Current Date

Search
Close this search box.
Search
Close this search box.

ലോകത്തിന്റെ കണ്ണീരായി സിറിയ; മനുഷ്യത്വമില്ലാതെ അസദ് സൈന്യം

gfjk.jpg

സിറിയയുടെ കണ്ണീര്‍ കഥകളും ദുരന്ത വാര്‍ത്തകളും ലോകം ഇന്നോ ഇന്നലെയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല. കഴിഞ്ഞ ഏഴു വര്‍ഷമായി ആഗോള സമൂഹം ഇത്തരം വാര്‍ത്തകളും ദുരിതങ്ങളും കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട്. ഏഴു വര്‍ഷമായിട്ടും സിറിയന്‍ ജനതയുടെ നരകയാതനയും ജീവിക്കാനുള്ള ഞെട്ടോട്ടത്തിനും യാതൊരു മാറ്റവും ഇല്ലെന്നിരിക്കെ സിറിയയെ ബോബുംബുകളാലും മിസൈലുകളാലും ശവപ്പറമ്പാക്കി മാറ്റുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെയും അദ്ദേഹത്തെ സഹായിക്കുന്ന റഷ്യ,അമേരിക്ക സൈനിക സഖ്യത്തിന്റെയും ക്രൂരമുഖം തന്നെയാണ് പുറത്തുവരുന്നത്. ഇവിടെ ഇതിനോടകം മരിച്ചുവീണവരുടെ കണക്കുകള്‍ കേട്ടു മടുത്തിരിക്കുകയാണ് എല്ലാവരും. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് ഇത്രപേര്‍, ഒരു മാസത്തിനിടെ കൊല്ലപ്പെട്ടവര്‍,48 മണിക്കൂറിനിടെ കൊല്ലപ്പെട്ടവര്‍ എന്നീ കണക്കുകള്‍ക്ക് പുതുമയില്ലാതെയായിരിക്കുകയാണ്.

മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും നേരിയ അംശം പോലും ആക്രമികളുടെ മനസ്സില്‍ അവശേഷിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വെടിനിര്‍ത്തല്‍ കരാര്‍ പോലും അംഗീകരിക്കാതെ കിഴക്കന്‍ ഗൂതയില്‍ കുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പും യുദ്ധമുഖരിതമായ കലാപ ഭൂമിയാണ് ഇന്ന് കിഴക്കന്‍ ഗൂത. കഴിഞ്ഞ ആഴ്ചയാണ് കിഴക്കന്‍ ഗൂതയില്‍ അസദിന്റെ സഖ്യസേനയുടെ നേതൃത്വത്തില്‍ ബോംബിങ് ശക്തമാക്കുന്നത്. മേഖലയിലെ വിമതരെയും തീവ്രവാദികളെയും ലക്ഷ്യം വച്ചാണ് തങ്ങളുടെ വ്യോമാക്രമണം എന്ന സ്ഥിരം പല്ലവിക്ക് മാറ്റൊമൊന്നുമില്ല. ഇവരുടെ കണ്ണിലെ ‘തീവ്രവാദികള്‍’ ജനിച്ചുവീണ പിഞ്ചു മക്കളും ജീവിതത്തില്‍ വെടിയൊച്ചകളല്ലാതെ മറ്റൊരു ശബ്ദവും കേട്ടിട്ടില്ലാത്ത കുരുന്നുകളുമാണ്. യാതൊരു പ്രകോപനമോ കാരണങ്ങളോ ഇല്ലാതെയാണ് കുഞ്ഞുങ്ങളെ ഇവര്‍ കൊന്നുതള്ളുന്നത്. ‘തീവ്രവാദി’ വേട്ടയില്‍ മരിച്ചു വീഴുന്നതെല്ലാം നിരപരാധികളായ കുട്ടികളും സ്ത്രീകളും വൃദ്ധരും മാത്രം.

കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട് അനാഥ ബാല്യം രുചിക്കുന്ന കുഞ്ഞുങ്ങള്‍,നിഷ്‌കളങ്കമായ ബാല്യം പേടിച്ചുവിറച്ചും ബോംബിങ്ങിന്റെ ഘോരശബ്ദം കേട്ടും മരവിച്ചു കഴിയുന്ന കുഞ്ഞുബാല്യങ്ങള്‍, സഹോദരങ്ങളും സഹോദരികളും മക്കളും മാതാപിതാക്കളും ഭാര്യയും ഭര്‍ത്താവും മറ്റു കൂടപ്പിറപ്പുകളും നഷ്ടപ്പെട്ടവര്‍. ഇതൊക്കെയാണ് ഇന്ന് കിഴക്കന്‍ ഗൂതയിലെ കാഴ്ചകള്‍.

ഗൂതയില്‍ നിന്നുള്ള കുട്ടികളുടെ നിലവിളികളും ബോംബിങ്ങുകളും സങ്കടകഥകളും നിറഞ്ഞ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലുമെല്ലാം. മനസ്സില്‍ മനുഷ്യത്വം അവശേഷിക്കുന്ന ലാകത്തെ മുഴുവന്‍ മനുഷ്യരും സിറിയയിലെ കൊടും പാതകത്തിനെതിരെ പ്രതികരിക്കുന്നുണ്ട്. എന്നിട്ടും വേണ്ടത്ര ഗൗരവത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയാതെ പതിവു പോലെ നോക്കുകുത്തിയായിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ. യു.എന്‍ കഴിഞ്ഞ ദിവസം പാസാക്കിയ വെടിനിര്‍ത്തല്‍ പ്രമേയത്തിനു പുല്ലുവില പോലും റഷ്യയോ അസദോ കല്‍പിച്ചിട്ടില്ല.

യു.എന്നിന്റെ ശാസനം പോലും വെള്ളത്തില്‍ വരച്ച വരപോലെയായി. അതിനാല്‍ തന്നെ സിറിയന്‍ ജനതക്ക് ദൈവത്തില്‍ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ. അതു തന്നെയാണ് അവരുടെ കണ്ണില്‍ ഇപ്പോഴും കെടാതെ കത്തിനില്‍ക്കുന്ന ആത്മവിശ്വാസവും കരുത്തും നമുക്ക് കാണിച്ചു തരുന്നതും. ബോംബിങ്ങില്‍ നിന്നും രക്ഷപ്പെടാന്‍ ഭൂഗര്‍ഭ അറയിലും കുഴിയിലും ഇറങ്ങി നില്‍ക്കുന്ന കുഞ്ഞുങ്ങള്‍. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇവര്‍ ഇവിടെ ഇരുട്ടറയില്‍ കഴിഞ്ഞുകൂടുന്നത്. ഇതിനു പുറത്തിറങ്ങിയാല്‍ തലയിലേക്ക് ബോംബ് വീണ് മരണം ഉറപ്പ്. അതിനാല്‍ തന്നെ പേടിച്ചു വിറച്ച് ഇതിനകത്ത് കഴിയുകയാണിവര്‍.

വ്യോമാക്രമണങ്ങളില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് യു.എന്നിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമ്പോള്‍ അവിടെയും മിസൈലാക്രമണവും ബോംബിങ്ങുമായി ഈ ക്രൂരന്മാര്‍ എത്തും. ഇങ്ങനെ ഗൂതയിലെ ഒരു വിധം ആശുപത്രികളും അഭയാര്‍ത്ഥി ക്യാംപുകളും സ്‌കൂളുകളും വീടുകളും എന്നുവേണ്ട മനുഷ്യ ജീവന്‍ ഉള്ളിടമെല്ലാം അസദ് സൈന്യം മിസൈലുകളാല്‍ ഉഴുതുമറിച്ചിരിക്കുകയാണ്.

നിസ്സാര പ്രശ്‌നങ്ങള്‍ മൂലം വിധിയെ പഴിക്കുന്നവരും ചെറിയ അസുഖം വരുമ്പോഴേക്കും വേവലാതിപ്പെടുന്നവരും ഇവരെ മാതൃകയാക്കിയാല്‍ മതി എല്ലാ പ്രശ്‌നങ്ങളും തീരാന്‍. ഭക്ഷണവും വെള്ളവും മറ്റു അടിസ്ഥാന മെഡിക്കല്‍ സഹായവും വൈദ്യുതിയും ഇല്ലാതെ ദുരന്തയാതനകളാല്‍ ജീവിതത്തോടും മരണത്തോടും മല്ലിട്ടു കഴിയുകയാണിവര്‍. തീര്‍ത്തും പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും ദൈവത്തില്‍ ഭരമേല്‍പ്പിച്ച് പ്രതീക്ഷയുടെ അവസാന വെട്ടത്തെയും കാത്തു നില്‍ക്കുകയാണിവര്‍. പ്രാര്‍ത്ഥന എന്ന ഒരു ആയുധം മാത്രം കൈയിലേന്തി.

 

 

Related Articles