Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാൻ-താലിബാൻ ചർച്ച: സമാധാനം പുലരുമോ?

അഫ്ഗാൻ ഭരണകൂടവും  താലിബാനും സമവായത്തിലെത്താനുള്ള സമാധാന ചർച്ചയുടെ രണ്ടാം ഭാഗം ഖത്തറിൽ പുരോഗിമിച്ചുകൊണ്ടിരിക്കുകയാണ്. ചർച്ചയുടെ ഭാഗമാകുന്നവർ ഖത്തറിൽ തിരിച്ചെത്തിയിട്ട് ഒരാഴ്ച കഴിയുന്നു. ഇരുവിഭാഗവുമായി യു.എസ് സംഘം പ്രത്യേക ചർച്ചയാണ് നടത്തികൊണ്ടിരിക്കുന്നത്. ഒന്നാം ഘട്ട ചർച്ച സെപ്തംബറിൽ ആരംഭിക്കുകയും, നടപടിക്രമങ്ങൾ തീരുമാനിച്ച് ഇരുവിഭാഗങ്ങളും ഡിസംബറിൽ ചർച്ച അവസാനിക്കുകയുമായിരുന്നു. യുദ്ധാനന്തരമുള്ള അഫ്ഗാൻ, രാജ്യവ്യാപകമായ വെടിനിർത്തൽ, താലിബാന്റെ നിരായുധീകരണം, ഇതര സായുധ സംഘങ്ങൾ എന്നിവയാണ് 2021 ജനുവരി അഞ്ചിന് പുനഃരാംരംഭിച്ച രണ്ടാം ഘട്ട ചർച്ചയിലെ മുഖ്യ ചർച്ചാവിഷയം. ഇതെല്ലാം ആത്യന്തികമായി ഉയർത്തുന്ന ചോദ്യം അഫ്ഗാൻ-താലിബാൻ ചർച്ചയിൽ സമാധാനം പുലരുമോയെന്നതാണ്!

ഈ മാസാദ്യത്തിൽ, അഫ്ഗാൻ തെക്കുപടിഞ്ഞാറ് മേഖലയെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിൽ പത്ത് ശീഈ കൽക്കരി ഖനിത്തൊഴിലാളികൾ ദാരുണമായി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ പ്രമുഖ അഫ്ഗാൻ ശീഈ നേതാവും, രാഷ്ട്രീയ പാർട്ടിയായ ഹിസ്‌ബെ വഹ്ദത്തെ ഇസ്‌ലാമിയുടെ നേതാവും, അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റുമായ കരീം ഖലീലി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുമായി തലസ്ഥാനമായ ഇസ്‌ലാമാബാദിൽ കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അഫ്ഗാൻ-താലിബാൻ സമാധാന കരാർ യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയായിരുന്നു മുഖ്യ അജണ്ട. കൂടിക്കാഴ്ചയിൽ അഫ്ഗാൻ-പാക്കിസ്ഥാൻ ബന്ധത്തെ കുറിച്ച് വീക്ഷണങ്ങൾ കൈമാറുകയും, അഫ്ഗാൻ സമാധാന ശ്രമത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തതായി പാക്കിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനയിൽ കാണാവുന്നതാണ്. സമാധനാപൂർണമായ സുസ്ഥിരമായ സമൃദ്ധമായ പുതിയ അഫ്ഗാന് പൂർണ പിന്തുണ നൽകുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഖുറൈശി ആവർത്തിച്ചു. അതേസമയം, അയൽരാജ്യമായ പാക്കിസ്ഥാൻ വടക്കുപടിഞ്ഞാറ് മേഖലയിൽ ഇരുപത് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് ഖത്തറിൽ സമാധാന ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

സമാധാന ശ്രമത്തിന് പാക്കിസ്ഥാൻ സൗകര്യമൊരുക്കിയതിന്റെ ഫലമെന്നോണം അഫ്ഗാൻ താലിബാനെ യു.എസുമായുളള സമാധാന ചർച്ചക്ക് മേശക്ക് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് പ്രസ്താവ്യമാണ്. അത്, പരസ്പരം പോരടിച്ചിരുന്ന വിഭാഗങ്ങൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെക്കുന്നതിന് കാരണമായി. 2021 ജനുവരി മൂന്നിന് പാക്കിസ്ഥാൻ നഗരമായ മാകിൽ കൽക്കരി ഖനി ആക്രമണത്തിന്റെ ഇരകളായ ഹസാറ വംശത്തിലെ അംഗമാണ് ഹാമിദ് കർസായി അഫ്ഗാൻ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്ന കരീം ഖലീലി. കൂടാതെ, ഔദ്യോഗികമായി 2019ൽ പിരിച്ചുവിട്ട അഫ്ഗാൻ താലിബാനുമായി ചർച്ചക്ക് നേതൃത്വം നൽകുന്നതിന് മുൻ അഫ്ഗാൻ പ്രസിഡന്റ് ഹാമിദ് കർസായി രൂപീകരിച്ച ബോഡിയായ എച്.പി.സിയുടെ (High Peace Council) ചെയർമാനുമാണ് കരീം ഖലീലി. ദശാബ്ദങ്ങളായി, തീവ്ര വിഭാഗങ്ങളിൽ നിന്ന് ഹസാറ വംശം അഫ്ഗാൻ-പാക്ക് അതിർത്തികളിൽ പീഢനങ്ങളും ആക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ തീവ്ര വിഭാഗം ശീഈകളെ മതത്തിൽ നിന്ന് വ്യതിചലിച്ചവരായാണ് (Heretics) കാണുന്നത്. 500ലധികം ഹസാറകളാണ് 2014 മുതൽ പാക്കിസ്ഥാനിൽ ഇതുപോലെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇരു രാഷ്ട്രങ്ങളുടെയും ഉന്നത നേതൃത്വങ്ങളുടെ അഫ്ഗാൻ സമാധാന ശ്രമത്തിന്റെ ഒടുവിലത്തെ അധ്യായമാണ് കരീം ഖലീലിയുടെ സന്ദർശനം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ 2020 നവംബറിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിൽ ഇംറാൻ ഖാൻ സമാധാന ശ്രമത്തിന് കഴിയാവുന്ന എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സമാധാന പുലരുന്നതിന് രാഷ്ട്രതലങ്ങളിൽ ചർച്ച കാര്യമായി നടക്കുമ്പോഴും പ്രത്യാശയുടെ തിരിനാളങ്ങൾ ഉദയംകൊള്ളുമെന്ന് പറയാനാകില്ല. കഴിഞ്ഞ ആഴ്ചകളിലായി അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച കാബൂൾ റോഡ് സ്‌ഫോടനത്തിൽ മൂന്ന് പേരാണ് മരിച്ചത്. സമാധാന ചർച്ച നടന്നുകൊണ്ടിരിക്കുമ്പോഴും ആക്രമണങ്ങൾ അവസാനിക്കാതെ തുടരുന്നുവെന്നത് എത്ര വിരോധാഭാസമാണ്!

യു.എസ് അധികാര മാറ്റം സമാധാന ചർച്ച മന്ദഗതിയിലാകുന്നതിനുള്ള പ്രധാന കാരണമാണ്. യു.എസിന്റെ അഫ്ഗാൻ നയമെന്താണെന്നത് വളരെ നിർണായകമാണ്. അധികാരത്തിൽ നിന്ന് പുറത്തുപോകുന്ന ട്രംപ് ഭരണകൂടം യു.എസ് സൈന്യം ഉടൻ പിൻവാങ്ങണമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2500 യു.എസ് സൈന്യം മാത്രമാണ് അഫ്ഗാനിൽ അവശേഷിക്കുന്നത്. അതിനാൽ, ട്രംപിൽ നിന്ന് ഭിന്നമായി ബൈഡന്റെ അഫ്ഗാൻ നയം പ്രാധാന്യത്തോടെ മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ. യു.എസിനെ ആക്രമിക്കുന്ന തീവ്രവാദികളുടെ സുരക്ഷാ കേന്ദ്രമായി അഫ്ഗാൻ ഒരിക്കലും മാറാതിരിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിലെ യു.എസ്-താലിബാൻ സമാധാന കരാറിനെ പിന്തുണയക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവാൻ ഈയിടെ വ്യക്തമാക്കിയിരുന്നു. ആക്രമണം അവസാനിപ്പിക്കുന്നതിനും അൽഖാഇദയുമായി ബന്ധം വിച്ഛേദിക്കുന്നതിനും താലിബാൻ തയാറാകുന്നില്ലെന്ന് ഈയിടെ അമേരിക്കൻ പ്രതിരോധ മേഖലയായ പെന്റഗൺ ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം, സമാധാന ചർച്ച ചെറിയ രീതിയെങ്കിലും ഫലം കാണുമോയെന്ന ചോദ്യം മാത്രമാണ് ബാക്കിയാക്കുന്നത്.

Related Articles