Current Date

Search
Close this search box.
Search
Close this search box.

രക്തം കൊണ്ട് ഹോളി ആഘോഷിക്കുന്നവര്‍

jop.jpg

സമൂഹത്തിന്റെ  ഭാവി വാഗ്ദാനമാണ് യുവാക്കള്‍. യുവാക്കളെ നല്ല രീതിയിലേക്ക് വളര്‍ത്തി കൊണ്ട് വരിക എന്നതാണ് കലാലയങ്ങള്‍ ചെയ്യേണ്ടത്. അറിവ് മാത്രമല്ല സംസ്‌കാരവും വിദ്യാലയങ്ങളില്‍ നിന്നും സ്വായത്തമാകണം. വിദ്യാലയ രാഷ്ട്രീയം കൊണ്ട് വിവക്ഷിക്കുന്നത് യുവാക്കള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുക എന്നതിനല്ല പകരം നിലപാടുകളില്‍ വ്യക്തതയുള്ള സമൂഹത്തെ വാര്‍ത്തെടുക്ക എന്നതിനാണ്.  നാട്ടില്‍ നടക്കുന്ന രാഷ്ട്രീയത്തിന്റെ എല്ലാ ദൂഷ്യ ഫലങ്ങളും കാമ്പസുകളിലും ഉണ്ടാവണം എന്ന് നാം വാശി പിടിക്കരുത്.

നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ അധാര്‍മിക നിലപാടുകള്‍ തിരുത്താന്‍ യുവതയെ പ്രാപ്തരാക്കുക എന്നത് കൂടി ഇതിന്റെ ഭാഗമാണ്. അരാഷ്ട്രീയ വാദം എന്നത് കക്ഷി രാഷ്ട്രീയം തീരെ പാടില്ല എന്നതല്ല പകരം യുവതയുടെ ചിന്തകളുടെ മേല്‍ സ്വയം കുരുക്ക് തീര്‍ക്കുക എന്നത് കൂടിയാണ്.   തങ്ങളുടെ ക്രൂരതകളും അധികാര സ്ഥാനങ്ങളും ഉറപ്പിക്കുക എന്നത് ഉറപ്പു വരുത്താന്‍ ഉതകുന്ന യുവതയെ വാര്‍ത്തെടുക്കുക എന്നതായി നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം മാറി വരുന്നു.

മഹാരാജാസ് കോളേജ് വിഷയം അങ്ങിനെ വേണം വായിക്കാന്‍. അഭിപ്രായ സ്വാതന്ത്രം ജനാധിപത്യം എന്നീ മൂല്യങ്ങള്‍ ജനതയെ പഠിപ്പിക്കുക എന്നതും കലാലയ രാഷ്ട്രീയത്തിന്റെ ഉദ്ദേശമാണ്. വിദ്യാലയ രാഷ്ട്രീയത്തില്‍ അക്രമം കുത്തി നിറച്ചതില്‍ എസ് എഫ് ഐ ക്കുള്ള പങ്കു സുവിചിതമാണ്. തങ്ങളല്ലാത്ത ആരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് അവരുടെ മുഖ മുദ്രയും. മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അവരുടെ ഈ ഫാസിസ്റ്റ് നിലപാടിന് പലപ്പോഴും ഇരയായിട്ടുണ്ട്.

അതെസമയം അതിനെ മറികടക്കാന്‍ അതെ വഴി തന്നെ സ്വീകരിക്കുന്നത് ഭൂഷണമല്ല. കാമ്പസ് ഫ്രണ്ട് നടപടിയെ അപലപിക്കുന്നു. നല്ല പൗരന്മാരെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാലയങ്ങള്‍ ചെയ്യുന്നത്. അതെ സമയം ഇത്തരം ക്രിമിനല്‍ കൂട്ടങ്ങള്‍ അതിനു വിരുദ്ധമായ നിലപാടിലേക്ക് സ്മൂഹത്തെ നയിക്കുന്നു.

പ്രതിരോധം അപരാധമല്ല പക്ഷെ അത് രക്തം കൊണ്ടുള്ള കളിയാകരുത്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നന്മയുടെ വിത്തുകള്‍ പാകുക എന്നതിന് പകരം അവരുടെ മനസ്സിലേക്ക് വിദ്വേഷത്തിന്റെ വിത്ത് പാകുക എന്നത് സമൂഹത്തോട് ചെയ്യുന്ന പാതകമാണ്. അഭിമന്യു ഈ വിഷയത്തിലെ അവസാന ഇരയാകട്ടെ എന്ന് ആശിക്കുന്നു. കാമ്പസ് ഫ്രണ്ട് ഒരു ധാര്‍മിക പ്രസ്ഥാനമാണ് എന്നാണു അവരുടെ നിലപാട്.  രക്തം കൊണ്ട് പകരം വീട്ടുന്നതല്ല ധാര്‍മികത എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

നല്ല തലമുറയെ വളര്‍ത്തിയെടുക്കുക എന്നതില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം മാറാന്‍ പാടില്ല. കൊന്നു തീര്‍ക്കുന്ന രാഷ്ട്രീയം പിശാചിന്റെ വഴിയാണ്. കൊടിയുടെ നിറവും മുദ്രാവാക്യത്തിന്റെ രൂപവും മാറിയത് കൊണ്ട് മനസ്സുകള്‍ മാറണമെന്നില്ല. തിന്മയെ തിന്മ കൊണ്ട് നേരിടാന്‍ എളുപ്പമാണ്. അത് നന്മ കൊണ്ട് എന്നാകുമ്പോള്‍ മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെടുക. കാമ്പസുകള്‍ അക്രമത്തിന്റെ കൂടാരങ്ങളാക്കുക എന്നത് എളുപ്പമാണ്. അതിനെ സംസ്‌കാരത്തിന്റെ വിളനിലങ്ങളാക്കുക എന്നത് ബുദ്ധിമുട്ടുള്ള വിഷയവും.

 

Related Articles