Current Date

Search
Close this search box.
Search
Close this search box.

സകാത്ത് യാചകരെ സൃഷ്ടിക്കാനല്ല

Beggar.jpg

ഇസ്‌ലാം അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിയിട്ടുള്ള ഒന്നാണ് യാചനയെങ്കിലും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ യാചകരുടെ എണ്ണം വര്‍ധിക്കുന്ന കാലമാണ് വിശുദ്ധ റമദാന്‍. വിശ്വാസികള്‍ കൂടുതല്‍ ഉദാരരാകുന്ന സന്ദര്‍ഭമാണത് എന്നതാണ് അതിന്റെ പ്രധാന കാരണം. തൊഴിലെടുക്കാതെ ജീവിക്കാനുള്ള ഉപായമായി യാചനയെ തെരെഞ്ഞെടുത്ത ചെറിയൊരു വിഭാഗം ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും മറ്റുവഴികളൊന്നും കാണാതെ അതിനായി ഇറങ്ങി തിരിച്ചിരിക്കുന്നവരാണ്. ഉറ്റവരെ ബാധിച്ചിരിക്കുന്ന മാരകരോഗങ്ങളോ, പെണ്‍കുട്ടികളുടെ വിവാഹമോ, തലചായ്ക്കാന്‍ ഒരിടമില്ലാത്തതോ ആയിരിക്കാം അവരുടെ പ്രശ്‌നം. ആളുകള്‍ മറ്റു മാസങ്ങളേക്കാള്‍ കൂടുതല്‍ ഉദാരത കാണിക്കുന്നതിനാല്‍ റമദാനില്‍ മസ്ജിദുകളുടെ കവാടങ്ങളിലും വീടുകളിലും എത്താന്‍ അവര്‍ നിര്‍ബന്ധിതരായി മാറുന്നു.

ഇസ്‌ലാമിക ശരീഅത്തിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായ സംരക്ഷിക്കപ്പെടേണ്ട അഭിമാനം പണയപ്പെടുത്തിയാണ് ഒരാള്‍ യാചനക്കിറങ്ങുന്നത്. സമ്പന്നരായ മുസ്‌ലിംകള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഒരാള്‍ ഇത്തരത്തില്‍ തന്റെ അഭിമാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആ സമൂഹത്തിന് തന്നെയാണ്. ‘ഒരാള്‍ തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് കൂടി ഇഷ്ടപ്പെടുന്നത് വരെ അവന്‍ വിശ്വാസിയാവില്ല’ എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികളുടെ സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല അത്. തത്വങ്ങള്‍ എന്തൊക്കെയാണെങ്കിലും സമ്പന്നരായ മുസ്‌ലിംകള്‍ തിങ്ങിപാര്‍ക്കുന്ന സമൂഹത്തില്‍ പോലും പട്ടിണി കിടക്കുന്നവരും യാചകരുമുണ്ടെന്നുള്ളതാണ് വസ്തുത.

ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ പ്രധാന കാരണം ഇസ്‌ലാം പഠിപ്പിച്ച, അതിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്ത് സംവിധാനം അതിന്റെ തനതായ രൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്നാണ്. മുസ്‌ലിംകള്‍ ഇസ്‌ലാം കല്‍പിച്ച പ്രകാരം സകാത്ത് നല്‍കുകയാണെങ്കില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് മറ്റ് പാക്കേജുകളൊന്നും പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. സകാത്ത് സംവിധാനം ശരിയായി നിലനിന്ന വേളയില്‍ സകാത്ത് സ്വീകരിക്കാന്‍ ആളില്ലാത്തത്ര ഐശ്വര്യവും ക്ഷേമവും സമൂഹത്തിലുണ്ടായിരുന്നു എന്നതിന് ഇസ്‌ലാമിക ചരിത്രം സാക്ഷിയാണ്.

വിശുദ്ധ ഖുര്‍ആന്‍ സകാത്തിനെ നമസ്‌കാരത്തോട് ചേര്‍ത്താണ് പരാമര്‍ശിച്ചിരിക്കുന്നത് എന്ന വസ്തുത സമുദായം സൗകര്യപൂര്‍വം മറക്കുകയാണ്. അതുകൊണ്ട് തന്നെ സുന്നത്ത് നമസ്‌കാരങ്ങളിലും തറാവീഹിലുമെല്ലാം സജീവമാകുന്ന സമുദായം നിര്‍ബന്ധ ബാധ്യതയായ സകാത്തിന്റെ കാര്യത്തില്‍ അശ്രദ്ധരും അലസരുമാണ്. മാത്രമല്ല, സമൂഹത്തില്‍ നിന്നും ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് ഇസ്‌ലാം ഒരുക്കിയ സംവിധാനം തന്നെ യാചകരെ സൃഷ്ടിക്കുന്ന ഒന്നായും മാറിയിരിക്കുന്നു. വിശുദ്ധ റമദാനില്‍, പ്രത്യേകിച്ചും അവസാന പത്തില്‍ തന്റെ മുന്നില്‍ വന്ന് കൈനിട്ടുന്ന പാവങ്ങള്‍ക്ക് കൊടുക്കുന്ന ചില്ലറതുട്ടുകള്‍ തന്റെ മേലുള്ള സകാത്ത് എന്ന നിര്‍ബന്ധ ബാധ്യതയെ പൂര്‍ത്തീകരിക്കുന്നു എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇന്നും സമൂഹത്തിലുണ്ട്. അവര്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം സകാത്ത് കൊടുക്കേണ്ടത് റമദാനിനെ അടിസ്ഥാനപ്പെടുത്തിയല്ല എന്നാണ്. വിളവുകള്‍ക്ക് അവ വിളവെടുക്കുന്ന സമയത്തും മറ്റ് വിഭവങ്ങള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലും അവയുടെ സകാത്ത് നല്‍കി വീട്ടാനാണ് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിക്കുന്നത്. സകാത്തിനെ റമദാനിലേക്ക് ചേര്‍ത്ത് കെട്ടി എന്തെങ്കിലും കൊടുത്ത് ബാധ്യത ഒഴിവാക്കുക എന്ന രീതി സകാത്ത് എങ്ങനെ കൊടുക്കാതിരിക്കാം എന്ന് ഗവേഷണത്തിന്റെ ഫലമായി രൂപപ്പെട്ടതായിരിക്കാം. സകാത്ത് രാജ്യത്തിന്റെ സകാത്ത് സംവിധാനത്തില്‍ അടക്കില്ലെന്ന് പ്രഖ്യാപിച്ചവരോട് യുദ്ധം ചെയ്യാന്‍ ഒന്നാം ഖലീഫ തയ്യാറായിട്ടുണ്ടെങ്കില്‍ അതിന്റെ ഗൗരവമാണത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിം സമുദായം ഒന്നടങ്കം ഉണര്‍ന്ന് ചിന്തിക്കേണ്ട വിഷയമാണ്. സകാത്തിന്റെ ഗൗരവം ആളുകളെ ബോധ്യപ്പെടുത്തി അത് യഥാവിധി നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

Related Articles