Current Date

Search
Close this search box.
Search
Close this search box.

മരിച്ചു കൊണ്ടിരിക്കുന്ന മനസാക്ഷി

hand-87.jpg

മനുഷ്യനെ പട്ടാപകല്‍ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നത് ഉത്തരേന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ നമ്മുടെ നാട്ടിലും മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങലുണ്ടായ സംഭവം പറയുന്നത്. വളരെ ഞെട്ടലോടെ നാം കേള്‍ക്കുകയും വായിക്കുകയും ചെയ്തിരുന്ന, നമ്മുടെ മനസാക്ഷിയെ അലോസരപ്പെടുത്തിയിരുന്ന കൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ അരങ്ങേറാന്‍ തുടങ്ങിയിരുന്നു. നീതിന്യായ വ്യവസ്ഥയും ഭരണകൂടവും അതിന് കീഴില്‍ നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങളെല്ലാം ഉള്ള, അതിനെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരായ ഒരു നാട്ടിലാണിത് സംഭവിക്കുന്നത്. മനുഷ്യത്വത്തിന്റെ അവസാന തരിപോലും നഷ്ടപ്പെട്ടവരെ പോലെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നിലത്ത് വീണുകിടക്കുന്ന യുവാവിനെ മര്‍ദിക്കുന്നതാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ കാണുന്നത്. അക്രമത്തിന് ഇരയാക്കപ്പെട്ടവരും അക്രമിച്ചവരും യുവത്വത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

നിയമങ്ങള്‍ കൊണ്ടു മാത്രം കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്നത് ഒരു വസ്തുതയാണ്. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തുന്ന വിദഗ്ദര്‍ നിരന്തരം അത്തരം പഴുതുകളുപയോഗിച്ച് കുറ്റവാളികളെ കോടതികളില്‍ നിന്ന് നിരപരാധികളാക്കി ഇറക്കി കൊണ്ടുവരുന്നത് കണ്ടുകൊണ്ടിരിക്കുന്നവര്‍ നിയമത്തെ ഭയന്ന് കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ധാര്‍മിക മൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതായി കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍. ക്ഷണികമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്നെ പോലെ മജ്ജയും മാംസവുമുള്ള ഒരാളുടെ ജീവനെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവന്റെ ഉള്ളിലെ ധാര്‍മിക മൂല്യങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടു തന്നെ സമൂഹത്തില്‍, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന യുവതലമുറയില്‍ നന്മകള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്.

കണ്‍മുന്നില്‍ അക്രമവും അധര്‍മവും നടക്കുമ്പോള്‍ നിസ്സംഗരായി നോക്കിനില്‍ക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്തമസമൂഹത്തിന്റെ പ്രസക്തി. അവര്‍ സമൂഹത്തില്‍ നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവരായിരിക്കും. തന്റെ കണ്‍മുന്നില്‍ വെച്ച് ഒരു അധര്‍മം നടമാടുമ്പോള്‍ അതിനെതിരെ തനിക്ക് സാധ്യമാവുന്ന വിധത്തില്‍ പ്രതികരിക്കാത്തവന്‍ വിശ്വാസിയല്ലെന്നാണ് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുന്നത്. ഓരോരുത്തരും താന്താങ്ങളിലേക്ക് ചുരുങ്ങാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്ത് പ്രസ്തുത അധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സമൂഹത്തെ അധര്‍മങ്ങളില്‍ നിന്ന് തടയുന്ന ഒരു വിഭാഗത്തിന്റെ അഭാവത്തില്‍ സമൂഹം ഒന്നടങ്കം നശിക്കുമെന്ന മുന്നറിയിപ്പും വളരെ ഗൗരവത്തോടെ തന്നെ നാം മനസ്സിലാക്കണം.

Related Articles