Current Date

Search
Close this search box.
Search
Close this search box.

മതത്തെ ആത്മീയതയില്‍ തളച്ചിടുന്നത് ആര്‍ക്കുവേണ്ടി?

kamal-pasha.jpg

മതത്തെ ആത്മീയതയുടെ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വാദമാണ് മതങ്ങളും മതവിശ്വാസികളുമാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്നുള്ളത്. അക്കൂട്ടത്തിലെ ഒരു പ്രസ്താവനയാണ് മിശ്രഭോജനത്തിന്റെയും യുക്തിവാദി പ്രസ്ഥാനത്തിന്റെയും നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞതും. മതങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ തമ്മിലെ സ്പര്‍ധകൊണ്ടു മാത്രമാണ് ഇവിടെ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ നാട്ടില്‍ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ മതങ്ങളുമായി ഒരു ബന്ധവുമില്ലാത്ത തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളുടെ പേരിലുള്ള അക്രമങ്ങളെ കൊലപാതകങ്ങളെയും കണ്ടില്ലെന്നു നടിക്കുകയല്ലേ? മതങ്ങള്‍ രാഷ്ട്രീയം ഉള്‍പ്പടെയുള്ള മറ്റ് മേഖലകളിലേക്ക് കടന്നു ചെല്ലുന്നത് ഒഴിവാക്കിയാല്‍ മതിയെന്ന പരിഹാരവും അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അവന്റെ ജീവിതത്തിന്റെ സകല മേഖലകളിലും ഇടപെടുന്നതാണ് അവന്റെ മതം എന്ന അടിസ്ഥാന വസ്തുത വിസ്മരിച്ചാണ് മുസ്‌ലിം നാമധാരികളായ ഇത്തരക്കാര്‍ പ്രസ്ഥാവനകളിറക്കുന്നത്. മദീനയുടെ ഭരണം കൂടി നടത്തിയ ഒരു പ്രവാചകനെയാണ് ചരിത്രത്തില്‍ നാം കാണുന്നത്. തുടര്‍ന്ന് ഭരണം നിര്‍വഹിച്ച ഖലീഫമാരുടെ മാതൃകകളും നമ്മുടെ മുമ്പിലുണ്ട്. മതത്തെ ആത്മീയ മേഖലയില്‍ തളച്ചിട്ടിരുന്നെങ്കില്‍ സാമ്പത്തിക ബാധ്യതയായ സകാത്ത് നിഷേധിച്ചവരോട് യുദ്ധം ചെയ്യാന്‍ ഒന്നാം ഖലീഫ അബൂബക്കറിന് സാധിക്കുമായിരുന്നില്ല. സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ത്വത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ ഇസ്‌ലാമിനെ കുറിച്ച പ്രാഥമിക ജ്ഞാനം മതി.

പൊതുവെ മതങ്ങളെല്ലാം, വിശേഷിച്ചും ഇസ്‌ലാം സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമാണ് ആഹ്വാനം നടത്തുന്നത്. അവയൊന്നും തന്റെ സഹോദരനെ കൊല്ലാനോ അവനെ അക്രമിക്കാനോ അവനെ പ്രേരിപ്പിക്കുന്നില്ല. മറിച്ച് അവനെ സ്‌നേഹിക്കാനും സാഹോദര്യത്തോടെ വര്‍ത്തിക്കാനുമാണ് കല്‍പിക്കുന്നത്. എന്നാല്‍ ഒരു മുസ്‌ലിം നാമധാരി കുറ്റകൃത്യത്തിലേര്‍പ്പെടുമ്പോള്‍ അവന്റെ വിശ്വാസം കൂടി പ്രതിക്കൂട്ടില്‍ കയറേണ്ടി വരുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നമ്മുടെ സമൂഹത്തിലുണ്ടെന്നത് അവഗണിക്കാനാവില്ല. എന്നാല്‍ അത് അയാളുടെ മതത്തിന്റെ പ്രശ്‌നമാണെന്നും മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നതെന്നുമുള്ളത് തികച്ചും ബാലിശമാണ്. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റുകാരനോ മതമില്ലാത്ത നിരീശ്വരവാദിയോ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ ആദര്‍ശവും വിശ്വാസവുമൊന്നും വാര്‍ത്തയാവുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles