Current Date

Search
Close this search box.
Search
Close this search box.

നയം വ്യക്തമാക്കുന്ന അമേരിക്ക!

അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍ 46-ാമത്തെ പ്രസിഡന്റ് ആരാകുമെന്നത് അനിശ്ചിതമായി നിന്ന സമയമുണ്ടായിരുന്നു. ജോ ബൈഡനും ഡൊണള്‍ഡ് ട്രംപും വാശിയേറിയ പോരാട്ടം കാഴ്ചവെച്ച നിമിഷങ്ങള്‍. ഈ നിമിഷങ്ങളിലേക്ക് തിരിച്ചുപോയാല്‍, നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അവകാശവാദങ്ങള്‍ പൊള്ളയായിരുന്നുവെന്ന് വളരെ സ്പഷ്ടമായി ബോധ്യപ്പെടും. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ബൈഡന്‍ വാഗ്ദാനം ചെയ്ത മനുഷ്യാവകാശങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനം. അത് വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാരണം, മനുഷ്യാവകാശങ്ങളില്‍ ഊന്നിയ യു.എസ് വിദേശനയം രാഷ്ട്രങ്ങളുമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ആശ്ചര്യജനകമായിരുന്നു. അറബ് രാഷ്ട്രങ്ങളിലേക്ക് വരുമ്പോള്‍, ട്രംപ് അടുപ്പം കാണിച്ചിരുന്ന സൗദി ഭരണകൂടത്തോട് ബൈഡന്റെ സമീപനം എന്താകുമെന്നതും നിരീക്ഷകര്‍ കൗതുകത്തോടെ വീക്ഷിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. സൗദി രാജകുടുംബത്തോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും, മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തുന്നതില്‍ യാതൊരു താല്‍പര്യം കാണിക്കാതെ ബില്യണ്‍കണക്കിന് ഡോളറുകളുടെ ആയുധ കരാറുകള്‍ സൗദിയുമായി ഒപ്പുവെക്കുകയും ചെയ്ത ഡൊണള്‍ഡ് ട്രംപില്‍ നിന്ന് ബൈഡന്‍ വ്യത്യസ്തമാകുമെന്ന പ്രതീക്ഷയായിരിക്കാം ഒരുപക്ഷേ ആ കൗതുകത്തിന് പിന്നിലുണ്ടായിരുന്നത്.

‘ഏകാധിപതികളോടും സ്വേച്ഛാധിപതികളോടും സഹകരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല’ എന്നത് ബൈഡന്റെ തെരഞ്ഞെടുപ്പ് കാലത്തെ താല്‍ക്കാലിക നയം മാത്രമായിരുന്നു. ആയുധത്തിനും എണ്ണക്കും വേണ്ടി അമേരിക്കയുടെ മൂല്യങ്ങള്‍ വില്‍ക്കുകയില്ലെന്നതും കേവലം അവകാശവാദമായിരുന്നു. അധികാരത്തിലേറിയ ആദ്യ നാളുകളില്‍ പ്രചാരണകാലത്തെ വാക്കുകള്‍ക്ക് വിലകൊടുക്കുന്നുണ്ടെന്ന ‘ബഹുമതി’ നേടിയെടുക്കാന്‍ ബൈഡന് കഴിഞ്ഞു. സൗദി അറേബ്യയോട് അടുപ്പം കാണിക്കാത്ത സമീപനമായിരുന്നു അത്. നാടുകടത്തപ്പെട്ട സൗദി വിമര്‍ശകന്‍ ജമാല്‍ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ബൈഡന്‍ പ്രസിദ്ധീകരിച്ചു. സൗദി രാജകുമാരന് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്. തുടര്‍ന്ന്, 76 സൗദി പൗരന്മാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും, സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, എട്ട് മാസങ്ങള്‍ക്ക് ശേഷം എല്ലാ വിവാദങ്ങളും നിലനില്‍ക്കെ ദീര്‍ഘകാലത്തെ ബന്ധം തുടരാന്‍ ബൈഡന്‍ തയാറാവുകയും ചെയ്തു. ബൈഡന്‍ ഭരണകൂടത്തിലെ ഉന്നതതല ഉദ്യോഗസ്ഥന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ തിങ്കളാഴ്ച (27/09/2021) സൗദി സന്ദര്‍ശിച്ചു. ഈയിടെ, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 500 മില്യണ്‍ ഡോളറിന്റെ സൈനിക പിന്തുണ സൗദിക്ക് അനുവദിക്കുന്ന കരാറിന് അനുമതി നല്‍കുകയും ചെയ്തു. ഈ കരാര്‍ കോണ്‍ഗ്രസില്‍ അവതിരപ്പിക്കാനുണ്ടെങ്കിലും അംഗീകാരം ലഭിക്കുമെന്നത് നിസ്സംശയമാണ്.

ബൈഡന്‍ കൈകൊണ്ട വിദേശനയത്തിലെ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം പ്രതിബദ്ധതയെ മുന്നില്‍വെച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സൗദി സുരക്ഷ മുന്‍നിര്‍ത്തിയാണ് നിലവില്‍ യു.എസ് സൈനിക ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. യു.എസ് വിതരണം ചെയ്ത ഹെലികോപ്റ്ററുകള്‍ യമനിലെ ഗ്രാമങ്ങളെയും, ചന്തകളെയും, മത്സ്യബന്ധന കപ്പലുകളെയും, പലായനം ചെയ്യുന്ന അഭയാര്‍ഥികളെയും ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് ആയിരക്കണക്കിന് സിവിലിയന്മാരുടെ മരണത്തിന് കാരണമാകുന്നു. അതേസമയം, ഇസ്രായേലിനും ഈജിപ്തിനുമുള്ള നിരുപാധിക സൈനിക സഹായ, നിര്‍ദിഷ്ട അറ്റകുറ്റ പണി കരാര്‍ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നുവെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ അവകാശവാദം വാചാടോപം മാത്രമാണെന്ന് തെളിയിക്കുന്നു. ഇരകള്‍ അറബികളാണെങ്കില്‍ മനുഷ്യാവകാശ ലംഘനങ്ങളോ യുദ്ധക്കുറ്റങ്ങളോ യു.എസിന്റെ ശ്രദ്ധയില്‍ വരുന്നില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ രാഷ്ട്രീയ-അന്തര്‍ദേശീയ പഠന വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ സൂണ്‍സ് കഴിഞ്ഞ ദിവസം അല്‍ജസീറയോട് വ്യക്തമാക്കിയത് ദീര്‍ഘവീക്ഷണത്തോടെ കാണേണ്ടതാണ്.

മിഡിലീസ്റ്റില്‍ സ്ഥിരത കൊണ്ടുവരുന്നതിന് നിരന്തരമായി പ്രവര്‍ത്തിക്കുന്ന സഹോദര രാജ്യമായ സൗദിക്ക് സൈനിക സഹായം നല്‍കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് യു.എസിന്റെ ന്യായീകരണം. എന്നാല്‍, യമനിലെയും, ബഹ്‌റൈനിലെയും, ഖത്തറിലെയും, ഇതര രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ലോകത്തിന് മുന്നില്‍ യശസ്സ് ഇടിഞ്ഞിക്കൊണ്ടിരിക്കുന്ന സൗദി ചില ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. ഉദാഹരണമായി, ശത്രു രാഷ്ട്രമായ ഇറാനുമായി ചര്‍ച്ച നടത്തിയത്. പക്ഷേ, ഇത് മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷക്ക് വക നല്‍കുന്നില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles