Current Date

Search
Close this search box.
Search
Close this search box.

മതമില്ലാത്ത ഭീകരതയുടെ മതം

modi896.jpg

ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത്. ഈയടുത്ത കാലത്ത് രാഷ്ട്രത്തലവന്‍മാരും രാഷ്ട്രീയ നേതാക്കളും പൊതുവേദികളില്‍ നടത്തിയിട്ടുള്ള സമാന പ്രസ്താവനകളില്‍ ഒന്നാണിത്. ബ്രസല്‍സ് സന്ദര്‍ശന വേളയില്‍ അവിടത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളതും അതു തന്നെയാണ്. ഇസ്‌ലാമനസരിച്ച് ജീവിക്കാത്ത, മുസ്‌ലിം നാമം ഉള്ളതിന്റെ പേരില്‍ മാത്രം ഒരു ‘മുസ്‌ലിം ഭീകരനോടെന്ന’ പോലെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ വെളിപ്പെടുത്തല്‍ ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. മുസ്‌ലിം പേര് ഉള്ളതു കൊണ്ടും ആ സമുദായത്തിന്റെ ഭാഗമായി മാറിയതു കൊണ്ടും ഭീകരരായി ചിത്രീകരിക്കപ്പെടുന്ന നിരവധി ഉമര്‍ ഖാലിദുമാര്‍ കഴിയുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്ന ആളുടെ ഭാഗത്തു നിന്നാണ് ഈ പ്രസ്താവന. എന്നാല്‍ സ്വന്തം രാജ്യത്ത് ഇക്കാര്യത്തില്‍ എന്താണ് അദ്ദേഹവും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും പോഷക വിഭാഗങ്ങളും ചെയ്തിട്ടുള്ളത്?

ആഗോള തലത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള ഇസ്‌ലാമോഫോബിയയുടെ തണലിലാണ് ഇന്ത്യയിലും മുസ്‌ലിംഭീതി കെട്ടിപ്പടുത്തിരിക്കുന്നത്. രാജ്യത്ത് എവിടെ ഭീകരാക്രമണം നടന്നാലും അതിന് പിന്നില്‍ മുസ്‌ലിംകളും മുസ്‌ലിം ഗ്രൂപ്പുകളുമാണെന്ന പ്രചരണം ശക്തമായി. മുസ്‌ലിം പേരുള്ളവരെ ‘ഏറ്റുമുട്ടലി’ന്റെ പേരില്‍ എവിടെ വെച്ചു കൊലപ്പെടുത്താമെന്ന അവസ്ഥ സംജാതമായി. മലേഗാവ് സ്‌ഫോടനം അതിന്റെ ആര്‍ക്കും എളുപ്പത്തില്‍ ബോധ്യപ്പെടുന്ന ഉദാഹരണമാണ്. ആദ്യം മുസ്‌ലിം യുവാക്കള്‍ക്ക് മേല്‍ കെട്ടിവെച്ച സ്‌ഫോടനത്തിന്റെ പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് വെളിപ്പെട്ടതോടെ അന്വേഷണം തന്നെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്. കേസന്വേഷിച്ച ഹേമന്ദ് കര്‍ക്കരെയുടെ അന്വേഷണം യഥാര്‍ഥ പ്രതികളിലേക്കാണ് നീങ്ങുന്നതെന്ന് കണ്ടതോടെ അദ്ദേഹം കൊല്ലപ്പെട്ടതാണ് നാം കണ്ടത്. മഹാരാഷ്ട്ര പോലീസിലെ മുന്‍ ഐ.ജി. എസ്.എം മുശ്‌രിഫിന്റെ ‘Who Killed Karkare? -The Real face of Terrorism in India എന്ന പുസ്തകം അതിന് പിന്നിലെ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുന്നു എന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാല്യാന്റെ വെളിപ്പെടുത്തലുകള്‍ വിളിച്ചു പറയുന്നത്. സംഝോധ എക്‌സപ്രസ് സ്‌ഫോടനം, മക്കാ മസ്ജിദ് തുടങ്ങിയ ഉദാഹരണങ്ങള്‍ നിരവധി വേറെയുമുണ്ട്. ഇങ്ങനെ ഓരോ സ്‌ഫോടനങ്ങള്‍ നടപ്പോഴും ആരോപണത്തിന്റെ വിരല്‍ ആദ്യം നീണ്ടത് മുസ്‌ലിം പേരുകളിലേക്കായിരുന്നു.

ഇത്തരം ഒരു മുസ്‌ലിം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സംഘ്പരിവാര്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുക്കളും അപകടകാരികളുമായി ചിത്രീകരിച്ചാണ് അവര്‍ ആളുകളെ സംഘടിപ്പിക്കുന്നതും കൂടെ നിര്‍ത്തുന്നതും. മുസ്‌ലിംകളെ അപരവല്‍കരിച്ച് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചാണ് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ നിലനില്‍ക്കുന്നത് തന്നെ. അതുകൊണ്ടാണ് ഇന്ത്യാരാജ്യത്തെ മുസ്‌ലിംകള്‍ ഇടക്കിടക്ക് തങ്ങളുടെ ദേശസ്‌നേഹവും ദേശക്കൂറും തെളിയിക്കേണ്ടി വരുന്നത്. ഭരണകൂടത്തിന്റെ ഭാഗമായവരുടെ നാവുകളില്‍ നിന്നും പോലും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനകളും വരുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തിന്റെ ആഴവും പരപ്പുമാണത് സൂചിപ്പിക്കുന്നത്. ഇത്തരം പ്രസ്താവനകളുണ്ടാകുമ്പോള്‍ അതിനെതെരെ എന്തെങ്കിലും നടപടി സ്വീകരിക്കാനോ, ഏറ്റവും ചുരുങ്ങിയത് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കാനോ സന്നദ്ധത കാണിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കില്ലേ? ഇന്ത്യയിലെ പല ജയിലുകളിലുകളിലുമായി നൂറു കണക്കിന് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ കിടക്കുന്നുണ്ടെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. വിചാരണ പോലും ചെയ്യാതെയാണ് പലരും വര്‍ഷങ്ങളായി ജയില്‍വാസം അനുഭവിക്കുന്നത്. ഇത്തരത്തില്‍ മുസ്‌ലിം പേരുള്ളവള്‍ ഭീകരരും തീവ്രവാദികളുമായി മുദ്രകുത്തപ്പെട്ട് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലുകളില്‍ കഴിയേണ്ടി വരുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി ബ്രസല്‍സില്‍ ചെന്ന് ഭീകരതക്ക് മതമില്ലെന്ന് പറയുമ്പോള്‍ ആ വാക്കുകളിലെ ആത്മാര്‍ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Related Articles