Current Date

Search
Close this search box.
Search
Close this search box.

‘അൽജസീറ’യുടെ റിപ്പോർട്ട് ഒരു വലിയ മുന്നറിയിപ്പാണ്

ഇന്ത്യയുടെ വായു മലിനമായിരിക്കുന്നു. സ്വാതന്ത്ര്യത്തോടെ വായു ശ്വസിക്കാൻ കഴിയാതെ വന്നിരിക്കുന്നു. പുതിയ കാലം, പുതിയ സാഹചര്യം, പുതിയ ജീവിതം! എല്ലാം വളരെ സൂക്ഷമതയോടെ മാത്രമേ പറയാനും ചെയ്യാനും കഴിയുകയുള്ളൂ. സൂക്ഷമതയോടെ പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടും കാര്യമില്ല. എല്ലാത്തിലും വിഷത്തിന്റെ അംശം കണ്ടെത്തുന്നു. ഭരണകൂടത്തെ വിമർശിക്കാൻ പാടില്ല. വിമർശിച്ചാൽ രാജ്യദ്രോഹിയാണ്, തീവ്രവാദിയാണ്. എല്ലാം വിചിത്രമായിരിക്കുന്നു! 2014ൽ ഭാരതീയ ജനത പാർട്ടി അധികാരത്തിലേറിയതിന് ശേഷമാണ് ഇന്ത്യയിൽ ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു ഭരണകൂടത്തിന് അധികാരത്തിൽ രണ്ടാം തുടർച്ചയുണ്ടായതെന്ന് ആശ്ചര്യകരമാണ്. ഭയമാണ് യഥാർഥത്തിൽ ഇന്ത്യയെ ഭരിക്കുന്നതെന്നാണ് ശരിയായ നിരീക്ഷണം.

കഴിഞ്ഞ ദിവസം, അൽജസീറ ഇംഗ്ലീഷ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇന്ത്യക്കാർക്ക് വലിയ മുന്നറിയിപ്പാണ് നൽകുന്നത്. ഇന്ത്യയിലെ മാറിയ സാഹചര്യത്തിൽ സംഭവിക്കാൻ പോകുന്ന ഭയാനകമായ അവസ്ഥയാണ് അത് ചിത്രീകരിക്കുന്നത്. ‘ഇന്ത്യയിൽ മുസ്‌ലിം വംശഹത്യ നടക്കാൻ പോകുന്നു’ എന്നതാണ് ജെനോസൈഡ് വാച്ചിന്റെ സ്ഥാപകനും ഡിറക്ടറുമായ ഗ്രിഗറി സ്റ്റാന്റൺ നിരീക്ഷിക്കുന്നത്. 1994ൽ റുവാണ്ടയിൽ ടുട്‌സി കൂട്ടക്കൊല നടക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ആ വംശഹത്യയെ കുറിച്ച് പ്രവചിച്ചിരുന്നു. ഇപ്പോൾ, ഇന്ത്യയിൽ മുസ്‌ലിം വംശീയ ഉന്മൂലനം സംഭവിക്കാൻ പോകുകയാണെന്ന് ഗ്രിഗറി സ്റ്റാന്റൺ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ സംസ്ഥാനമായ അസാമിലും, കേന്ദ്ര നിയന്ത്രണത്തിലുള്ള കശ്മീരിലും വംശഹത്യയുടെ ആദ്യ അടയാളങ്ങളും പ്രക്രിയകളും കാണുന്നുവെന്ന് യു.എസ് കോൺഗ്രസ് ബ്രീഫിങിനിടെ അദ്ദേഹം നിരീക്ഷച്ചത് സമീപ ഭാവിയിൽ ഇന്ത്യൻ സാഹചര്യം ഭീകരമായി മാറുമെന്ന യാഥാർഥ്യമാണ്.

ഇന്ത്യയിൽ നല്ലതുപോലെ വംശഹത്യ നടക്കുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. വംശഹത്യ ഒരു സംഭവമല്ല, അതൊരു പ്രക്രിയയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൊള്ളുന്ന നയങ്ങളും, 2017ൽ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം പിന്തുടരുന്ന വിവേചനപരമായ നയങ്ങളും തമ്മിൽ സമാനതകളുണ്ടെന്ന് ‘കുറ്റകൃത്യം പ്രവചിക്കുകയും തടയുകയും ചെയ്യുന്നതിന് 1999ൽ ആരംഭിച്ച സർക്കാരിതര സംഘടനയെ പ്രതിനിധീകരിച്ച് ഗ്രിഗറി സ്റ്റാന്റൺ പറയുന്നു. അതിന് അദ്ദേഹം ഉദാഹരണങ്ങളും നിരത്തുന്നുണ്ട്. ഏഴ് ദശാബ്ദക്കാലം കശ്മീരികൾക്കുണ്ടായ പ്രത്യേക സ്വയംഭരണാവകാശം 2019ൽ റദ്ദാക്കപ്പെടുന്നു. ആ വർഷം തന്നെയാണ് മുസ്‌ലിംകൾ ഒഴികെയുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act) കൊണ്ടുവരുന്നത്. റോഹിങ്ക്യകളെ ആദ്യം പൗരന്മാരല്ലെന്ന് നിയമപരമായി പ്രഖ്യാപിക്കുകയും, പിന്നീട് അക്രമത്തിലൂടെയും വംശഹത്യയിലൂടെയും പൂറത്താക്കുകയും ചെയ്ത മ്യാൻമറിന് സമാനമായ സാഹചര്യം താൻ ഭയപ്പെടുന്നുവെന്ന് വിർജീനിയയിലെ ജോർജ് മേസൺ സർവകലാശാലയിലെ ജെനോസൈഡ് സ്റ്റഡീസ് ഏൻഡ് പ്രിവൻഷൻ മുൻ അധ്യാപകനായ ഗ്രിഗറി സ്റ്റാന്റൺ മുന്നോട്ടുവെക്കുന്ന ആശങ്ക ഭീതി ജനിപ്പിക്കുന്നതാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ ചരിത്രത്തിനും ഭരണഘടനക്കും വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന അദ്ദേഹം ‘മോദിയെ തീവ്രാവദിയെന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നത് സമാനമായ ഉപജാപമാണെന്ന് പറയാനും അദ്ദേഹം മടിക്കുന്നില്ല.

‘താങ്കളുടെ രാജ്യത്ത് വംശഹത്യ തടയാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, അഞ്ച് വർഷത്തിനുള്ളിൽ ഇവിടെ വംശഹത്യ നടക്കും’ എന്ന് 1989ൽ അന്നത്തെ റുവാണ്ടൻ പ്രസിഡന്റായിരുന്ന ജുവനൽ ഹാബ്യാരിമനക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഗ്രിഗറി സ്റ്റാന്റൺ വ്യക്തമാക്കുന്നു. ഗ്രിഗറി സ്റ്റാന്റൺ നേരത്തെ നൽകിയ മുന്നറിയിപ്പിന് ശേഷമാണ് എട്ട് ലക്ഷത്തോളം ടുട്‌സികളും മറ്റ് റുവാണ്ടക്കാരും 1994ൽ വംശഹത്യക്ക് വിധേയമാകുന്നത്. ഇന്ത്യയിൽ അത് സംഭവിക്കാൻ അനുവദിച്ചുകൂടാ എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. 2002ൽ, പടിഞ്ഞാറൻ ഇന്ത്യൻ സ്റ്റേറ്റായ ഗുജറാത്തിൽ മൂന്ന് ദിവസത്തെ വർഗീയ കലാപത്തിൽ 1000ത്തിലധികം മുസ്‌ലിംകൾ കൊലചെയ്യപ്പെട്ടപ്പോഴാണ് ഇന്ത്യയിൽ വംശഹത്യയെ കുറിച്ച് ജെനോസൈഡ് വാച്ച് മുന്നറിയിപ്പ് നൽകാൻ തുടങ്ങുന്നത്. ഇത്തരമൊരു മുന്നറിയിപ്പ് ഇന്ത്യക്കാരെ എവ്വിധമാണ് സ്വാധീനിക്കുന്നതെന്നത് വളരെ പ്രധാനമാണ്.

ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രമുഖർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ‘റിപ്പോർട്ട് വളരെ ഗൗരവത്തിൽ കാണണം. അക്രമണത്തെ സ്‌റ്റേറ്റ് പ്രകോപിപ്പിക്കുകയോ തടയാതിരിക്കുകയോ ചെയ്യുന്നുതാണ് ഇന്ത്യൻ നാഗരിക അക്രമണ ചരിത്രരേഖകൾ കാണിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് ഇന്ത്യൻ ഭരണകൂടം ഗൗരവത്തിൽ കാണുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ നിന്ന് ഇത്തരം കാര്യങ്ങൾ കേൾക്കുകയും, സ്റ്റേറ്റ് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ പുറത്തുള്ള ആളുകൾ സ്വാഭാവികമായും ആശങ്കപ്പെടുന്നു’ -ബംഗളൂരു ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യയിലെ മുൻ മേധാവിയുമായ ആകർ പട്ടേൽ അൽജസീറയോട് പ്രതികരിച്ചു. ഈയിടെ വലതുപക്ഷ ഹിന്ദുത്വ വിഭാഗം ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടത്തിയ പരിപാടിയിലെ മുസ്‌ലിം വംശീയ ഉന്മൂലന ആഹ്വാനങ്ങളിലേക്ക് വിരൽചൂണ്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭയം തികച്ചും യാഥാർഥ്യമാണെ’ന്ന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻ വിവരാവകാശ കമ്മീഷണറും വിദ്യാഭ്യാസ വിചക്ഷണനുമായ എം.എം അൻസാരി സ്ഥിരീകരിക്കുന്നു. ഹിന്ദുത്വ തീവ്രവാദികൾ മുസ്‌ലിം കച്ചവടക്കാർക്കും ബിസിനസുകാർക്കും മേൽ അഴിച്ചിവിടുന്ന അതിക്രമങ്ങൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ടെന്നത് യാഥാർഥ്യമാണ്. കഴിഞ്ഞ നവംബറിൽ, നരേന്ദ്ര മോദിക്ക് കീഴിൽ തഴച്ചുവളരുന്ന ഹിന്ദു ദേശീയതയെ തീവ്ര വിഭാഗമായ ഐ.എസ്.ഐ.എസുമായി താരതമ്യം ചെയ്തതിനെ തുടർന്ന് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദിന്റെ വീടിന് ഹിന്ദുത്വ തീവ്രവാദികൾ തീയിട്ടിരുന്നു. ഡിസംബറിൽ, വംശീയ കൂട്ടക്കൊലക്കും മുസ്‌ലിംകൾക്കെതിരെ ആയുധം ഉപയോഗിക്കാനും ഹിന്ദുത്വ നേതാക്കൾ ആഹ്വാനം ചെയ്ത വിഡിയോ വ്യാപകമായി പ്രചരിച്ചിട്ടും, വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഇടപടേണ്ടി വന്നു.

മുസ്‌ലിംകളും ക്രിസ്ത്യാനികളും ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ലോകത്തെ രാഷ്ട്രങ്ങളിലൊന്നായി ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യ മാറിയിരിക്കുന്നു. ‘മുസ്‌ലിംകൾ മാനസികവും ശാരീരകവും സാമ്പത്തികവുമായി പീഡിപ്പിക്കപ്പെടുകയാണെ’ന്ന് ആക്ടിവിസ്റ്റും ആക്കാദമിസ്റ്റുമായ അപൂർവാനന്ദ് അൽജസീറയോട് പങ്കുവെക്കുന്നു. ഇന്ത്യയുടെ 1.4 ബില്യൺ ജനതയിൽ ഏകദേശം 14 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ ഭാവിയെ സംബന്ധിച്ച നിർണായകമായ നിരീക്ഷണമാണ് ഗ്രിഗറി സ്റ്റാന്റൺ നടത്തുന്നത്.

Related Articles