമെന്ന് തീർച്ചയാണ്.

Related Articles