Current Date

Search
Close this search box.
Search
Close this search box.

ബാബരി: നീതി നിഷേധത്തിന്റെ 25 വര്‍ഷങ്ങള്‍

babari.jpg

ഇന്ത്യന്‍ മതേതരത്വത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കടയ്ക്കല്‍ കത്തി വച്ച ആ ദിനത്തിന് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്. 1992 ഡിസംബര്‍ ആറിലെ സായാഹ്നം ഏതൊരു ഇന്ത്യന്‍ പൗരനും ഒര്‍ക്കാന്‍ മടിക്കുന്ന ദിനം തന്നെയാണ്.
സംഘടിച്ചെത്തിത്തിയ ലക്ഷക്കണക്കിന് കര്‍സേവകര്‍ ബാബരിയുടെ ഓരോ തൂണും തകര്‍ത്തെറിയുമ്പോള്‍ രാജ്യത്ത് മറ്റൊരു കലാപത്തിന് തുടക്കമിടുകയായിരുന്നു അതിലൂടെ സംഘ്പരിവാര്‍ ശക്തികള്‍.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്ന് പറഞ്ഞ് വര്‍ഗ്ഗീയ വിഷം ചീറ്റിയാണ് ഹിന്ദുത്വ തീവ്രവാദികള്‍ പള്ളി പൊളിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തത്. നേതാക്കളുടെ പ്രസംഗങ്ങളില്‍ ആവേശം പൂണ്ട് ലക്ഷക്കണക്കിന് കര്‍സേവകരാണ് അയോധ്യയിലേക്ക് ഒഴുകിയെത്തിയത്. ബി.ജെ.പി-വി.എച്ച്.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിന്റെ ഉറച്ച പിന്തുണയോടെയാണ് കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ ഓടിക്കൂടിയത്. പള്ളിക്കു ചുറ്റും കനത്ത സുരക്ഷയൊരുക്കിയ ഉത്തര്‍പ്രദേശ് പൊലിസിന്റെ സാന്നിധ്യത്തിലാണ് ബാബരിയുടെ താഴികക്കുടങ്ങള്‍ തച്ചുടച്ചത്.

പിന്നീടിങ്ങോട്ട് ബാബരി മസ്ജിദ് തകര്‍ച്ചക്ക് മുന്‍പും ശേഷവും എന്ന തലത്തിലേക്ക് ഇന്ത്യന്‍ ചരിത്രം മാറി. 1992നു ശേഷം ഇന്ത്യയില്‍ അരങ്ങേറിയ വ്യാപക വര്‍ഗീയ കലാപങ്ങള്‍ക്ക് ഒരളവോളം പള്ളിയുടെ തകര്‍ച്ച കാരണമായി എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ഹിന്ദുത്വ വര്‍ഗീയ വാദികള്‍ പള്ളി തകര്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടും അതു തടയാനോ അതിനെതിരേ നടപടിയെടുക്കാനോ കഴിയാതെ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. പള്ളി സംരക്ഷിക്കുമെന്നും പിന്നീട് പള്ളി തകര്‍ക്കപ്പെട്ടതിനു ശേഷം അവിടെ പള്ളി പുനര്‍നിര്‍മിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ വാക്കും പാലിക്കപ്പെട്ടില്ല.
.
ബാബരി നിലനിന്നിരുന്ന സ്ഥലം മൂന്നായി വീതിക്കാനാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഉത്തരവിട്ടത്. രാം ലല്ല,നിര്‍മോഹി അഖാഢ,സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കാനായിരുന്നു വിധി. എന്നാല്‍ ഈ വിധിക്കെതിരേ നിരവധി അപ്പീലുകളാണ് സുപ്രിം കോടതിയില്‍ നല്‍കിയത്. അതിന്റെ തുടര്‍നടപടികള്‍ നടന്നു വരുന്നതിനിടെയാണ് ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികം കടന്നു വരുന്നത്.

ഏറ്റവും ഒടുവിലായി ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ സുപ്രിം കോടതി 2018 ഫെബ്രുവരി എട്ടിലേക്ക് മാറ്റി വച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അന്തിമ വാദം ആരംഭിച്ചാല്‍ മതിയെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി തള്ളിയാണ് സുപ്രിംകോടതിയുടെ തീരുമാനം.

ബാബരി തകര്‍ച്ചക്ക് കാരണക്കാരയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ അറസ്റ്റു ചെയ്യാനോ സാധിച്ചില്ലെന്നു മാത്രമല്ല അവരില്‍ ഓരോരുത്തരും ഇന്ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്നു എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അതിനാല്‍ തന്നെ, വരും നാളുകളിലും ഇന്ത്യന്‍ ജനതക്ക് ബാബരി വിഷയത്തില്‍ എത്ര അളവോളം നീതി ലഭിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ബാബരി വിഷയത്തില്‍ നീതിയെന്ന സ്വപ്‌നം പുലരുമോ എന്നാണ് ഇന്ത്യന്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഉറ്റുനോക്കുന്നത്.

 

 

 

Related Articles