Current Date

Search
Close this search box.
Search
Close this search box.

വികസനത്തിന്റെ ചോരച്ചാലുകള്‍

gdgj.jpg

ഇന്നലെ രാത്രിയിലാണ് മുഖ്യമന്ത്രിയുടെ പ്രതിവാര ടി.വി പരിപാടി കണ്ടത്. സമൂഹത്തിലെ കുറെ വരേണ്യരെ മുന്നിലിരുത്തിയാണ് മണ്ണിന്റെ മക്കളുടെ പാര്‍ട്ടിയുടെ മുഖ്യന്‍ സംസാരിച്ചത്. വികസനം കൊണ്ട് ഒരിഞ്ചു മണ്ണ് പോലും പോകാത്തവരായിരുന്നു മുന്നിലിരുന്നവര്‍. സ്വന്തം വീടും സമ്പത്തും സംരക്ഷിക്കുക എന്നത് പൗരന്റെ ഉത്തരവാദിത്വമാണ്. അതിനെ ഭീകരമായി മുഖ്യനും അവതാരികയും സദസ്സും പങ്കുവെച്ചു. ദേശീയപാത ഉപയോഗിക്കുന്നത് കേരളത്തിലെ മൊത്തം ജനങ്ങളാണ്. അതിന്റെ മോശം പരിണിതി അനുഭവിക്കുന്നതു കുറച്ചു പേരും. അപ്പോള്‍ മുഖ്യന്‍ പറഞ്ഞത് ശരിയാണ്. കുറച്ചു പേരുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല. ആ കുറച്ചു പേര് എല്ലാം നഷ്ടമാകുന്നവരാണ് എന്ന് കൂടി അവതാരിക പറയും എന്ന് കരുതി. എന്ത് വില കൊടുത്തും (വസ്തുവിനല്ല) വികസനം കൊണ്ടുവരും എന്നതായിരുന്നു അവസാന തീരുമാനം

ഇന്ന് തന്നെ മുഖ്യന്‍ അത് നടപ്പാക്കും എന്ന് തീരെ പ്രതീക്ഷിച്ചില്ല. ദേശീയപാത മുന്നണിയുടെ സമരം എന്നും സമാധാന പരമാണ്. അവരുടെ വിഷയം നഷ്ടമാകുന്ന വീടും മറ്റുമാണ്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഒരു സമൂഹം അക്രമം പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കുക വയ്യ. ആരൊക്കെയോ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. അതിനും ആളെ കിട്ടുന്ന കാലമാണ്. സര്‍ക്കാര്‍/പാര്‍ട്ടി വിചാരിച്ചാല്‍ നടക്കാത്ത ഒന്നുമില്ല എന്നുകൂടി ചേര്‍ത്ത് വായിക്കണം.

ആരാധനാലയങ്ങളും വീടുകളും തമ്മില്‍ ഒത്തുവന്നാല്‍ എന്തിനു പ്രാധാന്യം നല്‍കണം?. ആരാധാനാലയം ഒരു സമൂഹത്തിന്റെ വിഷയമാണ്. വീട് ഒരു വ്യക്തിയുടെയും. ആരാധനാലയങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നത് ജനം വിചാരിച്ചാല്‍ സാധ്യമാണ്. അതെ സമയം ഒരാളുടെ വീട് അയാള്‍ തന്നെ നിര്‍മ്മിക്കണം. വികസന കാര്യത്തിന് വേണ്ടി ആരാധനാലയങ്ങള്‍ മാറ്റുക എന്നത് പലയിടത്തും നാം കണ്ടു കൊണ്ടിരിക്കുന്ന കാര്യമാണ്. കുറെ ആളുകള്‍ കഷ്ടപ്പെടുക എന്നത് എന്തായാലും ദൈവം ഇഷ്ടപ്പെടില്ല എന്നുറപ്പാണ്. കാരണം മനുഷ്യനാണ് മതത്തില്‍ എന്നും ഒന്നാം സ്ഥാനത്തു വരിക. ജനസാന്ദ്രത കൂടിയ സ്ഥലത്തു കൂടി ആരാധനാലയങ്ങളുടെ പേര് പറഞ്ഞു ജനത്തെ വീട്ടില്‍ നിന്നിറക്കുക എന്നത് പുതിയ അടവാണ്. മതം വൈകാരികമാണ് എന്നതിനാല്‍ വിശ്വാസികള്‍ എതിര്‍ക്കില്ല എന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മനസ്സിലാക്കിയിട്ടുണ്ട്.

മീന്‍ മുറിക്കുന്നതിന് മുമ്പ് വില പറയണം എന്നതാണ് അങ്ങാടി നിയമം. അത് എവിടെയും ബാധകമാണ്. സര്‍ക്കാര്‍ ബലമായി കയറി കൊടി കുത്തുന്നതിനു മുമ്പ് ഇരകളോട് വില പറയുക എന്നതാണ് മാന്യമായ രീതി. മാന്യത മാന്യന്മാരില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ. ജനാധിപത്യത്തില്‍ ശക്തിയുള്ളവര്‍ പൊലീസല്ല അത് ജനമാണ്. പക്ഷെ ജനത്തിനെ ഭയന്നാല്‍ പിന്നെ പോലീസ് തന്നെ ശരണം. വികസനം വേണ്ട എന്നാരും പറഞ്ഞില്ല, പക്ഷെ അത് ചിലരുടെ മാത്രം ചിലവിലാകരുത് എന്ന് മാത്രം. മറ്റുള്ളവരുടെ ഭൂമിയിലൂടെ വികസനം വരുന്നത് കാണാന്‍ അതി രസമാണ്. അത് കൊണ്ടാണ് അധിക പേരും കേരളത്തിലെ റോഡുകള്‍ വികസിക്കണം എന്ന് ആഗ്രഹിക്കുന്നതും. ഒരു ജനതയുടെ ശാപത്തിന്റെ മേലല്ല നാട് വികസിക്കേണ്ടത്.

 ആരാധനാലയങ്ങള്‍ ജനത്തിന് ഇടുക്കമുണ്ടാക്കാന്‍ പാടില്ല. അങ്ങിനെ വന്നാല്‍ അത് ബാധിക്കുന്ന ജനത്തെ പരിഗണിക്കുക എന്നത് വിശ്വാസികളുടെ കടമയാണ്. പൊരുത്തമുള്ള സ്ഥലത്തു വേണം സുജൂദ് ചെയ്യാന്‍. കുറെ പാവങ്ങളെ കുടിയിറക്കി തനിക്കു സുജൂദ് ചെയ്യണമെന്ന് കരുണാവാരിധിയായ ദൈവം ആഗ്രഹിക്കുന്നില്ല എന്നുറപ്പാണ്.

മതവും ഭരണകൂടവും മനഷ്യന് സമാധാനവും എളുപ്പവും നല്‍കണം. അതൊരിക്കലും മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. മത സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ എന്ത് പറയാനുണ്ട് എന്നത് പ്രസക്തമാണ്. മണ്ണിന്റെ മക്കളുടെ കാര്യമാണ് ഖുര്‍ആന്‍ ആരാധന കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനു മുമ്പ് പറഞ്ഞത്. അതെ ൃസമയം ദീന്‍ പരലോകത്തേക്കു മാത്രവുമായി ചുരുങ്ങരുത്.

 

Related Articles