Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്ക മറ്റൊരു റോഹിങ്ക്യയാവുമോ?

tgrkj.jpg

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലര്‍ക്കും നേരെ അരങ്ങേറുന്ന വിവിധ തരത്തിലുള്ള ആക്രമ സംഭങ്ങളുടെ വാര്‍ത്തകളാണ് ദിനേന പുറത്തുവരുന്നത്. സിറിയക്കു പിന്നാലെയിതാ ശ്രീലങ്കയില്‍ നിന്നും മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കു നേരെ ഭൂരിപക്ഷം വരുന്ന സിംഹള സമുദായത്തിന്റെ ആക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്.

റോഹിങ്ക്യക്കു സമാനമാണ് ഇവിടുത്തെയും അവസ്ഥ. രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധ തീവ്ര ദേശീയ വാദികളാണ് കൊളംബോയില്‍ മുസ്‌ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നത്.  

കഴിഞ്ഞ മാസം 22ന് നാലു മുസ്‌ലിം യുവാക്കളും ബുദ്ധ അനുയായികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബുദ്ധ അനുയായി കഴിഞ്ഞയാഴ്ച മരണപ്പെട്ടതോടെയാണ് ബുദ്ധ അനുയായികള്‍ കൂട്ടത്തോടെ അക്രമാസക്തമായത്. തുടര്‍ന്നത് ബുദ്ധ-മുസ്‌ലിം വര്‍ഗീയ കലാപമായി മാറുകയായിരുന്നു. വടക്കുകിഴക്കന്‍ ജില്ലയായ കാന്‍ഡിയിലെ വാട്ടഗാമ ഗ്രാമത്തില്‍ നിന്നും ആരംഭിച്ച സംഘര്‍ഷം പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും  പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ മുസ്‌ലിം പള്ളികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമമുണ്ടായി.

വടക്കുകിഴക്കന്‍ കാന്‍ഡിയിലെ വാട്ടഗാമ ഗ്രാമത്തില്‍ മുസ്ലിം പള്ളിക്കു നേരെ കലാപകാരികള്‍ ആക്രമം അഴിച്ചുവിട്ടു. കത്തിക്കരഞ്ഞ കെട്ടിടങ്ങള്‍, പൊട്ടിച്ചിതറിയ പള്ളിയുടെ ജനലുകള്‍, വാതിലുകള്‍,തകര്‍ന്ന കസേരകളും ആക്രമണം നടക്കുമ്പോള്‍ പള്ളിയുടെ അകത്തുണ്ടായിരുന്നയാളുടെ ശബ്ദ സന്ദേശങ്ങളുമെല്ലാം കഴിഞ്ഞ ദിവസം ദിവസം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയാന്‍ ഇവിടെ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്തരാവസ്ഥക്കിടയിലും രാജ്യത്ത് കലാപം കെട്ടടങ്ങിയിട്ടില്ല.
കാന്‍ഡി താഴ്വര നഗരമായ മഡവാലയില്‍ കഴിഞ്ഞ ദിവസങ്ങളിലും മുസ്ലിംകളുടെ വീടുകള്‍ക്കും കടകള്‍ക്കും പള്ളികള്‍ക്കും നേരെ രൂക്ഷമായ ആക്രമമഴിച്ചുവിട്ടു.  കടകള്‍ അഗ്‌നിക്കിരയാക്കി. കെട്ടിടത്തിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ മുസ്‌ലിം യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ സംഘര്‍ഷം വീണ്ടും മൂര്‍ഛിച്ചു. തുടര്‍ന്ന് പൊലിസ് കനത്ത സുരക്ഷയൊരുക്കി. കൂടുതല്‍ സൈന്യത്തെ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

2003 മുതല്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമായാണ്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയാണ് കാന്‍ഡി. കഴിഞ്ഞയാഴ്ച ഒരു സ്ഥലത്ത്  മാത്രം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം പിന്നീട് രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 84 പേരെ ഇതിനോടകം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അതേസമയം, പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് വര്‍ഗീയ സംഘര്‍ഷമായി മാറാന്‍ കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

ശ്രീലങ്കയിലെ 21 മില്യണ്‍ ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് മുസ്ലിംകളുള്ളത്. ബോഡു ബാല സേന (ബി.ബി.എസ്) എന്ന തീവ്ര ബുദ്ധ ദേശീയവാദ സംഘടനയാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍. രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നേരത്തെയും ഇവര്‍ ആക്രമമഴിച്ചുവിട്ടിരുന്നു. പൊലിസ് കൃത്യസമയത്ത് ഇടപെടാത്തതാണ് സംഘര്‍ഷം പടരാന്‍ കാരണമെന്നും ആരോപണമുണ്ട്. കലാപം നേരിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാരും സൈന്യവും വേണ്ട രീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു പക്ഷേ മറ്റൊരു റോഹിങ്ക്യയാവും ശ്രീലങ്കയിലും സംഭവിക്കുക.

 

Related Articles