Current Date

Search
Close this search box.
Search
Close this search box.

സ്രഷ്ടാവിലേക്കുള്ള മടങ്ങലാവട്ടെ നമ്മുടെ ദുല്‍ഹജ്ജ് ദിനങ്ങള്‍

മനുഷ്യായുസ്സിലെ ശ്രേഷ്ഠമായ ദിനങ്ങളാണ് ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിനങ്ങള്‍. റമദാനിലെ പത്ത് രാത്രികള്‍ ശ്രേഷ്ഠ രാത്രികളായതു പോലെ. തന്റെ സ്രഷ്ടാവും സ്‌നേഹഭാജനവുമായ നാഥനിലേക്ക് മടങ്ങാനുള്ള ഉന്നതമായ ആഹ്വാനവും അവസരവുമാണ് ആ ദിനങ്ങള്‍ നമുക്ക് നല്‍കുന്നത്. വിശ്വാസി ആനന്ദപുളകിതനും ആത്മനിര്‍വൃതനുമാകുന്ന ദിനങ്ങള്‍. അനുഭവിച്ചവനെ അതിന്റെ രുചിയറിയൂ.

ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകളാണ് ഹജ്ജ് നമുക്ക് നല്‍കുന്നത്. അല്ലാഹുവിലേക്കുള്ള മടങ്ങാനുള്ള വഴി അവ നമുക്ക് മുമ്പില്‍ അനാവൃതമാക്കുന്നു. സമര്‍പ്പണവും ത്യാഗവും തഖ്‌വയുമാണ് ആ യാത്രയിലെ നമ്മുടെ പാഥേയങ്ങള്‍. പരീക്ഷണങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ആ യാത്ര. സ്‌നേഹഭാജനമായ സ്രഷ്ടാവിനെ കണ്ടുമുട്ടുക എന്നതാണ് യാത്രയുടെ ലക്ഷ്യം.  

എന്തു കൊണ്ടാണ് ഇറാഖിലെ ഊര്‍ പട്ടണത്തില്‍ ജനിച്ച ഇബ്രാഹിമിനെ അല്ലാഹു തന്റെ കൂട്ടുകാരനായി സ്വീകരിച്ചത്? ഊര്‍ പട്ടണത്തില്‍ നിന്നും അല്ലാഹുവിന്റെ ദീനിന്റെ പ്രബോധനത്തിനും ദൈവഹിതം നിറവേറ്റാനുമുള്ള അദ്ദേഹത്തിന്റെ നിതാന്തമായ യാത്രകളും ആ യാത്രയില്‍ നേരിട്ട പരീക്ഷണങ്ങളും, അവയെ വിജയകരമായി അദ്ദേഹം അതിജയിച്ചതും ഇതിന്റെ കാരണങ്ങളാണ്. പിതാവിന്റെയും നാട്ടുകാരുടെയും ബഹുദൈവാരാധനക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെയാണ് അദ്ദേഹം ആദ്യമായി പോരാടിയത്. ആരും പരിഗണിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തെ നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഏകാധിപതിയും അക്രമിയുമായ നംറൂദിന്റെ ഭരണകൂട ഭീകരതയെ അദ്ദേഹം ചോദ്യം ചെയ്തു. അദ്ദേഹത്തെ തീകുണ്ഡാരത്തിലെറിഞ്ഞാണ് നംറൂദ് മറുപടി നല്‍കിയത്. പക്ഷെ തീയുടെ നാഥന്‍ അതിനെ തന്റെ കൂട്ടുകാരന് സ്വര്‍ഗീയ ആരാമമാക്കി പരിവര്‍ത്തിപ്പിച്ചു. അദ്ദേഹത്തിന്റെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. ആ യാത്രയിലാണ് സാറയെയും ഹാജറയെയും കണ്ടുമുട്ടുന്നതും ഇസ്മാഈലിനും ഇസ്ഹാഖിനും ജന്മം നല്‍കുന്നതും. ലോകത്തിന്റെ കേന്ദ്രവും ആദ്യത്തെ ദൈവിക ഭവനവുമായ കഅ്ബയുടെ നിര്‍മ്മാണമെന്ന പുണ്യ കര്‍മ്മത്തിന് സ്രഷ്ടാവ് തന്റെ കൂട്ടുകാരനെയും മകനെയും ചുമതലപ്പെടുത്തിയത് ഈ യാത്രയ്ക്കിടയിലായിരുന്നു. മക്കയെന്ന പുണ്യഭൂമിയെ വാസയോഗ്യമാക്കിയതും അവിടെ പുണ്യ ഉറവയായ സംസം പ്രവഹിപ്പിച്ചതും ഇവരിലൂടെയാണ്. കറുത്തവളും അടിമയുമായ ഹാജറയെ ലോകത്തെ ഏറ്റവും ആദരണീയ വനികളിലുള്‍പ്പെടുത്തിയത് ഈ യാത്രയിലെ സുന്ദരമായ അനുഭവമായിരുന്നു.  സ്രഷ്ടാവ് വാര്‍ദ്ധക്യത്തില്‍ സമ്മാനമായി നല്‍കിയ അരുമ സന്താനത്തെ സ്രഷ്ടാവിനുവേണ്ടി ബലിയറുക്കാന്‍ തുനിഞ്ഞതും മകന്‍ അതിന് സന്തോഷ പൂര്‍വ്വം കഴുത്ത് കാണിച്ചു കൊടുത്തതും ഈ യാത്രയിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ്.  

പുതിയ ഇബ്രാഹീമുമാരും ഹാജറമാരും ഇസ്മാഈലുമാരും സൃഷ്ടിക്കപ്പെടാനുള്ള ആഹ്വാനമാണ് ഹജ്ജ് നമുക്ക് നല്‍കുന്നത്. നമ്മുടെ ഇച്ഛകളെയും ആഗ്രഹങ്ങളെയും ബലിയറുത്ത് യഥാര്‍ത്ഥ ദൈവഭക്തന്മാരാകാനുള്ള മുന്നൊരുക്കമാകണം നമ്മുടെ പെരുന്നാളുകള്‍. ലോകം ജാതിയുടെയും നിറത്തിന്റെയും വംശത്തിന്റെയും മറ്റും പേരുപറഞ്ഞ് അനൈക്യപ്പെടുമ്പോള്‍ ഞങ്ങളെല്ലാം സഹോദരന്മാരും ദൈവത്തിന്റെ ദാസന്മാരുമാണെന്ന ഉജ്ജ്വല മുദ്രാവാക്യം മുഴക്കി ലോകത്തിലെ സകല വിഭാഗങ്ങളും ഒരേ വസ്ത്രമണിഞ്ഞ് മക്കയില്‍ സംഗമിക്കുന്നു. അത്തരം ഐക്യസംഗമങ്ങളാകണം നമ്മുടെ ഈദുഗാഹുകളും പെരുന്നാള്‍ കൂട്ടായ്മകളും. എല്ലാവരോടും യാത്രപറഞ്ഞ്, പൊരുത്തപ്പെടീച്ച്, ഇഹ്‌റാം വസ്ത്രമെന്ന കഫന്‍ പുടവയണിഞ്ഞ് ഹാജിമാര്‍ സ്രഷ്ടാവിനെ തേടി മക്കയിലേക്ക് പോകുമ്പോള്‍, മരണമെന്ന സ്രഷ്ടാവിലേക്കുള്ള യഥാര്‍ത്ഥ യാത്രക്കുള്ള വേണ്ടിയുള്ള പാഥേയമൊരുക്കുന്നതാകട്ടെ നമ്മുടെ ദുല്‍ഹജ്ജ് ദിനങ്ങള്‍. അല്ലാഹു ബലിമൃഗത്തെക്കുറിച്ച് നമ്മോട് പറയുന്നു :’അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു.’ (അല്‍ഹജ്ജ്, 37)

 

Related Articles