Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: പ്രക്ഷോഭം അവസാനിക്കുന്നില്ല

പശ്ചിമേഷ്യന്‍ രാജ്യങ്ങളെ പിടികൂടിയ രാഷ്ട്രീയ അസ്ഥിരതയില്‍ അകപ്പെട്ട് ഉലയുകയാണ് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയും. പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫഌക്കയുടെ ഏകാധിപത്യ ഭരണത്തില്‍ രാജ്യത്തെ മോചിപ്പക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി അള്‍ജീരിയന്‍ ജനത തെരുവിലാണ്. മുല്ലപ്പൂ വിപ്ലവത്തെ ഓര്‍മിപ്പിക്കുന്ന വിധം രാജ്യത്തെ ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികളടക്കമുള്ള യുവജനങ്ങളും രംഗത്തു വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ആയിരക്കണക്കിനാളുകളാണ് അള്‍ജീരിയയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ റാലികളില്‍ പങ്കെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും വലിയ പ്രതിഷേധത്തിന് രാജ്യം സാക്ഷിയാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സൂഫിയാന്‍ ജിലാലി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.

ഹെലികോപ്ടറില്‍ വലയം ചെയ്താണ് സമരക്കാരെ പൊലിസ് നേരിടുന്നത്. തലസ്ഥാന നഗരിയായ അള്‍ജിയേഴ്‌സിലും രാജ്യത്തെ പ്രധാന പാര്‍ക്കുകളിലും തെരുവോരങ്ങളിലുമെല്ലാം പ്രതിഷേധക്കാര്‍ നിറഞ്ഞിരിക്കുകയാണ്. പ്രസിഡന്റിന്റെ ആസ്ഥാന മന്ദിരത്തിനു നേരെ പ്രക്ഷോഭം ആരംഭിച്ചതോടെ കനത്ത പൊലിസ് സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്.

രോഗശയ്യയില്‍ കിടന്ന് രാജ്യം ഭരിക്കുന്ന 81കാരനായ പ്രസിഡന്റ് ബൂട്ടോഫഌക്കക്കും അദ്ദേഹത്തെ പിന്തുണക്കുന്ന ഭരണകക്ഷിയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിനെതിരെയുമാണ് രാജ്യത്ത് പ്രക്ഷോഭം നാള്‍ക്കുനാള്‍ രൂക്ഷമാവുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി അള്‍ജീരിയയില്‍ ഏകാധിപത്യ ഭരണം നടത്തുന്ന ബൂട്ടോഫ്‌ളിക്ക തുടര്‍ച്ചയായി അഞ്ചാം തവണയും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുന്നതിനെ ശക്തമായി ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.

2001 മുതല്‍ അള്‍ജിയേഴ്‌സില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മറികടന്നാണ് ഇപ്പോള്‍ പ്രതിഷേധ റാലി നടക്കുന്നത്. ഇവിടെ നിന്ന് മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് മാധ്യമങ്ങള്‍ക്കും റേഡിയോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. 1999 മുതല്‍ ബൂട്ടോഫ്‌ളിക്ക അധികാരത്തിലുണ്ട്. 2013ല്‍ സ്‌ട്രോക് പിടിപെട്ട് അദ്ദേഹം രോഗശയ്യയിലാണ്. എന്നാല്‍ വീല്‍ ചെയറിലിരുന്നും അദ്ദേഹം പ്രസിഡന്റ് പദവി അലങ്കരിക്കുകയാണ്. നാള്‍ക്കുനാള്‍ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതോടെ വടക്കന്‍ ആഫ്രിക്കയിലെ രാഷ്ട്രീയ കലുഷിത മണ്ണായി മാറുകയാണ് അള്‍ജീരിയ.

Related Articles