Current Date

Search
Close this search box.
Search
Close this search box.

അലഹബാദ് പ്രയാഗരാജാക്കുമ്പോള്‍

അലഹബാദ് പട്ടണത്തിന്റെ പേര് പ്രയാഗരാജ് എന്നാക്കി മാറ്റാന്‍ യു പി മന്ത്രിസഭാ തീരുമാനിച്ചതായി വിദേശ മാധ്യമങ്ങള്‍ അടക്കം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അലഹബാദ് എന്ന് പേര് നല്‍കിയത് മുഗളന്മാരാണ് എന്നതാണ് ഈ മാറ്റത്തിന്റെ മുഖ്യ കാരണം. അതൊരു മുസ്ലിം നാമമാണ് എന്നും അവര്‍ മനസ്സിലാക്കുന്നു. അടുത്ത കാലത്തായി സംഘ പരിവാര്‍ സര്‍ക്കാരുകളുടെ മുഖ്യ ഉന്നം ഈ പേര് മാറ്റുക എന്നതായിരുന്നു. താജ്മഹല്‍ പോലും അവരുടെ ലിസ്റ്റില്‍ ഉണ്ട്. അതായിരുന്നു താജ് മഹല്‍ അല്ല തേജോ മഹല്‍ ആണ് യഥാര്‍ത്ഥ പേരെന്നു പറഞ്ഞ് സംഘ്പരിവാര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ഇന്നുമുതല്‍ എല്ലാ കാബിനറ്റ് അംഗങ്ങളും സന്തോഷവാന്മാരായിക്കും’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രി പ്രതികരിച്ചത്.

ഇന്ത്യയിലെ പുരാതന നഗരമാണ് അലഹബാദ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പല ചരിത്രങ്ങളും രേഖപ്പെടുത്തിയ സ്ഥലം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലം കൂടിയാണ്. ഗംഗ യമുന നദികളുടെ സംഗമ ഭൂമി കൂടിയാണ് അലഹാബാദ്. ചരിത്ര പ്രസിദ്ധമായ കുംബമേള നടക്കുന്നത് ഈ പട്ടണത്തിലാണ്. മുഗള്‍ കാലത്തു നല്‍കിയ പേരുകള്‍ മാറ്റി സ്ഥാപിക്കുക എന്നത് സംഘ പരിവാര്‍ ഒരു മുഖ്യ പദ്ധതിയായി ഏറ്റെടുത്തിരിക്കുന്നു. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് യോഗി ആതിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അലഹബാദ് പല ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. അതെല്ലാം കുഴിച്ചു മൂടുക എന്നത് കൂടി ഇതിന് കാരണമാകും.

ഇതൊരു കേവലം പേര് മാറ്റലായി കാണാന്‍ കഴിയില്ല എന്ന് വേണം മനസ്സിലാക്കാന്‍. കുറച്ചു മുമ്പ് മുഗളസറൈ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ എന്നാക്കി മാറ്റിയിരുന്നു. അത് കൂടാതെ പല റോഡുകളുടെ പേരുകളും മാറ്റിയിരുന്നു. മുഗളന്മാര്‍ ഇന്ത്യ ഭരിച്ചിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. ഇന്ത്യയിലെ നാട്ടു രാജാക്കന്മാരുടെ അനൈക്യം മുതലെടുത്താണ് അവര്‍ ഇവിടെ സാമ്രാജ്യം സ്ഥാപിച്ചത്. പേര് മാറ്റിയത് കൊണ്ട് ചരിത്രം മാറ്റാന്‍ കഴിയില്ല. ചരിത്രത്തെ മാറ്റി എഴുതാനുള്ള ശ്രമം സംഘപരിവാര്‍ പണ്ടേ ആരംഭിച്ചതാണ്. ഒരു വിഭാഗത്തിന്റെ പേര് പോലും അവരെ അസ്വസ്ഥമാക്കുന്നു എന്ന് വന്നാല്‍ അതൊരു അസുഖമായി കണക്കാക്കണം.

Related Articles