Current Date

Search
Close this search box.
Search
Close this search box.

സമുദായം അപകടം തിരിച്ചറിഞ്ഞിരുന്നെങ്കില്‍

mmakbar.jpg

മുസ്‌ലിം സമുദായത്തിനും അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഭീകരമുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടുകളിലും പ്രതിഫലിച്ചത്. ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന രീതിയാലാണ് പല പത്രങ്ങളും വെബ്‌സൈറ്റുകളും ആ സ്ഥാപനത്തിന്റെ എം.ഡിയും പ്രമുഖ ഇസ്‌ലാമിക പ്രബോധനുമായ എം.എം. അക്ബറിനെ കുറിച്ച് റിപോര്‍ട്ട് നല്‍കിയത്. ഇവിടെ ഉന്നം വെക്കപ്പെടുന്ന എം.എം. അക്ബര്‍ എന്ന വ്യക്തിയോ അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമോ മാത്രമല്ല എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.

മുതലക്കുളം മൈതാനിയില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് 1998ല്‍ മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീടാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസടക്കമുള്ള മറ്റു കേസുകള്‍ അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. ഒമ്പത് വര്‍ഷം ജയിലില്‍ അടക്കപ്പെട്ട ശേഷമാണ് 2007 ആഗസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് അദ്ദേഹത്തെ കോടതി വിട്ടയക്കുന്നത്. അതിന് മുമ്പും ശേഷവും രാജ്യത്ത് പലരും സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയിട്ടുണ്ട്. അവരില്‍ പലരും ഇന്നും രാജ്യത്ത് സ്വതന്ത്രമായി  വിഹരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മീററ്റില്‍ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവന. നാല് ഭാര്യമാരും നാല്‍പത് കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് ജനസംഖ്യാ വര്‍ധനവിന് കാരണക്കാരെന്ന് പറഞ്ഞ് ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചിരിക്കുകയാണ്. ആദ്യമായിട്ടല്ല ആ നാവില്‍ നിന്ന് ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതൊന്നും കേസെടുക്കേണ്ട തെറ്റായി പരിഗണിക്കപ്പെടുന്നില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും സംവരണം ചെയ്യപ്പെട്ടതാണെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണങ്ങളോടുള്ള ഇരട്ടത്താപ്പ് കേരളത്തിലും നാം കണ്ടുകഴിഞ്ഞതാണ്. രാജ്യത്തെ വിചാരണ തടവുകാരില്‍ അധികവും മുസ്‌ലിംകളും ദലിതുകളുമാണെന്ന ഔദ്യോഗിക കണക്കുകളെയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

മുസ്‌ലിം സമുദായത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗമോ വ്യക്തികളോ മാത്രമല്ല, ഇസ്‌ലാമും മുസ്‌ലിംകളുമാണ് ഉന്നം വെക്കപ്പെടുകയാണെന്ന യാഥാര്‍ഥ്യം ഇനിയും തിരിച്ചറിയാന്‍ വൈകിക്കൂടാ. അപകടം മൂക്കിന്‍ തുമ്പില്‍ വന്ന് മുട്ടിയിട്ടും അത് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ സമുദായത്തിനകത്തുണ്ടെന്നത് ദുഖകരമാണ്. സാകിര്‍ നായികിന്റെയും എം.എം അക്ബറിന്റെയും പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പുണ്ടാവാം. എന്നാല്‍ ആ വിയോജിപ്പ് ശത്രുതയായി മാറാതിരിക്കാന്‍ ഈ സന്ദര്‍ഭത്തിലെങ്കിലും സാധിക്കണം. മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കും നേതാക്കള്‍ക്കും എതിരെ തീവ്രവാദാരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ അത്തരം ‘തീവ്രവാദികള്‍’ അല്ലെന്ന് തെളിയിക്കാന്‍ തീവ്രവാദാരോപണത്തിന് ശക്തിപകരുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ആരെയാണ് സേവിക്കുന്നത്? എന്നാല്‍ ഏകശിലാ സംസ്‌കാരത്തിന്റെ വക്താക്കള്‍ക്ക് തങ്ങളല്ലാത്ത ഒന്നിനേയും ഉള്‍ക്കൊള്ളാനാവില്ലെന്ന തിരിച്ചറിവെങ്കിലും അവര്‍ക്കുണ്ടാവേണ്ടതുണ്ട്. മഅ്ദനിയിലോ സാകിര്‍ നായികിലോ എം.എം. അക്ബറിലോ ഈ വേട്ട അവസാനിക്കുമെന്ന് കരുതേണ്ട. ‘ഇന്നത്തെ ഇരകളുടെ’ കാലാവധി പൂര്‍ത്തിയാകും മുറക്ക് അടുത്ത ഇരയിലേക്കവര്‍ വരും. ഒരു ദിവസം അത് നമ്മെയും തേടിയെത്തുമെന്ന സുബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കട്ടെ.

Related Articles