Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാവുക നാം

freedom3c'.jpg

രാജ്യത്തെ ന്യൂനപക്ഷങ്ങളും മുസ്‌ലിംകളുടെയും സ്വാതന്ത്ര്യത്തിന് മുന്നില്‍ പല രൂപത്തിലും സ്വഭാവത്തിലുമുള്ള വിലങ്ങുകള്‍ തീര്‍ക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ് നമ്മള്‍. നമ്മുടെ പ്രപിതാക്കള്‍ നടത്തിയ ദീര്‍ഘകാലത്തെ ചെറുത്തു നില്‍പ് പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തില്‍ നിന്ന് നമ്മുടെ രാജ്യം സ്വതന്ത്രമായത്. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണ് അതെന്നതില്‍ ഒരു സംശയവുമില്ല. അതിലൂടെ നമ്മുടെ ഭാഗദേയം നമുക്ക് തന്നെ നിര്‍ണയിക്കാനുള്ള അവകാശമാണ് ലഭിച്ചിരിക്കുന്നത്. ഒരു സ്വതന്ത്രരാജ്യമായതിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ നേട്ടമായിട്ടാണ് സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന നമ്മുടെ ഭരണഘടന. എന്നാല്‍ ദലിതുകളും മുസ്‌ലിംകളും അടക്കമുള്ള രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും ആസ്വദിക്കാന്‍ എത്രത്തോളം സാധിക്കുന്നുണ്ട്?

മതം, വര്‍ഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും അരുതെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും നിരന്തരം വിവേചനങ്ങളുടെ വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന പൗരന് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ പ്രത്യേക മതവിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നതിന്റെ ചിത്രങ്ങളും നാം കാണുന്നു. ഇത്തരം ഭരണഘടനാ ലംഘനങ്ങള്‍ക്ക് തടയിടേണ്ട ഭരണകൂട സംവിധാനങ്ങള്‍ പോലും കൂട്ടുനില്‍ക്കുന്നുവെന്നതാണ് ദുഖകരം. എത്രത്തോളമെന്നാല്‍ രാജ്യത്ത് ജീവിക്കുന്നവര്‍ എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ന് തീരുമാനിക്കുന്നത് പോലും ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന വര്‍ഗീയ ശക്തികളായി മാറിയിരിക്കുന്നു.

പശുക്കള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും രാജ്യത്തെ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ലഭിക്കുന്നില്ലെന്നാണ് ഈയടുത്ത കാലത്ത് നടന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. ഗോമാംസം ഉപയോഗിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ‘ആള്‍ക്കൂട്ടം’ അടിച്ചു കൊന്നപ്പോഴും ഝാര്‍ഖണ്ഡിലെ ലാത്തേഹാറില്‍ രണ്ട് മുസ്‌ലിം യുവാക്കളെ ഗോസംരക്ഷകര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയപ്പോഴും ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കള്‍ ഒരക്ഷരം അതിനെതിരെ ഉരിയാടാന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തുകല്‍ ഉരിച്ചതിന്റെ പേരില്‍ ദലിത് യുവാക്കള്‍ മര്‍ദിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ‘നിങ്ങളെന്തിന് എന്റെ ദലിത് സഹോദരരെ ആക്രമിക്കുന്നു? നിങ്ങളെന്നെ ആക്രമിക്കൂ; നിങ്ങളെന്തിന് അവരെ വെടിവെക്കുന്നു, നിങ്ങളെന്നെ വെടിവെക്കൂ’ എന്ന് അല്‍പം വൈകാരികമായാണ് അതിനെ കുറിച്ചദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഉനയിലെ സംഭവത്തിന് ശേഷം ശക്തിപ്പെട്ട ദലിത് പ്രക്ഷോപമാണ് മോദിയെ കൊണ്ട് അങ്ങനെ പറയിച്ചിരിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ദലിതുകളെ കൂട്ടുപിടിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യമുള്ള ബി.ജെ.പി നേതാക്കള്‍ ദലിത് പ്രക്ഷോപത്തിന്റെ അപകടം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ട് വേണം പ്രധാനമന്ത്രിയുടെ ഈ വാക്കുകളെ കാണാന്‍. അതേസമയം ഗോസംരക്ഷണ രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ കൊല്ലപ്പെട്ട മുസ്‌ലിംകളെ കുറിച്ച് പരാമര്‍ശമൊന്നും ആ പ്രസംഗത്തിലും ഉണ്ടായിട്ടില്ല. തന്റെ പ്രസംഗത്തില്‍ ഗോസംരക്ഷകരില്‍ 70-80 ശതമാനം വ്യാജന്‍മാരാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ‘യഥാര്‍ഥ ഗോസംരക്ഷകര്‍ക്ക്’ പരോക്ഷമായി അംഗീകാരം നല്‍കിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗോസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന ഹരിയാനയിലെ ഗോ രക്ഷാ ദളിന്റെ ആവശ്യവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷവും യു.പിയിയിലെ അലിഗഢിലും ആന്ധ്രയിലെ വിജയവാഡയിലും ദലിതുകള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. കേവലം ഒരു പ്രസ്താവന കൊണ്ടോ ആഹ്വാനം കൊണ്ടോ അവസാനിക്കുന്ന ഒന്നല്ല ഈ വിവേചനം എന്നാണിത് തെളിയിക്കുന്നത്. ഉത്തര്‍പ്രദേശിലെ സാംബാള്‍ ജില്ലയില്‍ ക്ഷേത്രത്തിലെ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനെത്തിയ ദലിത് ബാലികയെ പുരോഹിതന്‍ മര്‍ദിച്ചതും കഴിഞ്ഞ ദിവസമാണ്. പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് എത്രയോ മുസ്‌ലിം യുവാക്കള്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്. അതില്‍ വലിയൊരു വിഭാഗം വിചാരണ പോലും പൂര്‍ത്തിയാക്കാതെയാണ് വര്‍ഷങ്ങളായി ജയില്‍ ജീവിതം നയിക്കുന്നതെന്നും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്തെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് മുഴുവന്‍ പൗരന്‍മാര്‍ക്കും അവകാശപ്പെട്ട സ്വാതന്ത്ര്യമാണ് 1947ല്‍ നാം നേടിയിരിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച് അതിന്റെ സംരക്ഷണത്തിനായി നമുക്ക് കൈകോര്‍ക്കാം.

Related Articles