Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ പുകഞ്ഞ് മറിയുമ്പോള്‍

ആഭ്യന്തര സംഘര്‍ഷം മൂലം ദുരന്തമനുഭവിക്കുന്ന അഫ്ഗാന്റെ വാര്‍ത്ത ലോക മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യവും വിമത ഭാഗത്തുള്ള താലിബാനും തമ്മിലാണ് ഇവിടെ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. അമേരിക്കയടക്കമുള്ള വിദേശ സൈന്യത്തിന്റെ ഇടപെടല്‍ രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്തുന്നതിനും ഇടയാക്കി. രാജ്യത്തിന്റെ സര്‍ക്കാര്‍ അധീനതയിലുള്ള കേന്ദ്രങ്ങളെല്ലാം കൈയേറാനുള്ള ശ്രമമാണ് താലിബാന്‍ വിമതര്‍ നടത്തുന്നത്. താലിബാന്റെ കേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കുന്ന ദൗത്യത്തിലാണ് അഫ്ഗാന്‍ സേന. ഇക്കാര്യത്തില്‍ യുദ്ധക്കോപ്പുകളും സൈനിക സഹായവുമായി കഴിഞ്ഞ 20 വര്‍ഷമായി യു.എസ് സൈന്യം അഫ്ഗാനില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

എന്നാല്‍ 20 വര്‍ഷത്തെ സേവനം മതിയാക്കി യു.എസ് സേന അഫ്ഗാന്‍ വിടാനൊരുങ്ങുന്നതിനിടെ രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ ഉടലെടുത്തു. യു.എസ് സേന പിന്‍വാങ്ങാനൊരുങ്ങിയതോടെ കൂടുതല്‍ മേഖല അധീനപ്പെടുത്താന്‍ താലിബാന്‍ ഒരുങ്ങി. യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറിയതിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിലാണ് അഫ്ഗാനിലെ സേനാ പിന്മാറ്റം അമേരിക്ക പ്രഖ്യാപിച്ചത്. അഫ്ഗാന്റെ മുക്കാല്‍ ഭാഗവും പിടിച്ചെടുത്തെന്നാണ് താലിബാന്റെ അവകാശവാദം. ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതിന്റെ ഭാഗമായുള്ള ആക്രമണത്തിലായിരുന്നു കഴിഞ്ഞയാഴ്ച റോയിട്ടേഴ്‌സിന്റെ പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടത്.

ആയിരങ്ങളാണ് അഫ്ഗാനില്‍ നിന്നും ഇതിനകം പലായനം ചെയ്തത്. സംഘര്‍ഷ മേഖലകളില്‍ നിന്നും സുരക്ഷിത ഇടം തേടിയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പലായനം ചെയ്യുന്നത്. താലിബാന്റെ ശക്തികേന്ദ്രമായിരുന്ന കാണ്ഡഹാര്‍ പ്രവിശ്യയില്‍ നിന്നും കൂട്ടപ്പലായനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നു മാത്രം 22000 പേരാണ് ഇതിനകം പലായനം ചെയ്തത്. കഴിഞ്ഞ മെയ്-ജൂണ്‍ മാസത്തില്‍ മാത്രം 2400 സിവിലിയന്മാരാണ് താലിബാനും അഫ്ഗാന്‍ സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. 2009 മുതല്‍ രാജ്യത്ത് ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടവരുടെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

ഈ വര്‍ഷം ജനുവരിക്കും ജൂണിനും ഇടയില്‍ 5183 പേര്‍ക്കാണ് സംഘട്ടനത്തിനിടെ പരുക്കേറ്റത്. ഈ കാലയളവില്‍ ആകെ 1659 പേര്‍ കൊല്ലപ്പെട്ടെന്നും അഫ്ഗാനിസ്ഥാനിലെ യു.എന്‍ സഹായ ദൗത്യസംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടതും 2021ലാണ്.

ഭീകരവും ചടുലവുമായ സംഘര്‍ഷ പാതയില്‍ നിന്നും പിന്മാറണമെന്നും ഇത് സാധാരണക്കാര്‍ക്ക് കടുത്ത വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും താലിബാന്‍, അഫ്ഗാന്‍ നേതാക്കളോട് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ തടയുന്നില്ലെങ്കില്‍ ഈ വര്‍ഷം അഭൂതപൂര്‍വമായ മരണ നിരക്കായിരിക്കും ഉണ്ടാവുയെന്നും ഇത് സിവിലിയന്മാരുടെ ജീവന് അപകടമാണെന്നും യു.എന്‍ ഇരു വിഭാഗത്തോടും വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

2021ല്‍ രാജ്യം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അത്യാഹിതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 1 മുതല്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ സിവിലിയന്മാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തുടനീളം കനത്ത ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. അഫ്ഗാന്‍, യു.എസ് സേനകളോട് പിന്‍വലിയാന്‍ ആവശ്യപ്പെട്ട് ഗ്രാമീണ ജില്ലകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, പവിശ്യാ തലസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ താലിബാന്‍ വലിയ വ്യോമാക്രമണങ്ങളാണ് നടത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ പകുതിയിലധികം ജില്ലകള്‍ നിയന്ത്രിക്കുന്ന താലിബാന്‍ ഇപ്പോള്‍ വിവിധ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇരു വിഭാഗം പ്രതിനിധികളും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നിരവിധി തവണ സമാധാന ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ചര്‍ച്ചകള്‍ ഇനിയും തുടരുമെങ്കിലും അഫ്ഗാന്‍-താലിബാന്‍ ഏറ്റുമുട്ടല്‍ പ്രവചിക്കാനാവാത്ത രീതിയില്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.

Related Articles