Current Date

Search
Close this search box.
Search
Close this search box.

വരളുന്ന ഭാരതം

draught.jpg

ആയിരത്തോളം നദികളും സമ്പന്നമായ ഭൂപ്രകൃതിയുമുള്ള ഇന്ത്യ ഇന്ന് കടുത്ത വരള്‍ച്ചയും ക്ഷാമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. വടക്ക് ഉത്തര്‍പ്രദേശ് മുതല്‍ തെക്ക് കര്‍ണാടക വരെയുള്ള പത്തോളം സംസ്ഥാനങ്ങള്‍ ഇന്ന് ഒരിറ്റു ജലമില്ലാതെ വരണ്ടുണങ്ങിക്കഴിഞ്ഞു. പുണ്യനദികളുടെയും സമതല നീര്‍ച്ചാലുകളുടെയും അടയാളങ്ങള്‍ മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ. ജനങ്ങള്‍ വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയാണ്. വരണ്ടുണങ്ങിയ കൃഷിപ്പാടങ്ങളും ചത്തൊടുങ്ങുന്ന കാലികളും കാര്‍ഷികവൃത്തിയെ തന്നെ സാരമായി ബാധിച്ച നിലയിലാണ്. ഉത്തര്‍പ്രദേശിലെ ഗുസിയാരിയിലും ബുണ്ടേല്‍ഖണ്ഡിലും വിവാഹാലോചനകള്‍ പോലും വരുന്നില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. കാരണം, വെള്ളമില്ലാത്ത ഈ നാടുകളിലെ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് കൊടുത്താല്‍ തലയില്‍ കുടങ്ങളുമായി കിലോമീറ്ററുകള്‍ നടക്കേണ്ടിവരുമെന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നു.

ഇന്ത്യ മാത്രമല്ല വേനല്‍ക്കാലത്ത് വരള്‍ച്ച അനുഭവിക്കുന്ന രാജ്യം. പൊതുവേ, ഉത്തരേന്ത്യ വേനല്‍കാലത്ത് വറചട്ടി പോലെയായി മാറാറുമുണ്ട്. എന്നാല്‍, പതിവില്ലാത്ത വിധം ഉത്തരേന്ത്യ ഉഷ്ണത്താല്‍ പിടയുകയാണ്. ജലം കിട്ടാക്കനിയായി മാറിയിട്ട് മാസങ്ങളായ ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭൂഗര്‍ഭ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഇതിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സമീപഭാവിയില്‍ തന്നെ ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഒരു ജലയുദ്ധത്തിലേക്ക് നീങ്ങുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 2014-ലും 2015-ലും ശരാശരിക്ക് താഴെ മാത്രം മഴ ലഭിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മഴ ലഭ്യത കാലാവസ്ഥ നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു. പെട്രോളും പ്രകൃതിവാതകങ്ങളുമായി പോയിരുന്ന കണ്ടെയ്‌നര്‍ ട്രെയ്‌നുകളില്‍ ഇപ്പോള്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുടിവെള്ളം പോലും കയറ്റി അയക്കുന്ന അവസ്ഥ എത്ര ഭീകരമാണ്. മഹാരാഷ്ട്രയിലെ മറാത്ത്‌വാദയില്‍ ഒരു ജലസ്രോതസ്സിന് ചുറ്റും അഞ്ചിലധികം പേര്‍ കൂടി നില്‍ക്കരുതെന്ന ഉത്തരവ് പോലും സര്‍ക്കാറിന് പുറപ്പെടുവിക്കേണ്ടി വന്നു. കാരണം, ജലത്തിനായി പരസ്പരം അടിപിടി കൂടിയ ധാരാളം സംഭവങ്ങള്‍ രാജ്യത്തെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആയിരക്കണക്കിന് ലിറ്റര്‍ ജലം ഉപയോഗിച്ച് പിച്ച് നനക്കുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റ് മഹാരാഷ്ട്ര ബഹിഷ്‌കരിച്ചതും ജലക്ഷാമത്തിന്റെ കാഠിന്യം അറിയിക്കുന്നു.

മഴ ലഭ്യതക്കുറവ് അല്ല ഇന്ത്യയിലെ ഇന്നത്തെ ക്ഷാമത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മറിച്ച് ജല ഉപയോഗത്തില്‍ രാജ്യം പരമ്പരാഗതമായി കൈകൊള്ളുന്ന അശാസ്ത്രീയമായ രീതികളാണ് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത്. സ്വതന്ത്രമായി ഒഴുകേണ്ട നദികളെയും ജലാശയങ്ങളെയും ആയിരത്തോളം ഡാമുകളിലായി രാജ്യത്ത് കെട്ടിനിര്‍ത്തിയിരിക്കുന്നു. വൈദ്യുതി ഉല്‍പാദനമാണ് ഇവയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യമെന്ന് ഭരണകൂടവും ജനങ്ങളും ഒരുപോലെ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗതികോര്‍ജ്ജം ഉപയോഗപ്പെടുത്തി വിദേശരാഷ്ട്രങ്ങള്‍ വൈദ്യുതോല്‍പാദനം നടത്തുന്നതും വളരെ ശാസ്ത്രീയമായി അവ വിതരണം ചെയ്യപ്പെടുന്നതും നമുക്ക് അന്യമായ പാഠങ്ങളാണ്. അവയില്‍ കാറ്റ്, വെള്ളച്ചാട്ടം, തിരമാലകള്‍ എന്നിവ പ്രധാന ഊര്‍ജോല്‍പാദന സ്രോതസ്സുകളാണ്. നാം ഇന്നും ഡാമുകളെ തന്നെയാണ് വൈദ്യുതോല്‍പാദനത്തിനായി ആശ്രയിക്കുന്നത്. ശരീരത്തില്‍ രക്തയോട്ടം സുഖമമായി നടക്കണം എന്നതുപോലെയാണ് പ്രകൃതിയില്‍ നദികളുടെയും ജലാശയങ്ങളുടെയും ഒഴുക്കും. അവക്ക് തടസ്സം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ നശിപ്പിക്കും. അതുപോലെ ജലം ധാരാളമായി ആവശ്യം വരുന്ന നെല്ല്, ഗോതമ്പ് പോലുളള വിളകളാണ് രാജ്യത്തെ പ്രധാന ഭക്ഷ്യവിഭവങ്ങള്‍. കാര്‍ഷിക മേഖലയും കുത്തകകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന രാജ്യത്ത് അവയിലെ ജലസേചന പദ്ധതികളും അവര്‍ തന്നെ നിര്‍ണയിക്കുന്നു. കാര്‍ഷിക രംഗത്ത് 60 ശതമാനവും കുടിവെള്ളത്തിനായി 85 ശതമാനവും നാം ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലത്തെയാണ്. മറ്റേത് രാജ്യത്തേക്കാളും അധികമായി 230 ബില്യണ്‍ ക്യുബിക് മീറ്റര്‍ ഭൂഗര്‍ഭ ജലമാണ് നാം പമ്പ് ചെയ്‌തെടുക്കുന്നത്.

1999-നു ശേഷം ഒരു പ്രധാന ഏറ്റുമുട്ടല്‍ പോലും നടത്താത്ത ഒരു രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അതിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. വികസനം എന്ന പേരില്‍ രാജ്യത്ത് നിര്‍മിക്കപ്പെടുന്നതാകട്ടെ മെട്രോ ട്രെയിനുകളും ആണവ റിയാക്ടറുകളും ഹൈടെക് സിറ്റികളുമൊക്കെയാണ്. അതിനൊക്കെ മുമ്പ് സ്വന്തം മണ്ണിനെ അറിഞ്ഞും പ്രകൃതിയെ മുന്‍നിര്‍ത്തിയുമുള്ള വികസന കാഴ്ചപ്പാടുകളായിരിക്കണം രാജ്യത്ത് ഉണ്ടാകേണ്ടത്. ശാസ്ത്രീയമായ കൃഷിരീതികളും പ്രകൃതി സൗഹാര്‍ദ്ദപരമായ വ്യവസായങ്ങളും ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുമാണ് രാജ്യം പ്രോത്സാഹിപ്പിക്കേണ്ടത്. നഗരജീവിതം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ അത്യാവശ്യമാണ്. തീരപ്രദേശങ്ങളില്‍ കടല്‍ജലം ശുദ്ധീകരിച്ച് ശുദ്ധജലം ഉല്‍പാദിപ്പിക്കപ്പെടുന്ന പദ്ധതികള്‍ക്കും തുടക്കം കുറിക്കപ്പെടേണ്ടതുണ്ട്. ഭൂഗര്‍ഭ ജല ഉപയോഗം കാലക്രമത്തില്‍ നിയന്ത്രിക്കാനും അവയെ മണ്ണിലെ സംഭരണികളായി നിലനിര്‍ത്താനും സാധിക്കേണ്ടതുണ്ട്. സ്വന്തം നാടിനെയും നാട്ടുകാരെയും കട്ടുമുടിക്കാന്‍ തുനിയുന്നതിന് മുമ്പ് വരാനിരിക്കുന്ന തന്റെ തലമുറക്ക് കൂടി ജീവിക്കേണ്ടുന്ന ഒരു മണ്ണാണിതെന്ന ബോധം ഓരോ രാഷ്ട്രീയക്കാരനും ഉണ്ടായിരുന്നുവെങ്കില്‍ എന്നോ നമ്മുടെ നാട് സ്വര്‍ഗീയ ആരാമമായി തീരുമായിരുന്നു.

Related Articles