Current Date

Search
Close this search box.
Search
Close this search box.

ഭൗമദിനത്തില്‍ നമ്മിലെ ആര്‍ത്തിയെ ചികിത്സിക്കാം

plant-earth.jpg

പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ലോകമൊന്നടങ്കം ഏപ്രില്‍ 22-ന് ഭൗമദിനം ആചരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം ഉദ്ദേശിച്ച് നടക്കുന്ന ജലദിനം, വന്യജീവി ദിനം, വനദിനം, ഓസോണ്‍ ദിനം, സമുദ്ര ദിനം തുടങ്ങി എത്രയോ ദിനങ്ങള്‍ വേറെയും ആചരിക്കപ്പെടുന്നു. മിക്കപ്പോഴും ഇത്തരം ദിനാചരണങ്ങള്‍ ആ ദിവസം നടക്കുന്ന റാലികളിലും ബോധവല്‍കരണ പരിപാടികളിലും ഒതുങ്ങുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ രാജ്യവും സംസ്ഥാനവും കടുത്ത ചൂടും വരള്‍ച്ചയും അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിനാണ് ഈ വര്‍ഷത്തെ ഭൗമദിനം കടന്നു പോകുന്നത്. ഒരു ഭാഗത്ത് മനുഷ്യരില്‍ ചിലരുടെ ആര്‍ത്തി കാരണമാണ് മറ്റൊരു ഭാഗത്ത് നിഷ്‌കളങ്കരായ കുട്ടികള്‍ പട്ടിണി കിടക്കേണ്ടി വരുന്നതെന്ന തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഓര്‍മപ്പെടുത്തല്‍ നിലവിലെ പശ്ചാത്തലത്തോട് നാം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രസിഡന്റ് കൊട്ടാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥികളായെത്തിയ കുട്ടികളോടുള്ള സംസാരത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. ഇന്ന് നാം ജീവിക്കുന്ന ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യരില്‍ ചിലരുടെ ആര്‍ത്തിയാണ്. ആര്‍ത്തി പിടിച്ച മനുഷ്യന്‍ ഭൂമിയെ കാര്‍ന്നു തിന്നുകയാണ്. അതിലെ കുന്നുകളും പുഴകളും കാടുകളുമെല്ലാം തന്റെ തന്നെ നിലനില്‍പിന് അനിവാര്യമാണെന്നതാണ് ആര്‍ത്തിക്ക് മുന്നില്‍ അവന്‍ മറന്നിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാറുകള്‍ പോലും ഇതിന് കൂട്ടുനില്‍ക്കുകയും അതിന്റെ കമ്മീഷന്‍ പറ്റുന്ന ഇടനിലക്കാരായി മാറുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഖകരം.

ഇന്നു നാം അനുഭവിക്കുന്ന വരള്‍ച്ചയുടെയും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും കാരണക്കാര്‍ മറ്റാരുമല്ല, മനുഷ്യരായ നാം തന്നെയാണ്. എന്നാല്‍ ചൂട് കനക്കുമ്പോള്‍ മാത്രം അതിനെ കുറിച്ച് ആലോചിക്കുകയും മരങ്ങള്‍ വെച്ചു പിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ വാചാലരാവുകയും ചെയ്യുന്നവരാണ് നാം. മുറ്റത്തെ കിണറിലെ വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ മാത്രമാണ് നാം ജലസംരക്ഷണ പാഠങ്ങള്‍ ഓര്‍ക്കുന്നത്. പരിസ്ഥിതിയുടെ സഹജമായ സന്തുലിതത്വത്തെ തകിടം മറിക്കുന്ന ഇടപെടലുകള്‍ മനുഷ്യന്‍ നടത്തുമ്പോള്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് അതുണ്ടാക്കുക. ഭൂമിയിലെ വസ്തുക്കളുടെ താല്‍ക്കാലിക വിനിയോഗവകാശം മാത്രം മനുഷ്യന് അനുവദിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങളുടെ പ്രസക്തി അവിടെയാണ്. സ്രഷ്ടാവായ ദൈവം മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി ഒരുക്കിയിട്ടുള്ളതാണ് പ്രകൃതിയിലെ ഈ വിഭവങ്ങള്‍ എന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യന് ഒരിക്കലും അവയെ ദുരുപയോഗം ചെയ്യാനോ ചൂഷണം നടത്താനോ കഴിയില്ല. തനിക്ക് അര്‍ഹതപ്പെട്ടതിനപ്പുറം താന്‍ ഉപയോഗിക്കുമ്പോള്‍ മറ്റൊരാളുടെ അവകാശമാണ് താന്‍ കവരുന്നത് എന്ന ബോധമാണ് നമുക്കുണ്ടാവേണ്ടത്. ഇങ്ങനെയൊരു അവബോധം ആളുകളിലുണ്ടാക്കാനുള്ള അവസരമായി മാറട്ടെ ഇത്തരം ദിനങ്ങള്‍ എന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles